Friday, May 30, 2008

മാധ്യമങ്ങള്‍ക്ക് ആരു മണി കെട്ടും?

``ഇവമ്മാരു തന്നെയാ ഈ കള്ളമ്മാരെ ഇതുവരെ പൊക്കിക്കോണ്ടു നടന്നേ. എന്നിട്ടിപ്പം നാടു നന്നാക്കാനെറങ്ങീരിക്കുന്നു''

കുറെ ദിവസങ്ങളായി ആള്‍ദൈവ വാര്‍ത്തകള്‍ ആഘോഷിക്കുന്ന പത്രങ്ങളെക്കുറിച്ചും ചാനലുകളെക്കുറിച്ചും എന്‍പ്പന്‍ പറഞ്ഞ കമന്‍റാണിത്‌.

ആലോചിച്ചപ്പം എനിക്കും തോന്നി സംഗതി ശരിയാണല്ലോന്ന്‌. കേരളത്തിലെ പ്രധാന ആള്‍ദൈവങ്ങളുടെയും സുവിശേഷകരുടെയും ചാത്തന്‍ സേവക്കാരുടെയും പ്രചാരണ പരിപാടികളുടെ വാര്‍ത്തേം പടോം പരസ്യോം കൊടുക്കാത്ത പത്രങ്ങളും ചാനലുകളും എത്രയെണ്ണമുണ്ട്? ഏതെങ്കിലും തട്ടിപ്പിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കാത്ത മാധ്യമ സ്ഥാപനമുണ്ടോ?

ഇനി ഇത്തരത്തിലുള്ള ഒരാളുമായി ബന്ധപ്പെട്ട വാര്‍ത്തേം പരസ്യോം ഞങ്ങളു കൊടുക്കത്തില്ല എന്നു പറയുന്നോര്‍ക്ക് പരസ്യം കിട്ടാത്തതു തന്നെയാണ് കാരണമെന്ന് മനസിലാക്കാന്‍ അധികം തല പൊകക്കണോ? തട്ടിപ്പുകാരുടെ തനി നെറം അറിയാതെയാണ് വാര്‍ത്തേം പരസ്യോം കൊടുത്തതെന്ന് ന്യായീകരണം പറയുന്ന മാധ്യമ മൊതലാളിമാരും തൊഴിലാളികളുമൊണ്ടാകും.

ഒരു വാരികേല്‌ സന്തോഷ്‌ മാധവനെക്കുറിച്ചുള്ള പച്ചപ്പരമാര്‍ത്ഥങ്ങള് ആദ്യമായി അച്ചടിച്ചു വന്നതിന്‍റെ പിറ്റേന്ന്‌ ഏഷ്യാനെറ്റും മനോരമ ന്യൂസും അദ്ദേഹം പുണ്യാളച്ചനാണെന്ന് സ്ഥാപിക്കാന്‍ പെടാപ്പാടു പെടുന്നതു നമ്മളു കണ്ടതല്ലേ.

ഒരു ആള്‍ദൈവത്തെയും സുവിശേഷകനെയും പേരെടുത്തു പറഞ്ഞ് തെറികേക്കാനും തല്ലുകൊള്ളാനും ഈയുള്ളവര്‍ക്ക് ഉദ്ദേശമില്ല. എന്നാലും നിങ്ങളൊക്കെ വെറുതേയിരിക്കുന്പോള്‍ ഒന്നു ഫ്ലാഷ്ബാക്കി നോക്ക്. ഇത്തരക്കാരെ വളര്‍ത്തുന്നതില്‍ ആദര്‍ശധീരതക്കും സത്യസന്ധതക്കും പുതിയ പര്യായ പദങ്ങളൊണ്ടാക്കി സ്വയം അണിയുന്ന പത്രങ്ങളും ചാനലുകളും വഹിച്ച പങ്ക് അറിയാന്പറ്റും.

എന്തിനേറെപ്പറയണം, കേരളത്തില്‍ തൊഴില്‍ തട്ടിപ്പ് നടത്തീട്ടൊള്ളോരില്‍ ഭൂരിഭാഗവും ഇരകളെ കണ്ടെത്തീട്ടൊള്ളത് പത്രപ്പരസ്യങ്ങളിലൂടെയല്ലേ? ആട്, തേക്ക്, മാഞ്ചിയം ഉള്‍പ്പെടെയുള്ള വന്‍കിട തട്ടിപ്പുകാര്‍ ആളെപ്പിടിച്ചത് എങ്ങനെയാണ്? പരസ്യം അച്ചടിക്കാന്‍ കാശുവാങ്ങി പെട്ടീലിടുന്പോള്‍ പരസ്യത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശമൊണ്ടോ എന്ന് അന്വേഷിക്കാന്‍ സത്യാന്വേഷകരെന്ന് അവകാശപ്പെടുന്നോര്‍ക്ക് ഉത്തരവാദിത്വമില്ലേ? അവിടെ നേരു ചെകയാന്‍ പോയാല്‍ വരുമാനം കൊറയും. (
പണ്ട്, എന്നുവെച്ചാല്‍ ഫാരിസൊക്കെ വരുന്നേന് വളരെ മുന്പ് അതിരന്പുഴപ്പള്ളി പെരുന്നാളിനോടനുബന്ധിച്ച് സമീപത്തെ ഒരു തീയറ്ററില്‍ എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ രാത്രി പ്രത്യേകമായി രണ്ടു തവണ പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച കൊച്ചു പരസ്യം ദീപീകേല് വന്നത് ഇവിടെ ഓര്‍ക്കുന്നത് തെറ്റാണോന്നറിയത്തില്ല)

നമ്മുടെ പത്രങ്ങളുടേം ചാനലുകളുടേം പരസ്യ വരുമാനത്തില്‍ ആള്‍ദൈവങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ചാത്തന്‍ സേവക്കാരുടെയും മറ്റു തട്ടിപ്പാകാരുടെയും വിഹിതമെത്രയെന്ന്‌ ആലോചിച്ചു നോക്കീട്ടൊണ്ടോ? ഈ പരസ്യവരുമാനം കൊണ്ടു മാത്രം നമ്മളൊക്കെ അറിയേണ്ടിയിരുന്ന എത്ര വാര്‍ത്തകള്‍ മുങ്ങിപ്പോയിക്കാണും?

ഇപ്പോള്‍ പിന്നെ പത്രങ്ങളും ചാനലുകളും തമ്മില്‍ തമ്മിലൊള്ള മത്സരം കൊണ്ടാണ് കുറെക്കാര്യങ്ങളെങ്കിലും പുറത്തു വരുന്നതെന്ന് എന്‍റെ പൊട്ട ബുദ്ധീല് തോന്നുന്നു. പുതിയ പുതിയ ആള്‍ദൈവങ്ങളേം സിദ്ധന്‍മാരേം കണ്ടെത്താന്‍ ഇപ്പം നടക്കുന്ന മത്സരോം ഇതിന്‍റെ ഭാഗമല്ലേ? (
ശരിക്കും പറഞ്ഞാ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിതി നമ്മള് പല സിനിമേലും കണ്ടിട്ടൊള്ളതിലും കഷ്ടമാന്നാ എന്‍റെ ബന്ധുവായ ഒരു പത്രപ്രവര്‍ത്തകന്‍ പറ‍ഞ്ഞെ. വളച്ചാ വളയുന്ന മൊതലാളിമാരും പത്രപ്രവര്‍ത്തകരും ഏറെയുണ്ടത്രേ?. വളവിന്‍റെ അളവ് പാരിതോഷികത്തിന്‍റെ മൂല്യത്തെ ആശ്രയിച്ചിരിക്കും)

എന്‍റഭിപ്രായത്തീപ്പറഞ്ഞാ സിദ്ധന്‍മാരേക്കാളും ആള്‍ദൈവങ്ങളേക്കാളും ജനങ്ങളെ പറ്റിക്കുന്നത് ചാനലുകള്‍ തന്നെയാണ്. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് റിയാലിറ്റി ഷോകള്‍. പാട്ടോ ആട്ടമോ എന്തു പേക്കൂത്തായാലും വിജയിയെ തീരുമാനിക്കാന്‍ എസ്.എം. എസ് വോട്ടിംഗ് നടത്തും. വെടിവെക്കുകേം തല്ലിക്കൊല്ലുകേം ഒന്നിച്ചു ചെയ്യുന്ന പോലെ വിധികര്‍ത്താക്കളായി കുറേപ്പേരെയും ഇരുത്തും. എല്ലാത്തിനേം വിമര്‍ശിക്കുന്ന നമ്മടെ നടന്‍ തിലകന്‍ ചേട്ടന്‍ പോലും ഇപ്പം വിധികര്‍ത്താവാണ്.

വിജയികളെ വിധകര്‍ത്താക്കള്‍ക്ക് തീരുമാനിച്ചാപ്പോരേ എന്നത് ഇതിനോടകം പലരും ചോദിച്ച ചോദ്യവാണ്. അങ്ങനെ അവരു തീരുമാനിച്ചാ ചാനലുകളിലേക്ക് ലക്ഷക്കണക്കിന് രൂപ എങ്ങനെ ഒഴുകിവരും? കുടുംബം പോറ്റാന്‍ ഗള്‍ഫിലും ദല്‍ഹീലും എന്തിന് കൊച്ചീലും കോട്ടയത്തുമൊക്കെ വിയര്‍പ്പൊഴുക്കുന്നോര് വീട്ടിക്കൊടുക്കേണ്ട കാശോ ഭക്ഷണം കഴിക്കേണ്ട കാശോ മിച്ചം വെച്ച് ഇഷ്ട താരത്തെ വിജയിപ്പിക്കാന്‍ വാശിക്ക് എസ്.എം.എസ് വിടും.

ചാനല്‍ ആപ്പീസിലേക്ക് ലക്ഷക്കണക്കിന് എസ്.എം.എസുകളും മൊബൈല്‍ കന്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ വീതമായ ലക്ഷക്കണക്കിന് രൂപയും ഒഴുകിയെത്തും. എസ്.എം.എസ് വോട്ടെണ്ണിയാണ് വിജയിയെ തീരുമാനിക്കുന്നതെങ്കില്‍ അതിനു ചെലവാക്കിയ കാശ് പോട്ടെന്നു വിചാരിക്കാം.

ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ കഥ ആരും മറന്നിട്ടൊണ്ടാകത്തില്ലല്ലോ?
നജീം ജേതാവാകുമെന്ന ഈമെയില്‍ എത്രയോ മാസങ്ങള്‍ക്കു മുമ്പ്‌ പ്രചരിച്ചതാ. അത്‌ ഫോര്‍വേഡ്‌ ചെയ്തു എന്ന ഒറ്റ അപരാധവേ ഞാന്‍ ചെയ്‌തുള്ളു; സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രബുദ്ധ മലയാളി മങ്കമാര്‍ കൊല്ലാതെ വിട്ടത് ഭാഗ്യം.

എന്നിട്ട്‌ ഒടുവില്‍ എന്തായി.?ഇതൊക്കെയായിട്ടും അമ്മായി അമ്മ മരിച്ച വിവരം അറിയിക്കാന്‍ പോലും എസ്‌.എം.എസ്‌ അയക്കാത്ത എന്റെ സ്‌നേഹിത ഇപ്പോഴും ചാനലിലേക്ക്‌ എസ്‌.എം.സ്‌ അയക്കുന്നത്‌ നിര്‍ത്തീട്ടില്ല.

ഭൂട്ടാന്‍ ലോട്ടറിയെടുത്ത്‌ മുടിഞ്ഞോരെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്ന പത്രത്തില്‍തന്നെ മറ്റൊരു പേജില്‍ ഭൂട്ടാനും നേപ്പാളും കാശ്‌മീരും ഉള്‍പ്പെടെയുള്ള ലോട്ടറികളുടെ പരസ്യം. കൈരളി ടീവിയാണെങ്കില്‍ കാശു വാങ്ങി കുറെ സമയം ഭൂട്ടാന് വിട്ടുകൊടുത്തിരിക്കുവല്ലേ?

മാധ്യമങ്ങളുടെ സദാചാരത്തെക്കുറിച്ച് പറഞ്ഞാ തീരുവോ? എവിടെ?. എന്തു നെറികേടു കണ്ടാലും പ്രതികരിക്കുവെന്നു പറഞ്ഞു നടക്കുന്നോര് ഇതേക്കുറിച്ച് ഒന്നും പറയാത്തതെന്നാ?

ങ്ഹാ.. ഏതെങ്കിലും ഒരുത്തന്‍ പറ‍ഞ്ഞാ വിവറമറിയും. പിന്നെ ഒറ്റപ്പത്രത്തിലും അയാടെ പേര് അച്ചടിക്കത്തില്ല. ഒറ്റച്ചാനലിലും ആ മുഖം കാണത്തില്ല.

അപ്പം പിന്നെ ഈ മാധ്യമങ്ങള്‍ക്ക് ആരു മണികെട്ടും?. അതാണ് എനിക്കും പിടികിട്ടാത്തത്.


(ഇതു പോലൊരു വിഷയം എന്നേപ്പൊലൊരുത്തിക്ക് കൈകാര്യം ചെയ്യാന്പറ്റുന്നതാണോ എന്ന് ആചോലിക്കാതിരുന്നില്ല. എങ്കിലും മനസിത്തോന്നിയ ചെല കാര്യങ്ങള്‍ കുറിച്ചെന്നേയൊള്ളു. മാധ്യമ പണ്ഠിതന്‍മാരും ക്ഷമിക്കുവാരിക്കും അല്ലേ?)

9 comments:

അന്ന ഫിലിപ്പ് said...

മാധ്യമങ്ങളുടെ സദാചാരത്തെക്കുറിച്ച് പറഞ്ഞാ തീരുവോ? എവിടെ?. എന്തു നെറികേടു കണ്ടാലും പ്രതികരിക്കുവെന്നു പറഞ്ഞു നടക്കുന്നോര് ഇതേക്കുറിച്ച് ഒന്നും പറയാത്തതെന്നാ?

ങ്ഹാ.. ഏതെങ്കിലും ഒരുത്തന്‍ പറ‍ഞ്ഞാ വിവറമറിയും. പിന്നെ ഒറ്റപ്പത്രത്തിലും അയാടെ പേര് അച്ചടിക്കത്തില്ല. ഒറ്റച്ചാനലിലും ആ മുഖം കാണത്തില്ല.

അപ്പം പിന്നെ ഈ മാധ്യമങ്ങള്‍ക്ക് ആരു മണികെട്ടും?. അതാണ് എനിക്കും പിടികിട്ടാത്തത്.

Anonymous said...

I do agree with your views. The so called visual and print media only the root cause of spreading the gimmicks.

Why are the media turning away their face from their prime duties? It is their foremost duty to cover the news impartially. Unfortunately which channel or which paper is doing this.

What happened the Munnar stories? What happened to other corruptions which were in the bold lines of media a couple of months before? Does it a duty of these so called channel to bring the aftermath of one news to the public?

There had a worst fight amidst channels for the coverage of Thrissur Pooram. Had any channel reported this in detail?

Journalism in our country is really in lamentable stage.

Vinu

Anonymous said...

ദീപസ്തംഭം മഹാശ്ചര്യം എന്നല്ലേ?

namath said...

അന്ന. നല്ല ഒഴുക്കുള്ള ലേഖനവും ഭാഷയും. പൊതുവെ ബ്ലോഗിനികളാരും കൈവെച്ചിട്ടില്ലാത്ത വിഷയവും. എഴുത്ത് നന്നായിരിക്കുന്നു. ഇത്രേ വിനയത്തിന്‍റെ കാര്യമൊന്നുമില്ല. തറപ്പിച്ചോ ഊന്നിയോ എങ്ങനാ സൌകര്യം അങ്ങനെ പറയാനുള്ളത് പറയാം. കോട്ടയംകാരിക്ക് ഇത്രയും വിനയം വേണോ?

അന്ന ഫിലിപ്പ് said...

നമതു വാഴ്വും കാലം,
വിനയം കൂടിപ്പോയതോ നടിക്കുന്നതോ അല്ല. ബൂലോകത്ത് പല വിഷയങ്ങളിലേം പണ്ഡിതന്‍മാര് ഒരുപാടുള്ളതല്ലേ. വലിയ പിടിയില്ലാത്ത ഒരു വിഷയത്തില് ഞാങ്കൈ വച്ചത് അവര്‍ക്ക് ഇഷ്ടവായില്ലെങ്കിലോന്നോര്‍ത്ത് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ വെച്ചതാ.

അജ്ഞാതരായ കമന്‍റ് ദായകരേ, നന്ദി

Anonymous said...

ലോകത്തിലേ ഏറ്റവും വലിയ അഴുമതിക്കാരാണ് മാദ്ധ്യമങ്ങള്‍. മറ്റുള്ളവരുടെ അഴുമതികള്‍ പ്രസിദ്ധപ്പെടുത്തി സ്വന്തം അഴുമതികളേ ഒളിപ്പിച്ചു വെക്കുകയാണ് അവരുടെ വഴി.

ആരവര്‍ക്ക് മണികെട്ടുമെന്ന് ചോദിച്ചാല്‍ അതിനുത്തരം നമ്മള്‍ തന്നെ എന്നണ്. നമ്മള്‍ തന്നെ നമ്മുടെ രക്ഷകര്‍.
എങ്ങനെ അവര്‍ക്ക് മണികെട്ടണം? അവരുമായുള്ള സാമ്പത്തികമായ ഇടപാട് നിര്‍ത്തുക. അത്തായത് അവര്‍ക്ക് പണം കൊടുക്കരുത്. അവര്‍ ഈ ചെയൂന്നതെല്ലം പണത്തിനു വേണ്ടിയാണ്. പണമുണ്ടെങ്കില്‍ അധികാരവും കിട്ടും. അത്തരം മാദ്ധ്യമങ്ങള്‍ ലൈബ്രറികളില്‍ നിന്നോ, അയല്‍പക്കത്തുനിന്നോ, കൂടുതല്‍ ആളുകള്‍ ഷയര്‍ ചെയ്തോ വാങ്ങുക. കഴിയുന്നെങ്കില്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കുക.

2. അതില്‍ വരുന്ന പരസ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. (അല്ലെങ്കില്‍ അവയുടെ വാങ്ങല്‍ കുറക്കുക).

രണ്ട് ഉത്പന്നങ്ങളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കണമെങ്കില്‍ അവയുടെ പരസ്യത്തെകൂടി പരിഗണിക്കുക.
കുറവ് പരസ്യമുള്ളതിനെ തിരഞ്ഞെടുക്കുക, കാരണം നമ്മള്‍ മുടക്കുന്ന പണത്തിന്റെ കൂടുതല്‍ ഭാഗം ഉത്പാദകരില്‍ തന്നെ എത്തുന്നു.

പി വി ആര്‍ said...

ആള്‍ദൈവക്കാരുടെയും ചാത്തന്‍സേവക്കാരുടെയും പരസ്യം കൊടുക്കില്ലെന്ന്‌ ഉറക്കെ പറഞ്ഞ പത്രവും ഈ കേരളത്തിലുണ്ട്‌. സി പി ഐയുടെ മുഖപത്രമായ ജനയുഗമാണ്‌ അത്‌ പറഞ്ഞത്‌. ഇതു വരെ അത്തരം പരസ്യങ്ങള്‍ കൊടുത്തിട്ടെല്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌. പിന്നെ ഒരു കാര്യം പത്രത്തോടൊപ്പം ഒരു സംസ്‌കാരം കൂടി വളര്‍ത്തുന്ന മാതൃഭൂമിയും മലയാളികളുടെ സുപ്രഭാതം എന്നു സ്വയം പറയുന്ന മലയാള മനോരമയും പുറത്തിറക്കിയ ഗൃഹലക്ഷിമിയിലും വനിതയിലും ചാത്തന്‍ സേവക്കാരെയും ആള്‍ദൈവങ്ങളെകുറിച്ചും പ്രകീര്‍ത്തിക്കുന്ന ഫീച്ചറുകള്‍ വന്നിട്ടുണ്ട്‌. വേണമെങ്കില്‍ ഈ സമയങ്ങളിലെ പത്രവും ആ വാര്‍ത്തയും ചേര്‍ത്തു വായിക്കാവുന്നതാണ്‌. പിന്നെ ചാനലുകള്‍. സ്‌പോര്‍ട്‌സ്‌, വിദേശമ തുടങ്ങിയ ഓരോ ഭാഗങ്ങള്‍ പോലെ പ്രേേത്യക ഒരു വിഭാഗമായി ആത്മീയത കൊണ്ടു നടന്ന്‌ ആഘോഷിക്കുകയാണ്‌ അവര്‍. ഒരു സ്‌കൂപ്പിനു വേണ്ടിയുള്ള അലച്ചില്‍. പിന്നെ ഇവിടുത്തെ കമ്മ്യൂണിസ്‌റ്റുകാര്‍. മാതാ അമൃതാനന്ദമയി കോഴിക്കോട്ടു വന്നപ്പോള്‍ ഇടവും വലവും നിന്നത്‌ രണ്ട്‌ കമ്മ്യൂണിസ്‌റ്റ്‌ മന്ത്രി പ്രമുഖരാണ്‌. അതേ വകുപ്പില്‍ പെട്ടവരുടെ കുട്ടിപട്ടാളം എന്തിനാണ്‌ ഇപ്പോള്‍ കലിതുള്ളുന്നത്‌ എന്ന്‌ എനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷേ ഈ വിവാദങ്ങള്‍ സര്‍ക്കാറിന്റെ മേലേക്ക്‌്‌്‌ ഒരു ബൂമറാംഗ്‌്‌്‌ പോലെ വരാതിരിക്കാനുള്ള ശ്രമങ്ങളായിരിക്കും.

അന്ന ഫിലിപ്പ് said...

ജഗദീശ്,
മാധ്യമങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരാണെന്ന അഭിപ്രായം എനിക്കില്ല. ഏങ്കിലും താങ്കള്‍ പറഞ്ഞപോലെ മറ്റുള്ളോരുടെ നെറികേടുകള്‍ കൊട്ടിഘോഷിക്കുന്പോള്‍തന്നെ സ്വന്തം കൊള്ളരുതായ്മകള്‍ അവര്‍ ഒളിച്ചുവെക്കുന്നുണ്ട്.
ഇന്നലെ വരെ പരസ്യം തന്ന് കീശ വീര്‍പ്പിച്ചോര് കേസി കുടുങ്ങിയാ പിറ്റേന്നു മുതല്‍ അവര്‍ക്കെതിരെ വാളോങ്ങി പത്രങ്ങളും ചാനലുകളും സ്വന്തം തടി രക്ഷിക്കുന്നതല്ലേ പതിവ്?
പത്രങ്ങള്‍ ബഹിഷ്കരിക്കുക എന്നൊക്കെപ്പറയുന്നത് എത്രമാത്രം പ്രായോഗികമാണ്?. പക്ഷെ ചാനല്‍ കാമറക്കു മുന്നില്‍നിന്ന് എന്തിനേക്കുറിച്ചും അഭിപ്രായം പറയുന്ന കുറെ ആളുകളുണ്ടല്ലോ. ഓരോ വിഷയത്തിലെയും വിദഗ്ധരെന്ന് സ്വയം കരുതുന്നോരു മുതല്‍ സാധാരണ ജനങ്ങള്‍ വരെ. ഇക്കൂട്ടര്‍ സ്വന്തം മൊഖം ടീവി കാണിക്കാനുള്ള ആവേശം അവസാനിപ്പിച്ച് കാമറയുമായി വരുന്നോരോട് മാധ്യമങ്ങളുടെ നിലപാടുകളെക്കുറിച്ച് തുറന്നു ചോദിക്കാന്‍ തന്‍റേടം കാണിക്കണം.

പി.വി.ആര്‍,
ജനയുഗം രണ്ടാമതു തൊടങ്ങീട്ട് അധികമായില്ലല്ലോ? ചാത്തന്‍സേവക്കാരുടേം ആള്‍ദൈവങ്ങടേം പരസ്യം കൊടുക്കുന്നില്ലെന്നു കരുതി അവരെ പുണ്യാളന്‍മാരായി പ്രഖ്യാപിക്കാന്പറ്റുവോ?.
ആ പത്രത്തി വരുന്ന മറ്റു പരസ്യങ്ങളില്‍ ഒന്നിന്‍റെയും പിന്നില്‍ തട്ടിപ്പ് ഒളിഞ്ഞിരിപ്പില്ലെന്ന് പറയാന്പറ്റുവോ?

Sojo Varughese said...

പത്രവും ചാനലും ഒക്കെ commercial ventures ആണ്. അവരില്‍ നിന്നു സാമു‌ഹിക ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നത് നമ്മുടെയൊക്കെ മണ്ടത്തരം. ഹോട്ടലില്‍ പോയി കഴിക്കുന്നവന് കുഷ്ടം ഉണ്ടോ എന്ന് ചൊറിഞ്ഞ് നോക്കിയിട്ടാണോ ഹോട്ടലുകാരന്‍ ചോറ് കൊടുക്കുക? കഴിക്കുന്നവന് കുഷ്ടം ഉണ്ടായാലും ഇല്ലെങ്കിലും അയാള്‍ക്ക്‌ ചോറ് വില്‍ക്കണം കാശ് കിട്ടണം. ഇത്രയേ ഉള്ളു. അവിടെ മാധ്യമ ധര്‍മ്മം എന്ന ചാവാലി പട്ടിക്ക് ഒരു വിലയും ഇല്ല. ഈ ധര്‍മ്മം ഉണ്ടല്ലോ, അത് നമ്മുടെ കണ്ണില്‍ പൊടിയിടാന്‍ ഏതോ വിവരം ഉള്ള പത്ര വ്യാപാരി കണ്ടുപിടിച്ച ഒരു നമ്പര്‍. അതും പൊക്കി പിടിച്ച് നമ്മള്‍ അങ്ങോട്ട് ചെന്നാല്‍ ഒരു രക്ഷയും ഇല്ല. പോയപോലെ ഇങ്ങു പോരുകയെ ഉള്ളു. പറയാം പറയാം പറഞ്ഞും കൊണ്ടിരിക്കാം എന്ന് മാത്രം.

ഒരു പ്രമുഖ കളര്‍ഫുള്‍ ഇംഗ്ലീഷ് പത്രത്തിലെ എഴുത്തുകാരനോട് അടുത്തിടെ ഒരിക്കല്‍ സംസാരിച്ചു. അടിത്തട്ടില്‍ ഉള്ളവരുടെ പ്രശ്നങ്ങള്‍ക്ക് എന്തുകൊണ്ട് ആ പത്രം വേണ്ടത്ര പ്രാമുഖ്യം കൊടുക്കുന്നില്ല എന്നായിരുന്നു കാക്കയുടെ ചോദ്യം. ഉത്തരം എന്താണെന്നോ? "നോക്ക്‌, കാശുള്ളവന്‍ ആണ് ഞങ്ങളുടെ പത്രം വായിക്കുന്നത്. ഉള്ളത് പറഞ്ഞാല്‍ upper middle class. കാരണം അവര്‍ക്കേ ഞങ്ങള്‍ക്ക് കൊടുക്കാന്‍ ഉള്ളത് വേണ്ടു. അവര്‍ക്ക് വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തത് ഞങ്ങള്‍ എന്തിന് കൊടുക്കണം?"