Wednesday, September 24, 2008

ഇവരുടെ തലയില്‍ ഇടിത്തീ വീണെങ്കില്‍!


ഇന്നത്തെ ദീപികേല്‍ കണ്ട ഒരു വാര്‍ത്തയാണ്. ഇതില്‍ പറഞ്ഞേക്കുന്നതെല്ലാം ശരിയാണെങ്കില്‍ ഈ എസ്.എഫ്.ഐക്കാരെ എന്താ ചെയ്യേണ്ടത്?


അന്‍ഷാദ് ഏതു പാര്‍ട്ടിക്കാരനും ഏതു മതത്തില്‍പെട്ടയാളുമായിക്കൊള്ളട്ടെ. അയാള്‍ എത്ര വലിയ കടുംകൈ ചെയ്തവനുമായിക്കൊള്ളട്ടെ. ഇങ്ങനെയാണോ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത്?


ഇടിത്തീ എന്നൊന്നുണ്ടെങ്കില്‍ അത് വേറെ ആരുടെ തലയിലാണ് വീഴേണ്ടത്?

വാര്‍ത്തേടെ ലിങ്ക് ഇവിടെ

Friday, September 12, 2008

കെ.പി. മോഹനന്‍ വെറുപ്പിക്കല്‍ രാജാവ്

മാന്യമഹാജനങ്ങളേ...
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഞാന്‍ ഇവിടെ ഒരു എടപാട് നടത്തുന്നൊണ്ടാരുന്നു.

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ ഏറ്റവുമധികം പരീക്ഷിക്കുന്ന അവതാരകരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേ.

അടിച്ചു പൂസായി ജീപ്പോടിച്ച ഒരു അച്ചായന്‍റെ കാരുണ്യമാണ് എന്നെ ഈ സര്‍വേയില്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് നേരത്തെ പറഞ്ഞല്ലോ. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നല്ലേ പറയാറ്. വീട്ടിലെപ്പോലെതന്നെ ബ്ലോഗിലുമായി കൊറേപ്പേര് കാണാന്‍ വന്നു എന്നതാണ് അപകടംകൊണ്ടുണ്ടായ നല്ലത്.

ചെറിയൊരു പട്ടികയുമായാണ് സര്‍വേ തൊടങ്ങിയത്. പിന്നെ ഇതിലേ വന്നവര്‍ നിര്‍ദേശിച്ചവരെയും പട്ടികേല്‍ ഉള്‍പ്പെടുത്തി. അങ്ങനെ മത്സരാര്‍ത്ഥികളുടെ എണ്ണം 14 ആയി. ഇന്ന്, അതായത് സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ സമയം രാത്രി 12ന് സര്‍വേ അവസാനിപ്പിച്ചു.

അനോനികള്‍ ഉള്‍പ്പെടെ 67 പേരാണ് കമന്‍റിട്ടത്. അതില്‍ വോട്ടു ചെയ്യാത്ത ചിലരുമുണ്ട്. അനോനികളുടെ വോട്ടുകള്‍ എണ്ണീട്ടില്ല. പിന്നെ ചിലര്‍ ഒരേ വ്യക്തിക്ക് രണ്ടും ഒരുകെട്ടും നൂറും ആയിരവുമൊക്കെ വോട്ടു ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ ഒരു വോട്ടായി മാത്രമേ എണ്ണീട്ടൊള്ളു. മൂന്നില്‍ താഴെ വോട്ടുകള്‍ മാത്രം കിട്ടിയവരെ ഒഴിവാക്കിയപ്പം അവസാന പട്ടികേല് ഒന്പതു പേര് അവശേഷിച്ചു.

പോസ്റ്റ് സന്ദര്‍ശിക്കുകേം അഭിപ്രായം കുറിക്കുകേം വോട്ടുചെയ്യുകേം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകേം ചെയ്ത എല്ലാവര്‍ക്കും നന്ദി.

അപ്പം ഇനി ഫലപ്രഖ്യാപനം.

സര്‍വേയുടെ തുടക്കം മുതല്‍ മുന്നിട്ടു നിന്നിരുന്നത് ഏഷ്യാനെറ്റിലെ കണ്‍വെട്ടം അവതാരകന്‍. കെ.പി. മോഹനനാണ്. ഏഷ്യാനെറ്റിലേതന്നെ ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരകയായ രഞ്ജിനി ഹരിദാസ് ഒരുവേളെ അദ്ദേഹത്തിന് വെല്ലുവിളിക്ക് സാധ്യത ഉയര്‍ത്തിയെങ്കിലും മോഹനന്‍ വള്ളപ്പാടുകളുടെ വ്യത്യാസത്തില്‍ ഫിനിഷിംഗ് ലൈന്‍ കടന്നു.


33 പേരുടെ പിന്തുണ നേടിയ കെ.പി. മോഹനന്‍തന്നെയാണ് ഈ സര്‍വേയില്‍ വെറുപ്പിക്കല്‍ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.


കെ.പി.മോഹനന്‍

(കടപ്പാട്-ഏഷ്യാനെറ്റ് ഗ്ലോബല്‍ ഡോട്കോം)

റിയാലിറ്റി ഷോകളിലേതു പോലെ കനപ്പെട്ട സമ്മാനങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. പക്ഷെ, ഈ സര്‍വേയുടെ വിവരങ്ങള്‍ പരമാവധി ആളുകളെ അറിയിച്ച് അദ്ദേഹത്തിന്‍റെ പ്രശസ്തിക്ക് മാറ്റുകൂട്ടാന്‍ ശ്രമിക്കുന്നതായിരിക്കും. അതിന് എല്ലാവരുടെയും സഹകരണം അപേക്ഷിക്കുന്നു.

19 പേരുടെ പിന്തുണയുമായി മുന്‍ മിസ് കേരള രഞ്ജിനി ഹരിദാസ് ഇവിടെ ഫസ്റ്റ് റണ്ണറപ്പായി. അമൃതാ ടെലവിഷനിലെ നാടകമേ ഉലകം എന്ന പരിപാടി അവതരിപ്പിക്കുന്ന സന്തോഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് ഏഴു വോട്ടു ലഭിച്ചു.

വോട്ടിംഗ് നില

1. കെ.പി. മോഹനന്‍

(കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌) -33

2. രഞ്‌ജിനി ഹരിദാസ്‌

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -19

3. സന്തോഷ്‌ കുമാര്‍

(നാടകമേ ഉലകം, അമൃത ടീവി) -7

4. ശരത്‌

( സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌,എല്ലാരും പാടണ്‌, കൈരളി) -6

5. സന്തോഷ് പാലി(കൈരളി) -6

6. കെ.എസ്. പ്രസാദ്

(കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) -5

7. ശരത്

( ന്യൂസ് റീഡര്‍ കൈരളി) -3

8. എം.ജി. ശ്രീകുമാര്‍

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -3

9. സിന്ധു സൂര്യകുമാര്‍

(കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) -3

Thursday, September 11, 2008

അഭിപ്രായ സര്‍വേക്ക് കൊട്ടിക്കലാശം

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരെ വട്ടാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേക്ക് തിരുവോണ ദിവസമായ നാളെ കൊട്ടിക്കലാശം.

ഈ മാസം നാലിന് സര്‍വേ തുടങ്ങിയപ്പം മുതല്‍ വ്യക്തമായ ലീഡോടെ മുന്നിട്ടു നിന്നിരുന്ന ഏഷ്യാനെറ്റിലെ കണ്‍വെട്ടം അവതാരകന്‍ കെ.പി. മോഹവന്‍തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 32 വോട്ടു നേടിയ മോഹനനു പിന്നില്‍ 19 വോട്ടുമായി ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്ന രഞ്ജിനി ഹരിദാസാണ്. സന്തോഷ് കുമാര്‍(നാടമേ ഉലകം, അമൃതാ ടീവി)-7, ശരത്(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്),സന്തോഷ് പാലി(കൈരളി)-6
എന്നിവരാണ് മൂന്നാം സ്ഥാനത്ത്.

ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് ഓണനാളില്‍ ഒരു വോട്ടു ചെയ്യണമെന്നുണ്ടെങ്കല്‍ ദേ ഇതിലേ വന്നുപോകാം
അനോനികളുടെ വോട്ടുകള്‍ എണ്ണിയിട്ടില്ല. ഇനിയും എണ്ണുന്നതല്ല.

Saturday, September 6, 2008

കെ.പി. മോഹനനും രഞ്ജിനി ഹരിദാസും തമ്മില്‍ അങ്കം മുറുകുന്നു

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്താനുള്ള
വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഏഷ്യൈനെറ്റ് ന്യൂസിലെ കണ്‍വെട്ടത്തിന്‍റെ അവതരാകന്‍ കെ.പി. മോഹനും സ്റ്റാര്‍ സിംഗര്‍ അവതാരക രഞ്ജിനി ഹരിദാസും തമ്മിലുള്ള മത്സരം മുറുകി.

ആദ്യ ഘട്ട വോട്ടെടുപ്പില്‍ മോഹനന്‍ വള്ളപ്പാടുകള്‍ക്ക് മുന്നിലായിരുന്നെങ്കില്‍ ഇന്ന് കൂടുതല്‍ വോട്ടു നേടി രഞ്ജിനി ശക്തമായ മുന്നേറ്റം നടത്തി. എങ്കിലും ഇപ്പോഴും മോഹനന്‍ തന്നെയാണ് മുന്നില്‍ .

ആദ്യം ആറു പേര്‍ മാത്രമാണ് പട്ടികയില്‍ ഉണ്ടായിരുന്നതെങ്കിലും വായനക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ വെറുപ്പിക്കലിന്‍റെ ആശാന്‍മാരായി മാറാന്‍ മത്സരിക്കുന്നവരുടെ എണ്ണം 13 ആയി.

എം.ജി. ശ്രീകുമാര്‍(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ് ന്യൂസ്), സിന്ധു സൂര്യകുമാര്‍(കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) ശ്രീകണ്ഠന്‍ നായര്‍(നമ്മള്‍തമ്മില്‍, ഏഷ്യാനെറ്റ്)ശരത്( ന്യൂസ് റീഡര്‍ കൈരളി), കെ.എസ്. പ്രസാദ്(കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) എന്നിവരാണ് ഏറ്റവുമൊടുവില്‍ പട്ടികയില്‍ ഇടം നേടിയത്.

ദേ ഇതിലേക്കൂടി ഒന്നു കേറിയാ വോട്ട് ചെയ്തേച്ചു പോകാം.

Friday, September 5, 2008

വെറുപ്പിക്കല്‍ രാജാവ്-കെ.പി. മോഹനന്‍ മുന്നില്‍

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേയുടെ ആദ്യ റൗണ്ടില്‍ ഏഷ്യാനെറ്റില്‍ കണ്‍വെട്ടം അവതരിപ്പിക്കുന്ന കെ.പി. മോഹനന്‍ വള്ളപ്പാടിന് മുന്നില്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരക ര‍ഞ്ജിനി ഹരിദാസാണ് രണ്ടാമത്.
ദേ ഇതിലേക്കൂടി ഒന്നു കേറിയാ വോട്ട് ചെയ്യാം.

Thursday, September 4, 2008

ചാനലുകളിലെ വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി- റിയാലിറ്റി സര്‍വേ

ഇതിലേ ഒന്നു കേറീട്ട്‌ കൊറേക്കാലമായി. വരാമ്പറ്റുന്ന അവസ്ഥേലല്ലാരുന്നു. ചെറിയൊരു ആക്‌സിഡന്‍റ്, എന്നുവെച്ചാല്‍ കെട്ടിയോന്‍റെ കൂടെ പച്ചക്കറി വാങ്ങാന്‍ കാറിക്കേറിപ്പോയ ഞാന്‍ ഒരാഴ്‌ച്ച കഴിഞ്ഞ്‌ സ്‌ട്രെക്‌ചറീക്കെടെന്നാ തിരിച്ചെത്തിയെ.

കടേടെ മുന്നില്‌ കാര്‍ നിര്‍ത്തിയപ്പം ഡോര്‍ തുറന്ന് ‌പുറത്തിറങ്ങി നിന്നതും പിന്നീന്ന്‌ പാഞ്ഞുവന്ന ജീപ്പിടിച്ച്‌ വീണതും ഒന്നിച്ച്‌. ജീവന്‍ മിച്ചം കിട്ടിയെങ്കിലും ശരീരം പരിക്കുകളാല്‍ സമ്പന്നം. ഒരു കാല്‌ ഒടിഞ്ഞു. ജീപ്പോടിച്ചിരുന്ന അച്ചായന്‍ അല്‍പ്പം വീശീരുന്നു. പാവത്തിന്‌ ബ്രേക്കും ആക്‌സിലേറ്ററും മാറിയപ്പോയതാ.

ഏതായാലും ഒരാഴ്‌ച്ച ആശൂത്രിലും പിന്നെ കൊറെ ആഴ്‌ച്ചകള്‍ വീട്ടിലും നീണ്ടു നിവര്‍ന്ന്‌ അങ്ങനെ കെടന്നു. അതിനെടേല്‌ എങ്ങനെ ബ്ലോഗും?. ആകെ ശരണം ടീവീം ആനുകാലികങ്ങളും കൊറെ പുസ്‌തകങ്ങളും.

ഒള്ളതു പറഞ്ഞാ മലയാളം ടെലിവിഷന്‍ ചാനലുകളുടെ തനിനിറം ശെരിക്കും മനസിലാക്കിയത്‌ ഈ കാലയളവിലാണ്‌. ദിവസത്തില്‍ പകുതീമുക്കാല്‍ സമയോം ടീവിക്കു മുന്നില്‍ കുത്തിയിരിക്കുന്നോരെ സമ്മതിക്കാതെ വയ്യ.

ഒരുവശത്ത്‌ റിയാലിറ്റി ഷോകളുടെ ബഹളം. മറുഭാഗത്ത്‌ ജനപ്രിയമെന്ന്‌ ചാനലുകാര്‍തന്നെ വീമ്പിളക്കുന്ന പരമ്പരകളുടെ കയ്യാങ്കളി. തോമാശ്ലീഹായും അന്തോണീസു പുണ്യാളനും വേളാങ്കണ്ണി മാതാവും അല്‍ഫോന്‍സാമ്മേം കുട്ടിച്ചാത്തനും ശ്രീകൃഷ്‌ണനും ഗുരുവായൂരപ്പനും ഗുരുവായൂര്‍ കേശവനുമൊക്കെ ഈ സീരിയലുകളില്ലാരുന്നേല്‍ ചുറ്റിപ്പോയേനെ. ഭൂരിഭാഗം ചാനലുകളിലും സൂപ്പര്‍ ഹിറ്റെന്നു പറഞ്ഞ്‌ കാണിക്കുന്ന സിനിമകള്‍ എത്രാം തവണയാണ്‌ ആവര്‍ത്തിക്കുന്നതെന്ന്‌ അവര്‍ക്കുപോലും അറിയില്ല.

വാര്‍ത്തകളുടെ കാര്യം പറയാതിരിക്കുകയാ ഭേദം. പല വാര്‍ത്ത വായനക്കാരേം സി.ബി.ഐയില്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവര്‌ എപ്പ വിളിച്ചാലും ചോദ്യത്തിന്‌ മറുപടി പറായനിരിക്കുന്ന കൊറെ നിലയ വിദ്വാന്‍മാരുമൊണ്ട്‌. ഇതിനൊക്കെപ്പൊറമെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു ലോഡ്‌ പരിപാടികള്‍ വേറെയും.

ഇതൊക്കെ കണ്ടപ്പം എനിക്കൊരു പൂതി. ഒരു റിയാലിറ്റി സര്‍വേ നടത്തിയാലോന്ന്‌. എന്നുവെച്ചാല്‍ മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താന്‍ ഒരു അഭിപ്രായ സര്‍വെ.

ആരുടേം സംഗതി നോക്കുന്നില്ല. എസ്‌.എം.എസ്‌ വോട്ടിംഗും ഇല്ല. കോടിക്കണക്കിനു രൂപേടെ സമ്മാനോം കൊടുക്കാനില്ല. എന്നാലും മൊത്തത്തിലുള്ള അഭിപ്രായം വെച്ചിട്ട്‌ പ്രേക്ഷകരെ ഏറ്റവുമധികം വെറുപ്പിക്കുന്നത്‌ ആരാന്ന്‌ അറിയാവല്ലോ. ഹും! ജീപ്പിന്‍റടീപ്പോയിട്ടും പഠിച്ചില്ല; ഇവളെയൊക്കെ ലോറിയാരുന്നു ഇടിക്കേണ്ടത്‌ എന്നൊന്നും പ്രാകിയേക്കല്ലേ.

ഇത്രേം ദിവസം ടീവി കണ്ടതില്‍നിന്നും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവരെന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ള ഏതാനും പേരുടെ പട്ടികയാണ്‌ ഇവിടെ ചേര്‍ക്കുന്നത്‌. പലര്‍ക്കും അഭിപ്രായ വ്യത്യാസമൊണ്ടാകും. എന്‍റെ കണ്ണിപ്പെടാത്തോര്‌ ഉള്‍പ്പെടെ വേറെ ചെലരെക്കൂടി പട്ടികയില്‍ ചേര്‍ക്കണമെന്നു പറയുന്നോരുമുണ്ടുകും. അങ്ങനെയുണ്ടെങ്കില്‍ അത്‌ കമന്‍റില്‍ ഇട്ടാല്‍ അവര്‍ക്കും പ്രമോഷന്‍ കൊടുക്കാം.

ഓരോ കമന്‍റും ഒരു വോട്ടായി പരിഗണിക്കും. ഏറ്റവുമധികം വോട്ടു നേടുന്നയാളെ വെറുപ്പിക്കല്‍ രാജാവ് അഥവാ രാജ്ഞിയായി തെരഞ്ഞെടുക്കും. ഒരു വോട്ടര്‍ക്ക് ഈ പട്ടികയിലുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടു ചെയ്യാം. പക്ഷെ ഒരാള്‍ക്കു വേണ്ടി ഒരു വോട്ടു മാത്രം.


വെറുപ്പിക്കല്‍ രാജാവ്/ രാജ്ഞി
(പേര്‌, പരിപാടി,ചാനല്‍, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍)

1. കെ.പി. മോഹനന്‍
(കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌) -33

2. രഞ്‌ജിനി ഹരിദാസ്‌

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -19

3. സന്തോഷ്‌ കുമാര്‍ (നാടകമേ ഉലകം, അമൃത ടീവി) -7


4. ശരത്‌ ( സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌,
എല്ലാരും പാടണ്‌, കൈരളി) -6

5. സന്തോഷ് പാലി(കൈരളി) -6

6. കെ.എസ്. പ്രസാദ് (കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) -5

7. ശരത്( ന്യൂസ് റീഡര്‍ കൈരളി) -3

8. എം.ജി. ശ്രീകുമാര്‍
(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -3

9. സിന്ധു സൂര്യകുമാര്‍ (കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) -3

10. ഉഷ ഉതുപ്പ്‌ (സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -2


11. ഭാസുരേന്ദ്രബാബു
( വാര്‍ത്താവിചാരം, കൈരളി പീപ്പിള്‍) -2

12. ശ്രീകണ്ഠന്‍ നായര്‍
(നമ്മള്‍ തമ്മില്‍, ഏഷ്യാനെറ്റ്) -2
13. ഔസേപ്പച്ചന്‍ -2

14. രാജേഷ് (സ്റ്റാര്‍ ഉത്സവ്, ഏഷ്യാനെറ്റ് പ്ലസ്) -1




(സെപ്റ്റംബര്‍ 12ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള വോട്ടിംഗ് നില)
..........................................

Tuesday, June 3, 2008

ബൂലോകത്തെ ഇടതന്‍മാര് വായിക്കാന്‍

മൂലമ്പിള്ളീലെ അമ്മമാരുടെ വിലാപം ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ നെഞ്ചു പിടഞ്ഞു. വികസനത്തിന്‍റെ പേരില്‍ തെരുവിലേക്ക്‌ വലിച്ചെറിയപ്പെട്ട പാവങ്ങളുടെ കണ്ണീര്‌ ഉറക്കം കെടുത്തിയപ്പോള്‍ അവരെ നേരില്‍ കാണണമെന്നു തോന്നി.

മൂന്നാം ദിവസം ഉച്ചയോടെ മൂലമ്പള്ളീലെത്തിയപ്പോള്‍ ടലിവിഷനില്‍ കണ്ടതിനേക്കാള്‍ ദയനീയമാണ്‌ അവിടെ താമസിച്ചിരുന്ന പാവങ്ങളുടെ സ്ഥിതിയെന്ന്‌ മനസിലായി. അവരില്‍ പലരും എറണാകുളത്ത്‌ സമരപ്പന്തലിലായിരുന്നു.

പാവങ്ങളുടെ രക്ഷകരെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടിടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‌ പാവങ്ങളുടെ മേക്കിട്ടു കേറുന്നതിന്‍റെ ഉദാഹരണങ്ങളിലൊന്നാണ് മൂലമ്പിള്ളി.
നമ്മളു കൊയ്യും വയലെല്ലാം നമ്മടെതാകും പൈങ്കിളിയേ എന്ന പാട്ട്‌ നമ്മളു കാട്ടും നെറികേടെല്ലാം നന്‍മയാണു സഖാക്കളേ എന്ന്‌ തിരുത്തീരിക്കുവല്ലേ.

ഇതേ പാട്ട്‌ ഏറ്റുപാടി എല്ലാ നെറികേടുകള്‍ക്കും ഓശാന പാടുന്ന കേരളത്തിലെ സാംസ്‌കാരിക പുണ്യാളന്‍മാര്‍ മൂലമ്പിള്ളിക്കാരുടെ വിലാപം കേക്കാതിരുന്നതില്‍ അത്ഭുതമില്ല. നന്ദിഗ്രാമിലെ കൂട്ടക്കുരിതിയില്‍ മൗനം പാലിക്കാനും ഒളിന്പിക്‌സിന്‌ ഇങ്കുലാബ്‌ വിളിച്ച് സമ്മേളനം നടത്താനും ദലൈലാമയും കൂട്ടരും ചൈനേടെ പരമാധികാരത്തെ ചോദ്യം ചെയ്യുവാണെന്ന്‌ വിളിച്ചുകൂവാനും ചങ്കൂറ്റം കാട്ടിയോരുടെ കൂട്ടത്തില്‍ അവരും ഉണ്ടാരുന്നല്ലോ.

നന്ദിഗ്രാം പ്രശ്‌നത്തില്‍ ശക്തമായ നിലപാടെടുത്ത ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവി മൂലമ്പള്ളിക്കാരുടെ ദുരിതങ്ങള്‍ നേരിട്ടറിയാനെത്തിയപ്പോള്‍ അവരുടെ മേക്കിട്ടുകേറാന്‍ സാംസ്‌കാരിക കേരളം മത്സരിക്കുവല്ലാരുന്നോ. തൊട്ടതിനും പിടിച്ചതിനുമെല്ലാം പോസ്‌റ്റുകളിടുന്ന ബൂലോകത്തെ പല കാരണവന്‍മാരും മൂലമ്പിള്ളിയെയും മഹാശ്വേതാ ദേവിയേം കണ്ടില്ലെന്നു നടിച്ചു. പാര്‍ട്ടി എന്തു ചെയ്താലും അതിനെ പിന്താങ്ങുന്നത പതിവ് ഉപേക്ഷിച്ച് തെറ്റു തെറ്റാന്നു പറായാന്‍ ഇടതു സാസംകാരിക പ്രവര്‍ത്തകരും ബുജികളും തയാറാകുന്ന ഒരു കാലമുണ്ടാകുമോ?

ഇന്നു രാവിലെ അവിചാരിതമായി മാധ്യമം പത്രം കണ്ടു. അതിന്റെ ഫീച്ചര്‍ പേജില്‍ സി.ആര്‍. നീലകണ്‌ഠന്‍ എഴുതിയ ലേഖനം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്‌ കുറഞ്ഞപക്ഷം ബൂലോകത്തെ ഇടതു ബുജികളെങ്കിലും വായിക്കുന്നത്‌ നല്ലതാരിക്കുമെന്നു തോന്നി. അതുകൊണ്ട്‌
ദേ ഇവിടെ ഇടുന്നു. പ്രതികരിച്ചില്ലേല്ലും കൊഴപ്പമില്ല. ഇതൊന്നു വായിച്ചാ മതി.

Friday, May 30, 2008

മാധ്യമങ്ങള്‍ക്ക് ആരു മണി കെട്ടും?

``ഇവമ്മാരു തന്നെയാ ഈ കള്ളമ്മാരെ ഇതുവരെ പൊക്കിക്കോണ്ടു നടന്നേ. എന്നിട്ടിപ്പം നാടു നന്നാക്കാനെറങ്ങീരിക്കുന്നു''

കുറെ ദിവസങ്ങളായി ആള്‍ദൈവ വാര്‍ത്തകള്‍ ആഘോഷിക്കുന്ന പത്രങ്ങളെക്കുറിച്ചും ചാനലുകളെക്കുറിച്ചും എന്‍പ്പന്‍ പറഞ്ഞ കമന്‍റാണിത്‌.

ആലോചിച്ചപ്പം എനിക്കും തോന്നി സംഗതി ശരിയാണല്ലോന്ന്‌. കേരളത്തിലെ പ്രധാന ആള്‍ദൈവങ്ങളുടെയും സുവിശേഷകരുടെയും ചാത്തന്‍ സേവക്കാരുടെയും പ്രചാരണ പരിപാടികളുടെ വാര്‍ത്തേം പടോം പരസ്യോം കൊടുക്കാത്ത പത്രങ്ങളും ചാനലുകളും എത്രയെണ്ണമുണ്ട്? ഏതെങ്കിലും തട്ടിപ്പിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കാത്ത മാധ്യമ സ്ഥാപനമുണ്ടോ?

ഇനി ഇത്തരത്തിലുള്ള ഒരാളുമായി ബന്ധപ്പെട്ട വാര്‍ത്തേം പരസ്യോം ഞങ്ങളു കൊടുക്കത്തില്ല എന്നു പറയുന്നോര്‍ക്ക് പരസ്യം കിട്ടാത്തതു തന്നെയാണ് കാരണമെന്ന് മനസിലാക്കാന്‍ അധികം തല പൊകക്കണോ? തട്ടിപ്പുകാരുടെ തനി നെറം അറിയാതെയാണ് വാര്‍ത്തേം പരസ്യോം കൊടുത്തതെന്ന് ന്യായീകരണം പറയുന്ന മാധ്യമ മൊതലാളിമാരും തൊഴിലാളികളുമൊണ്ടാകും.

ഒരു വാരികേല്‌ സന്തോഷ്‌ മാധവനെക്കുറിച്ചുള്ള പച്ചപ്പരമാര്‍ത്ഥങ്ങള് ആദ്യമായി അച്ചടിച്ചു വന്നതിന്‍റെ പിറ്റേന്ന്‌ ഏഷ്യാനെറ്റും മനോരമ ന്യൂസും അദ്ദേഹം പുണ്യാളച്ചനാണെന്ന് സ്ഥാപിക്കാന്‍ പെടാപ്പാടു പെടുന്നതു നമ്മളു കണ്ടതല്ലേ.

ഒരു ആള്‍ദൈവത്തെയും സുവിശേഷകനെയും പേരെടുത്തു പറഞ്ഞ് തെറികേക്കാനും തല്ലുകൊള്ളാനും ഈയുള്ളവര്‍ക്ക് ഉദ്ദേശമില്ല. എന്നാലും നിങ്ങളൊക്കെ വെറുതേയിരിക്കുന്പോള്‍ ഒന്നു ഫ്ലാഷ്ബാക്കി നോക്ക്. ഇത്തരക്കാരെ വളര്‍ത്തുന്നതില്‍ ആദര്‍ശധീരതക്കും സത്യസന്ധതക്കും പുതിയ പര്യായ പദങ്ങളൊണ്ടാക്കി സ്വയം അണിയുന്ന പത്രങ്ങളും ചാനലുകളും വഹിച്ച പങ്ക് അറിയാന്പറ്റും.

എന്തിനേറെപ്പറയണം, കേരളത്തില്‍ തൊഴില്‍ തട്ടിപ്പ് നടത്തീട്ടൊള്ളോരില്‍ ഭൂരിഭാഗവും ഇരകളെ കണ്ടെത്തീട്ടൊള്ളത് പത്രപ്പരസ്യങ്ങളിലൂടെയല്ലേ? ആട്, തേക്ക്, മാഞ്ചിയം ഉള്‍പ്പെടെയുള്ള വന്‍കിട തട്ടിപ്പുകാര്‍ ആളെപ്പിടിച്ചത് എങ്ങനെയാണ്? പരസ്യം അച്ചടിക്കാന്‍ കാശുവാങ്ങി പെട്ടീലിടുന്പോള്‍ പരസ്യത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശമൊണ്ടോ എന്ന് അന്വേഷിക്കാന്‍ സത്യാന്വേഷകരെന്ന് അവകാശപ്പെടുന്നോര്‍ക്ക് ഉത്തരവാദിത്വമില്ലേ? അവിടെ നേരു ചെകയാന്‍ പോയാല്‍ വരുമാനം കൊറയും. (
പണ്ട്, എന്നുവെച്ചാല്‍ ഫാരിസൊക്കെ വരുന്നേന് വളരെ മുന്പ് അതിരന്പുഴപ്പള്ളി പെരുന്നാളിനോടനുബന്ധിച്ച് സമീപത്തെ ഒരു തീയറ്ററില്‍ എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ രാത്രി പ്രത്യേകമായി രണ്ടു തവണ പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച കൊച്ചു പരസ്യം ദീപീകേല് വന്നത് ഇവിടെ ഓര്‍ക്കുന്നത് തെറ്റാണോന്നറിയത്തില്ല)

നമ്മുടെ പത്രങ്ങളുടേം ചാനലുകളുടേം പരസ്യ വരുമാനത്തില്‍ ആള്‍ദൈവങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ചാത്തന്‍ സേവക്കാരുടെയും മറ്റു തട്ടിപ്പാകാരുടെയും വിഹിതമെത്രയെന്ന്‌ ആലോചിച്ചു നോക്കീട്ടൊണ്ടോ? ഈ പരസ്യവരുമാനം കൊണ്ടു മാത്രം നമ്മളൊക്കെ അറിയേണ്ടിയിരുന്ന എത്ര വാര്‍ത്തകള്‍ മുങ്ങിപ്പോയിക്കാണും?

ഇപ്പോള്‍ പിന്നെ പത്രങ്ങളും ചാനലുകളും തമ്മില്‍ തമ്മിലൊള്ള മത്സരം കൊണ്ടാണ് കുറെക്കാര്യങ്ങളെങ്കിലും പുറത്തു വരുന്നതെന്ന് എന്‍റെ പൊട്ട ബുദ്ധീല് തോന്നുന്നു. പുതിയ പുതിയ ആള്‍ദൈവങ്ങളേം സിദ്ധന്‍മാരേം കണ്ടെത്താന്‍ ഇപ്പം നടക്കുന്ന മത്സരോം ഇതിന്‍റെ ഭാഗമല്ലേ? (
ശരിക്കും പറഞ്ഞാ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിതി നമ്മള് പല സിനിമേലും കണ്ടിട്ടൊള്ളതിലും കഷ്ടമാന്നാ എന്‍റെ ബന്ധുവായ ഒരു പത്രപ്രവര്‍ത്തകന്‍ പറ‍ഞ്ഞെ. വളച്ചാ വളയുന്ന മൊതലാളിമാരും പത്രപ്രവര്‍ത്തകരും ഏറെയുണ്ടത്രേ?. വളവിന്‍റെ അളവ് പാരിതോഷികത്തിന്‍റെ മൂല്യത്തെ ആശ്രയിച്ചിരിക്കും)

എന്‍റഭിപ്രായത്തീപ്പറഞ്ഞാ സിദ്ധന്‍മാരേക്കാളും ആള്‍ദൈവങ്ങളേക്കാളും ജനങ്ങളെ പറ്റിക്കുന്നത് ചാനലുകള്‍ തന്നെയാണ്. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് റിയാലിറ്റി ഷോകള്‍. പാട്ടോ ആട്ടമോ എന്തു പേക്കൂത്തായാലും വിജയിയെ തീരുമാനിക്കാന്‍ എസ്.എം. എസ് വോട്ടിംഗ് നടത്തും. വെടിവെക്കുകേം തല്ലിക്കൊല്ലുകേം ഒന്നിച്ചു ചെയ്യുന്ന പോലെ വിധികര്‍ത്താക്കളായി കുറേപ്പേരെയും ഇരുത്തും. എല്ലാത്തിനേം വിമര്‍ശിക്കുന്ന നമ്മടെ നടന്‍ തിലകന്‍ ചേട്ടന്‍ പോലും ഇപ്പം വിധികര്‍ത്താവാണ്.

വിജയികളെ വിധകര്‍ത്താക്കള്‍ക്ക് തീരുമാനിച്ചാപ്പോരേ എന്നത് ഇതിനോടകം പലരും ചോദിച്ച ചോദ്യവാണ്. അങ്ങനെ അവരു തീരുമാനിച്ചാ ചാനലുകളിലേക്ക് ലക്ഷക്കണക്കിന് രൂപ എങ്ങനെ ഒഴുകിവരും? കുടുംബം പോറ്റാന്‍ ഗള്‍ഫിലും ദല്‍ഹീലും എന്തിന് കൊച്ചീലും കോട്ടയത്തുമൊക്കെ വിയര്‍പ്പൊഴുക്കുന്നോര് വീട്ടിക്കൊടുക്കേണ്ട കാശോ ഭക്ഷണം കഴിക്കേണ്ട കാശോ മിച്ചം വെച്ച് ഇഷ്ട താരത്തെ വിജയിപ്പിക്കാന്‍ വാശിക്ക് എസ്.എം.എസ് വിടും.

ചാനല്‍ ആപ്പീസിലേക്ക് ലക്ഷക്കണക്കിന് എസ്.എം.എസുകളും മൊബൈല്‍ കന്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ വീതമായ ലക്ഷക്കണക്കിന് രൂപയും ഒഴുകിയെത്തും. എസ്.എം.എസ് വോട്ടെണ്ണിയാണ് വിജയിയെ തീരുമാനിക്കുന്നതെങ്കില്‍ അതിനു ചെലവാക്കിയ കാശ് പോട്ടെന്നു വിചാരിക്കാം.

ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ കഥ ആരും മറന്നിട്ടൊണ്ടാകത്തില്ലല്ലോ?
നജീം ജേതാവാകുമെന്ന ഈമെയില്‍ എത്രയോ മാസങ്ങള്‍ക്കു മുമ്പ്‌ പ്രചരിച്ചതാ. അത്‌ ഫോര്‍വേഡ്‌ ചെയ്തു എന്ന ഒറ്റ അപരാധവേ ഞാന്‍ ചെയ്‌തുള്ളു; സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രബുദ്ധ മലയാളി മങ്കമാര്‍ കൊല്ലാതെ വിട്ടത് ഭാഗ്യം.

എന്നിട്ട്‌ ഒടുവില്‍ എന്തായി.?ഇതൊക്കെയായിട്ടും അമ്മായി അമ്മ മരിച്ച വിവരം അറിയിക്കാന്‍ പോലും എസ്‌.എം.എസ്‌ അയക്കാത്ത എന്റെ സ്‌നേഹിത ഇപ്പോഴും ചാനലിലേക്ക്‌ എസ്‌.എം.സ്‌ അയക്കുന്നത്‌ നിര്‍ത്തീട്ടില്ല.

ഭൂട്ടാന്‍ ലോട്ടറിയെടുത്ത്‌ മുടിഞ്ഞോരെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്ന പത്രത്തില്‍തന്നെ മറ്റൊരു പേജില്‍ ഭൂട്ടാനും നേപ്പാളും കാശ്‌മീരും ഉള്‍പ്പെടെയുള്ള ലോട്ടറികളുടെ പരസ്യം. കൈരളി ടീവിയാണെങ്കില്‍ കാശു വാങ്ങി കുറെ സമയം ഭൂട്ടാന് വിട്ടുകൊടുത്തിരിക്കുവല്ലേ?

മാധ്യമങ്ങളുടെ സദാചാരത്തെക്കുറിച്ച് പറഞ്ഞാ തീരുവോ? എവിടെ?. എന്തു നെറികേടു കണ്ടാലും പ്രതികരിക്കുവെന്നു പറഞ്ഞു നടക്കുന്നോര് ഇതേക്കുറിച്ച് ഒന്നും പറയാത്തതെന്നാ?

ങ്ഹാ.. ഏതെങ്കിലും ഒരുത്തന്‍ പറ‍ഞ്ഞാ വിവറമറിയും. പിന്നെ ഒറ്റപ്പത്രത്തിലും അയാടെ പേര് അച്ചടിക്കത്തില്ല. ഒറ്റച്ചാനലിലും ആ മുഖം കാണത്തില്ല.

അപ്പം പിന്നെ ഈ മാധ്യമങ്ങള്‍ക്ക് ആരു മണികെട്ടും?. അതാണ് എനിക്കും പിടികിട്ടാത്തത്.


(ഇതു പോലൊരു വിഷയം എന്നേപ്പൊലൊരുത്തിക്ക് കൈകാര്യം ചെയ്യാന്പറ്റുന്നതാണോ എന്ന് ആചോലിക്കാതിരുന്നില്ല. എങ്കിലും മനസിത്തോന്നിയ ചെല കാര്യങ്ങള്‍ കുറിച്ചെന്നേയൊള്ളു. മാധ്യമ പണ്ഠിതന്‍മാരും ക്ഷമിക്കുവാരിക്കും അല്ലേ?)

Tuesday, May 27, 2008

കത്തോലിക്കര്‍ക്ക് ഒരു സുവിശേഷം

(സുവിശേഷം എന്നാല്‍ നല്ല വിശേഷം. ആദ്യവായിട്ടാ ഒരു വാര്‍ത്തേല്‌ കൈവെക്കുന്നേ. ഇതിന്‌ ഉത്തരവാദി ഞാനല്ല, വത്തിക്കാനാണു കേട്ടോ.വത്തിക്കാന്‍ നേരിട്ട്‌ തന്നതാണോന്നു ചോദിച്ചാല്‍ അല്ല. നെറ്റീന്ന്‌ പൊക്കി എനിക്കു പറ്റുന്ന പോലെ മലയാളത്തിലാക്കിയതാ. ഞാനുള്‍പ്പെടെ ബൂലോകത്തെ `ബൂ'രിഭാഗം പേരും കത്തോലിക്കാ വിരോധികളാന്നല്ലെ പരാതി. അതങ്ങ്‌ തീര്‍ന്നോട്ടെന്നു കരുതി. ബൂലോകത്തെ നല്ല കത്തോലിക്കര്‍ക്ക്‌ ഈ സുവിശേഷം നഷ്ടപ്പെടരുതല്ലോ)

കത്തോലിക്കരുടെ എണ്ണത്തില്‍ മാറ്റമില്ല

വത്തിക്കാന്‍: യൂറോപ്പില്‍ കാര്യമായി കൂടിയില്ലേലും ഏഷ്യേലും ആഫ്രിക്കേലും കത്തോലിക്കാ സമൂഹം ശക്തമായി വളരുന്നു. വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ച 2000 - 2006 കാലത്തെ കണക്കിലാണ്‌ ഇതു പറയുന്നത്‌. ആഗോള ജനസംഖ്യയില്‍ 17.3 ശതമാനം വരുന്ന കത്തോലിക്കരുടെ പ്രാതിനിധ്യത്തില്‍ ഈ കാലയളവില്‍ മാറ്റം വന്നില്ലെന്നും സഭേടെ പുതിയ സ്ഥിതിവിവര പുസ്‌തകം വ്യക്തമാക്കുന്നു.

ലോകത്തിലെ കത്തോലിക്കരില്‍ 25 ശതമാനവും യൂറോപ്പിലാണെങ്കിലും അവിടെ എണ്ണം ആറു വര്‍ഷത്തിനിടെ ഒരു ശതമാനമേ കൂടിയുള്ളൂ. പക്ഷെ ലോകത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലും നന്നായി കൂടി.അമേരിക്കകളിലും ഓഷ്യാന മേഖലേലും യഥാക്രമം 8.4 ശതമാനോം 7.6 ശതമാനോമാണ്‌ കൂടിയത്‌.

ഏഷ്യയില്‍ വളര്‍ച്ചാ നിരക്ക്‌ പഴേപോലെ തുടര്‍ന്നപ്പോള്‍ ആഫ്രിക്കേല്‌ 2000ലെ 130 ദശലക്ഷം 2006ല്‍ 158.3 ദശലക്ഷമായി ഉയര്‍ന്നു.ലോകത്തെല്ലാടത്തും കൂടി മെത്രാന്‍മാരുടെ എണ്ണം ഈ കാലത്ത്‌ 4541ല്‍നിന്ന്‌ 4898മായെങ്കിലും അച്ചമ്മാരുടെ എണ്ണം 0.51 ശതമാനമേ കൂടിയുള്ളു. 405178 ല്‍നിന്നും 407262 ലെത്തി.

എന്നാല്‍ വൈദികാര്‍ഥികളുടെ എണ്ണം ഏഷ്യേലും ആഫ്രിക്കേലും യഥാക്രമം 23.24ശതമാനവും 17.71 ശതമാനോം വര്‍ധിച്ചു. യൂറോപ്പിലും ഓഷ്യാനേലും യഥാക്രമം 5.75 ശതമാനോം 4.37 ശതമാനോം കുറഞ്ഞു.

രൂപതാ വൈദികരുടെ എണ്ണം 2000ലെ 265,781 ല്‍നിന്ന്‌ 271,091 ആയി ഉയര്‍ന്നു. മറ്റു വൈദികരുടെ എണ്ണം 2.31 ശതമാനം കുറഞ്ഞു.

Thursday, May 15, 2008

രോഷാകുലനായ വൈദിക വിദ്യാര്‍ഥിയോട്‌

(ഈ പോസ്‌റ്റ്‌ എഴുതാന്‍ കാരണം ബ്ലോഗ്‌ )


പ്രിയ ഡീക്കന്‍ റൂബിന്‍,
ഡീക്കന്‍ ശെരിക്കും ഒരു ഡീക്കന്‍ തന്നെയാണെന്ന്‌ ഞാന്‍ വിശ്വസിക്കട്ടെ. അങ്ങനെ വരുമ്പോള്‍ ഭാവീലെ കൊച്ചച്ചന്‍. അതുകൊണ്ടുതന്നെയാണ്‌ ഡീക്കന്‍റെ പോസ്‌റ്റുകള്‍ വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്‌റ്റിടണമെന്ന്‌ ഈ ശുദ്ധഗതിക്കാരിക്കു തോന്നിയത്‌.

ഒള്ളതു പറഞ്ഞാ ഞാനും ഒരു കത്തോലിക്കാ വിശ്വാസിയാന്നേ. ഏതോ കമ്യൂണിസ്‌റ്റുകാരന്‍ കള്ളപ്പേരില്‍ കയ്യാങ്കളി നടത്തുവാന്ന്‌ സംശയിക്കേണ്ടെന്ന്‌ സാരം.

ഇപ്പം നമ്മടെ ബിഷപ്പമ്മാരുടെ പ്രസ്‌താവനകളും നിലപാടുകളുമൊക്കെ വിലയിരുത്തുമ്പോ ക്രിസ്‌തു സഭ സ്ഥാപിച്ചത്‌ പള്ളീക്കൂടങ്ങളും കോളേജുകളും നടത്തി പണമുണ്ടാക്കാനാണെന്നു തോന്നും.

കാലം മാറുന്നതിനനുസരിച്ച്‌ വിശ്വാസം നവീകരിക്കാനും യുവതലമുറയെ വിശ്വാസത്തിന്‍റെ പാതയില്‍ മുന്നോട്ടു കൊണ്ടുപോകാനും കേരളത്തിലെ കത്തോലിക്കാ സഭ, പ്രത്യേകിച്ച്‌ നമ്മടെ സീറോ മലബാര്‍ സഭ ഇപ്പോ എന്തെങ്കിലും ചെയ്യുന്നതായി എനിക്കറിയാമ്മേല. കര്‍ദ്ദിനാള്‍ വര്‍ക്കിപ്പിതാവു മുതല്‍ ഇടവകകളിലെ അസ്‌തേന്തികള്‍ വരെ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലല്ലേ?.

പല കഷ്ടതകളും സഹിച്ച്‌ അജപാലനം നടത്തുന്ന കത്തോലിക്ക മെത്രാന്‍മാരെയും അച്ചന്‍മാരെയും മറ്റ്‌ ക്രിസ്‌ത്രീയ സഭാ നേതാക്കളില്‍നിന്ന് നവ്യത്യസ്‌തമായാണ്‌ പൊതു സമൂഹം നോക്കിക്കണ്ടിരുന്നത്‌. സിസ്‌റ്റര്‍ അഭയ കേസാണ്‌ അടുത്ത കാലത്ത്‌ സഭയോടുള്ള സമൂഹത്തിന്‍റെ ആദരവിന്‌ മങ്ങലേല്‍പ്പിച്ച സംഭവങ്ങളിലൊന്ന്‌. കന്യാസ്‌ത്രീടെ കൊലപാതകത്തില്‍ അച്ചന്മാര്‍ സംശയത്തിന്റെ നിഴലിലായതു മാത്രമല്ല, കേസൊതുക്കാന്‍ സഭാ പിതാക്കന്‍മാരു വഴിവിട്ട്‌ എന്തൊക്കെയോ ചെയ്‌തെന്നും കഥ പ്രചരിച്ചിരുന്നു. കേസിന്റെ വിധി നാളെ വരുമെന്നു പറയുന്നു. അതു കഴിയുമ്പോ എന്താകുമോ, ആ?

വാക്കിലും പ്രവര്‍ത്തിയിലും ക്രൈസ്‌തവ മൂല്യം കാത്തു പരിപാലിക്കേണ്ടോര്‌ സ്വാശ്രയ പ്രശ്‌നത്തില്‍ കവച്ചട്ടമ്പികളുടെ ഭാഷയും പ്രവര്‍ത്തീമായി രംഗത്തെത്തിയതോടെ മെത്രാന്‍മാരും പാര്‍ട്ടിക്കാരും തമ്മില്‌ വല്യ വ്യത്യാസമില്ലെന്നായി. ഇതൊക്കെ നേരത്തെ ഒരു പോസ്‌റ്റില്‌ ഞാമ്പറഞ്ഞിരുന്നതാ. അതു ഡീക്കന്‍ കണ്ടില്ലെങ്കിലോ എന്നോര്‍ത്താ വീണ്ടും ആവര്‍ത്തിക്കുന്നേ.
കേരള സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്നല്ല. പിണറായി വിജയനും മന്ത്രിമാരായ ബേബിക്കും സുധാകരനുമൊക്കെ സഭയെ ഒതുക്കണമെന്ന ഉദ്ദേശ്യമുണ്ടെന്ന്‌ ആര്‍ക്കാ അറിയാമ്പാടില്ലാത്തത്‌?. പക്ഷെ, അതിനോട്‌ സഭാ നേതൃത്വം തികച്ചും പക്വതയില്ലാത്ത രീതിയിലാണ്‌ പ്രതികരിക്കുന്നത്‌. അതിന്‍റെ അവശിഷ്ടങ്ങളാണ്‌ ഡീക്കന്റെ പോസ്‌റ്റിലും കാണുന്നത്‌.

മറ്റു പ്രസിദ്ധീകരണങ്ങളില്‍ സഭക്ക്‌ അനുകൂലമായി വന്ന ലേഖനങ്ങളും വാര്‍ത്തകളും ഡീക്കന്‍ ബ്ലോഗില്‍ പോസ്‌റ്റു ചെയ്യുന്നത്‌ മനസിലാക്കാം. പക്ഷെ, അവിടം കൊണ്ട്‌ അവസാനിക്കുന്നില്ല. സി.പി.എമ്മിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന പോലെയാണ്‌ ഡീക്കന്‍റെ ബ്ലോഗിന്റെ മൊത്തത്തിലുള്ള പോക്ക്‌. അതുകൊണ്ടാണ്‌ ഇത്‌ ശരിക്കും ഡീക്കനാണോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സംശയം തോന്നിയത്‌. വൈദിക വിദ്യാര്‍ഥിയെന്ന വ്യാജേന ബൂലോകത്ത്‌ സഭക്കിട്ട്‌ പാരവെക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആരെങ്കിലുമാകാം ഇതെന്നാണ്‌ എന്‍റാങ്ങള പറഞ്ഞത്‌.

ഡീക്കന്‍റെ ബ്ലോഗിന്‍റെ തലക്കെട്ടിനൊപ്പമുള്ള വാചകങ്ങളില്‍ വെല്ലുവിളീടെ സ്വരമാണുള്ളത്‌.പിന്നെ പാരഡി കവിതയും മറ്റുമായി ഒരു സമൂഹത്തെ(അത്‌ പാര്‍ട്ടിയോ, സംഘനയോ എന്തുമാകട്ടെ) അവഹേളിക്കുന്നത്‌ ഭാവീലെ കൊച്ചച്ചനു ചേര്‍ന്നതാണോ എന്ന്‌ ഒന്നാലോചിച്ചേര്‌.

ഇപ്പഴേ ഇങ്ങനെ കടുത്ത നിലപാടെടുത്താ അച്ചനാകുമ്പോ, അതുകഴിഞ്ഞ്‌ എങ്ങാനും ബിഷപ്പായാല്‍ എന്തായിരിക്കും സ്ഥിതി?. അച്ചന്‍മാരെയും ശെമ്മാശന്‍മാരെയുമെല്ലാം ആക്ഷേപിക്കുവാന്നു വിചാരിക്കരുതേ. അനീതിക്കെതിരെ പ്രതികരിക്കുകേം പോരാടുകേം വേണം. അതിനൊക്കെ ഓരോരുത്തര്‍ക്കും ഓരോ രീതിയില്ലേ?. അല്ലെങ്കി ഓരോരുത്തരീന്നും സമൂഹം പ്രതീക്ഷിക്കുന്ന രീതിയില്ലേ?.നമ്മടെ വര്‍ക്കിപ്പിതാവ്‌ സി.പി.എം സംസ്ഥാന സെക്രട്ടറീടേ അതേ കാര്‍ക്കശ്യത്തോടെയും മൂര്‍ച്ചയോടെയും സംസാരിക്കുന്നത്‌ ശരിയാണോ? ബൂലോകത്തെ രാഷ്ട്രീയ അനുഭാവമുള്ളവരെപ്പോലെ ഒരു ഡീക്കന്‍ പോസ്‌റ്റിടുന്നതിലും ഇതേ കൊഴപ്പവൊണ്ടെന്ന്‌ എനിക്കു തോന്നുന്നു.

ലോകം മൊത്തം സഭ ഇപ്പം പ്രതിസന്ധീലാണെന്നാ പറയുന്നേ. ചെറുപ്പക്കാര്‍ക്ക് വിശ്വാസം കുറഞ്ഞുവരുന്നു. ഞാറാഴ്‌ച്ച കുര്‍ബാനക്കു പോലും കൃത്യമായി പോകുന്നോര്‌ ഇപ്പം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുവാ. നമ്മടെ പഴേ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍റെ നാടായ പോളണ്ടില്‌ തിരുപ്പട്ടത്തിലേക്ക്‌ യുവതീ യുവാക്കളെ ആകര്‍ഷിക്കാന്‍ സഭ മുന്‍കൈ എടുത്ത്‌ അച്ചന്‍മാരുടേം കന്യാസ്‌ത്രീകളുടെയും ഫാഷന്‍ ഷോ നടത്തിയതിന്‍റെ വാര്‍ത്ത ഡീക്കനും വായിച്ചു കാണുമെന്ന്‌ കരുതുന്നു.( ഈ വാര്‍ത്തേക്കുറിച്ച്‌ ഇതുവരെ അറിയാത്തോര്‌ തെറ്റിധരിക്കേണ്ട. പതിവ്‌ ഫാഷന്‍ ഷോ അല്ല കേട്ടോ. ഓരോ സന്യാസ സഭാ വിഭാഗത്തില്‍ പെട്ടവരും അവരവരുടെ വിഭാഗത്തിന്റെ സന്യാസ വേഷമണിഞ്ഞ്‌ റാമ്പിലു വന്നു. അത്രേയുള്ളൂ. സഭയില്‍ സ്വാതന്ത്രമൊണ്ടെന്ന്‌ വ്യക്തമാക്കുകയായിരുന്നു പരിപാടീടെ ഉദ്ദേശം).

പോളണ്ടിലെ കാര്യം പ്രത്യേകം പറയാന്‍ കാരണമുണ്ട്‌. അവിടെ സഭ കമ്യൂണിസ്റ്റ്‌ ഭരണത്തിനെതിരായ നിരന്തര യുദ്ധത്തിലായിരുന്നു. ആ സമേത്ത്‌ സഭക്ക്‌ വിശ്വാസികളുടെ പിന്തുണ ഏറി. കമ്യൂണിസ്റ്റ്‌ ഭരണം തകര്‍ന്നപ്പോള്‍ വിശ്വാസികള്‍ക്ക്‌ ത്രില്ലു പോയി. പള്ളികളില്‍ ആളു കുറഞ്ഞു. കമ്യൂണിസോം സഭേം പരസ്‌പരം കൊണ്ടും കൊടുത്തുമാ നിലനിന്നിരുന്നതെന്ന്‌ സാരം.

കേരളത്തിപ്പോലും അച്ചനാകാനും അമ്മയാകാനും പോകുന്നോരുടെയും ഞായറാഴ്‌ച്ച പള്ളീപ്പോകുന്നോരുടെയും എണ്ണം വന്‍ തോതില്‍ കുറഞ്ഞെന്ന്‌ സഭാ നേതൃത്വം തന്നെ സമ്മതിക്കുന്നു.ഈ സാഹചര്യത്തില്‍ സഭേടെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിപ്പിക്കാനല്ല, മറിച്ച്‌ വിശ്വാസ അടിത്തറ വികസിപ്പിക്കനാണ്‌ മെത്രാന്‍മാരും അച്ചന്‍മാരും അച്ചനാകാന്‍ പഠിക്കുന്നോരുമൊക്കെ ശ്രമിക്കേണ്ടത്‌. വിവാദ വിഷയങ്ങളില്‍ സഭയുടെ നിലപാട്‌ മാന്യമായി അവതരിപ്പിക്കണം. അതിന്‌ വാളെടുക്കുന്നോരെല്ലാം വെളിച്ചപ്പാടാകണോ?.പിന്നെ ബ്ലോഗര്‍മാരില്‍ വേറെയും വൈദിക വിദ്യാര്‍ഥികളുണ്ടെന്ന്‌ ഡീക്കന്‍ മനസിലാക്കണം. സ്വന്തം നിലയറിഞ്ഞ്‌ പോസ്‌റ്റിടുന്ന പലരും. ബൂലോകത്തെ ഡീക്കന്‍ ജെയ്‌മോന്‍ തന്നെ ഉദാഹരണം. സമയം പോലെ ലിങ്ക്‌ ഒന്നു സന്ദര്‍ശിച്ചാ അതു മനസിലാകും.

Tuesday, April 8, 2008

നന്നാവൂല്ല..ഈ സിനിമാ അവാര്‍ഡ്‌

ജാനു ബറുവയല്ല, അതിനേക്കാള്‍ വലിയ കടുവ വന്നാലും കേരളത്തിലെ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം കണക്കാ.

അഖില ലോക ഫാന്‍സി ഡ്രസ്‌ മത്സരമായിരുന്ന പരദേശിയിലെ യന്ത്ര മനുഷ്യരെ അണിയിച്ചൊരുക്കിയ പട്ടണം റഷീദിനെ മികച്ച മേക്കപ്‌ മാനായി തെരഞ്ഞെടുത്തതുതന്ന ഇതിന്‌ ഉദാഹരണം.

നല്ല കഥക്ക്‌ അവാര്‍ഡ്‌ കൊടുത്തത്‌ പോട്ടേന്നു വെക്കാം. കഥ നല്ലതായിരുന്നിരിക്കാം. അത്‌ ഷൂട്ടു ചെയ്‌തു കൂട്ടിയിരിക്കുന്നതു കണ്ടാ മിനിമം പത്തു സിനിമാ കണ്ടിട്ടൊള്ളോര്‌ പൊറുക്കുകേല.ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.