Monday, August 22, 2011

ആളറിഞ്ഞ് വീടൊരുക്കി അതിരൂപത


രണ്ടൂന്നാഴ്ച്ച മുന്പ് ഞാറാഴ്ച്ച പള്ളീല്‍ കുര്‍ബാനേടെടെയ്ക്ക് ഒരു അറിയിപ്പ്-
ചങ്ങനാശേരി അതിരൂപതേടെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാവപ്പെട്ടോര്‍ക്ക് വീടുവച്ചു നല്‍കുന്നു. സന്‍മനസുള്ളോര്‍ക്കെല്ലാം സംഭാവന നല്‍കാം. ഇതിനു പുറമെ എല്ലാരും വീടുകളിലുള്ള പഴയ പത്രക്കടലാസുകള്‍ പള്ളിയില്‍ എത്തിക്കണം. പത്രം വിറ്റു കിട്ടുന്ന പണം പദ്ധതിക്കായി ഉപയോഗിക്കും.

ഞങ്ങടെ എടവകേല്‍ രണ്ടു വീടുകള്‍ നിര്‍മിക്കുമെന്നും സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എത്രയും പെട്ടെന്ന് കൈമാറണമെന്നും ഇന്നലെ അച്ചന്‍ പറഞ്ഞു. പിന്നാലെ മറ്റൊരു അറിയിപ്പുവന്നു- തിരുവനന്തപുരം ലൂര്‍ദ്ദ് പള്ളിയുടെ ഉടമസ്ഥതയില്‍ ടെക്നോ പാര്‍ക്കിന് സമീപമുള്ള നൂറേക്കര്‍ സ്ഥലത്ത് വില്ലകള്‍ നിര്‍മ്മിക്കുന്നു. പദ്ധതി പ്രദേശവും അനുബന്ധ സൗകര്യങ്ങളും ഏറെ മികച്ചത്.
ജോലി ആവശ്യത്തിനും മറ്റും തിരുവനന്തപുരത്ത് താമസിക്കേണ്ടിവരുന്ന വിശ്വാസികള്‍ക്ക് വില്ല വാങ്ങാം. താല്‍പര്യമുള്ളവര്‍ ലൂര്‍ദ്ദ് പള്ളീമായി ബന്ധപ്പെടണം.

അതിരൂപതയുടെ മറ്റ് സ്ഥാവര, ജംഗമ ആസ്തികളുടെ കണക്ക് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ടെക്നോ പാര്‍ക്കിനടുത്തുള്ള നൂറേക്കര്‍ സ്ഥലത്തിന്‍റെ മൂല്യം വെറുതേ ഒന്ന് ആലോചിച്ചു നോക്കിക്കേ. സെന്‍റിന്‍റെ വിലവച്ച് കണക്കുകൂട്ടാന്‍ പോയാല്‍ പൂജ്യം എണ്ണി വട്ടാകും. ലൂര്‍ദ്ദ് പള്ളിയുടെ സ്ഥലം എന്നു പറയുന്പോള്‍ ആത്യന്തികമായി അത് അതിരൂപതയുടെ സ്വത്താണ്. അഥവാ വില്ല പദ്ധതിയുടെ നടത്തിപ്പുചുമതല പൂര്‍ണമായും ഇടവകയ്ക്കാണെങ്കിലും വിശ്വാസികള്‍ക്ക് അഞ്ചു പൈസേടെ ഗുണമില്ല.

ആകെ മൊത്തം ടോട്ടല് നോക്കുന്പോള്‍ അതിരൂപതയുടെ, സഭയുടെ ഒരു ഭീമന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്. വിവിധ ഇടവകകളിലുള്ള പാവപ്പെട്ടവര്‍ക്ക് ഈ പറഞ്ഞ വില്ലകള്‍ വീതിച്ചു കൊടുത്താല്‍ പോരെ എന്നു ചോദിക്കുന്നത് ന്യായമാണെന്നു തോന്നുന്നില്ല. കാരണം വില്ലയെന്നല്ല, മാളിക കൊടുക്കാമെന്നു പറഞ്ഞാലും പിറന്ന മണ്ണുവിട്ടുപോകാന്‍ ഭൂരിഭാഗം പേരും തയാറാവില്ല. കണ്ണായ സ്ഥലത്തെ നൂറേക്കറില്‍ കുറച്ച് വിറ്റ് പാവങ്ങള്‍ക്ക് വീടു വച്ചുകൊടുക്കാനും പറയുന്നില്ല. പക്ഷെ, ഈ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ ലാഭത്തിന്‍റെ ചെറിയൊരു അശം മാറ്റിവച്ചാല്‍ എത്ര പാവങ്ങള്‍ക്ക് വീടുവച്ചു നല്‍കാം?

പക്ഷെ, അതിരൂപതേടെ മൊത്തത്തിലുള്ള ഒരു പോളിസി വച്ചു നോക്കിയാല്‍ ഈ ചോദ്യവും വിഢിത്തമാണ്. അതിരൂപതയ്ക്കു കീഴിലുള്ള ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ പ്രത്യേക വിഭാഗമുണ്ട്. പക്ഷെ, അവിടെ വിതരണം ചെയ്യാനുള്ള മരുന്നുകള്‍ വിശ്വാസികളില്‍നിന്ന് ശേഖരിക്കുകയാണ്. ഉപയോഗിച്ച് മിച്ചം വന്ന മരുന്നുകള്‍ ശേഖരിക്കാന്‍ എല്ലാ പള്ളികളിലും പാത്രങ്ങള്‍ വച്ചിരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്നതില്‍ കാലാവധി കഴിയാത്ത മരുന്നുകളാണ് പാവങ്ങള്‍ക്ക് നല്‍കുന്നതെന്ന് കരുതാം. ഇത് ആശുപത്രിയുടെ പ്രധാന ഫാര്‍മസിയിലേക്ക് പോകുന്നില്ലെന്നും. വിശ്വാസം അതല്ലേ എല്ലാം.

Thursday, June 30, 2011

ബോംബെ 1993 മാര്‍ച്ച് 12-തിരക്കഥാകൃത്ത് സംവിധായകനായാല്‍ ഇങ്ങനിരിക്കും!


ഞങ്ങടെ ചുറ്റുവട്ടത്തുള്ള ചങ്ങനാശേരിക്കാരന്‍ ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുത്തിലെ കൊന്പമ്മാരിലൊരാളാ. വര്‍ണപ്പകിട്ട്, തച്ചിലേടത്തു ചുണ്ടന്‍, ചതുരംഗം, വാസ്തവം, തലപ്പാവ് തുടങ്ങി കൊറേ കിടിലന്‍ പടങ്ങളെഴുതിതിയയാള്‍. അതോണ്ടുതന്നെയാണ് നേരവില്ലേലും അദ്ദേഹം ആദ്യമായി സംവിധായകനാകുന്ന ചിത്രം റിലീസ് ദിവസംതന്നെ കണ്ടേക്കാമെന്നുവച്ചത്.

ഞാന്‍ വല്യ ഫിലിം റിവ്യൂക്കാരിയൊന്നുവന്നുവല്ല. പക്ഷെ, ബാബുച്ചേട്ടാന്‍ നിരാശപ്പെടുത്തിയപ്പം അരിശം വന്നു. അതുകൊണ്ട് എനിക്കു തോന്നിയത് ഇവിടെ എഴുതിയേക്കാവെന്നുവച്ചു.
വെറുതേ കൊറേ സമയം കളഞ്ഞത് മിച്ചം. 1993ലെ ബോംബെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും എടവേളയായപ്പോള്‍ ഇത്രേം നേരം എന്താ കണ്ടതെന്നറിയാതെ ഞാന്‍ അന്തം വിട്ടിരിക്കുവാരുന്നു. അടുത്തിരുന്ന ഒരു കോളേജു സ്റ്റുഡന്റും ഇതുതന്നെ പറഞ്ഞപ്പോള്‍ എന്റെ കൊഴപ്പവല്ലെന്ന് ഒറപ്പായി.

രണ്ടാം പകുതിയില്‍ ഏന്തേലും കാണാതിരിക്കുവോ? കാത്തിരുന്നു. രണ്ടാം പകുതീല് ഒന്നുമില്ലെന്ന് പറയാന്പറ്റില്ല. തീവ്രവാദത്തിന്റെ പേരില്‍ നിയമത്തിന്റെ ഊരാക്കുടുക്കില്‍ പെടുന്ന നിരപരാധികളെക്കുറിച്ചാണ് ബാബുച്ചേട്ടന്‍ പറയുന്നത്. കാര്യങ്ങടെ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ പിന്നേം കൊറേ നേരം നോക്കിയിരിക്കണം. അപ്പം പിടികിട്ടും രണ്ടാം പകുതീല് ഫ്‌ളാഷ് ബാക്കായി വീണ്ടും കാണിക്കാനുള്ള രംഗങ്ങളാണ് ആദ്യ പകുതീക്കാണിച്ചതെന്ന്.

ചങ്ങനാശേരിക്കടുത്ത വെളിയനാട്ടൂന്ന് ബോംബേല് ജോലിക്കു പോയ ഷാജഹാന്‍ എന്ന ചെറുപ്പക്കാരനെ മുസ്ലിം തീവ്രവാദികള്‍ കെണിയില്‍ പെടുത്തുന്നു. തീവ്രവാദത്തോട് യോജിക്കാന്‍ അയാള്‍ക്കായില്ലേലും മാര്‍ച്ച് 12ന് ബോംബേല്‍ പൊട്ടിയ ബോംബുകളിലൊന്ന് തീവ്രവാദികള് വച്ചിരുന്നത് ഷാജഹാന്റെ സ്‌കൂട്ടറിന്റെ ബോക്‌സിലാരുന്നു. അതോടെ അയാള്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലായി.

പിന്നെ ഷാജഹാന്‍ എത്തുന്നത് ആന്ധ്രാപ്രദേശിലെ പോച്ചംപള്ളീല്‍. അവിടെ ഹിന്ദുവെന്ന വ്യാജേന കൈത്തറിശാലയില്‍ ജോലി ചെയ്യുന്‌പോള്‍ സ്ഥലത്ത് പൂജാരിയായെത്തുന്ന സനാഥന ഭട്ട് ബൈ ചാന്‍സില്‍ ഷാജഹാന്‍ മുസ് ലിമാണെന്ന് തിരിച്ചറിയുന്നു. അതോടെ സനാഥന്‍ ഭട്ടിനോട് ഷാജഹാന്‍ തന്റെ കഥ വ്യക്തമാക്കുന്നു.

ഷാജഹാന്റെ വീട്ടുകാരുമായി സംസാരിക്കാമെന്നു വാഗ്ദാനം ചെയ്ത് ഭട്ട് കേരളത്തിലേക്കു വരുംവഴി സുരക്ഷാ സേന അയാളുടെ ബാഗില്‍നിന്ന് ഷാജഹാന്റെ പടം പിടിച്ചെടുക്കുന്നു. അയാളെ കാണിച്ചുകൊടുത്താല്‍ നിരപരാധിയാണെന്ന് സ്ഥിരീകരിച്ച് മോചിപ്പിക്കാമെന്ന സൈന്യത്തിന്റെ വാഗ്ദാനം വിശ്വസിച്ച് ഭട്ട് ഷാജഹന്റെ താവളം കാണിച്ചുകൊടുക്കുന്നു. പക്ഷെ, ഷാജഹാനെ സേന വെടിവച്ചുകൊന്നു.

താന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഇസ്ലാം സ്വീകരിച്ച് നാട്ടിലെത്തുന്ന ഭട്ട് ഷാജഹാന്റെ പെങ്ങളെ കെട്ടുന്നു. പിന്നീട് അയാളെയും തീവ്രവാദിയെന്ന സംശയത്തില്‍ സുരക്ഷാസേന പിടിക്കുന്നു. അയാള്‍ കോയന്പത്തൂര്‍ ജയിലില്‍ വിചാരണപോലുമില്ലാതെ കഴിഞ്ഞ് ഒന്പതു വര്‍ഷത്തിനുശേഷം മടങ്ങിയെത്തുന്‌പോള്‍ അയാടെ ഭാര്യയെ വേറൊരുത്തന്‍ കെട്ടിക്കഴിഞ്ഞു. സ്വന്തം മോളെ ഭട്ട് ദൂരെനിന്ന് നോക്കിക്കാണുന്നു. അത്രേയൊള്ളു. തീര്‍ന്നു.

അത്രേയൊള്ളെങ്കിലും ഞാന്പറഞ്ഞപ്പംതന്നെ ആകെ അളിച്ചുവാരിയപോലെ തോന്നിയില്ലേ. അതാണ് പ്രശ്‌നം. തിരക്കഥയെഴുതിക്കഴിഞ്ഞപ്പം ഒരക്ഷരം പോലും വെട്ടാന്‍ ചേട്ടനു തോന്നിട്ടൊണ്ടാകത്തില്ല. വെട്ടാനോ ഒതുക്കാനോ പറയാന്‍ വേറെയാരുവില്ലതാനും. സംവിധാനോം തന്നേയല്ലേ? വേറേതെങ്കിലും സംവിധായകനുവേണ്ടി എഴുതിയതാരുന്നെങ്കില്‍ ചെലപ്പം എഴച്ചിലു കൊറയുവാരുന്നു. അപ്പം പിന്നെ എല്ലാംകൂടി ഒരു മണിക്കൂറില്‍ പറയാനൊള്ള കഥേ കാണത്തൊള്ളൂ.

മമ്മൂട്ടിയേക്കാള്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഷാജഹാനെ അവതരിപ്പിക്കുന്ന ഉണ്ണിയാണെന്ന് എനിക്കു തോന്നുന്നു. ഇനി ശരിക്കും റിവ്യൂ എഴുതാനറിയുന്നോര് കാണുന്പം അറിയാം.

ഇനി കൂടുതലൊന്നും പറയുന്നില്ല. നേരോം കാശുവൊണ്ടേല്‍ നിങ്ങളു പോയി കണ്ടുനോക്ക്.


ചില്ലറ
ദുബായ് ആണെന്നു പറഞ്ഞ് കൊച്ചി കാണിച്ചാല്‍ സഹിക്കാം. അറബിക്കടലാണെന്നുപറഞ്ഞ് മീനച്ചിലാറു കാണിച്ചാലും പോട്ടെ. പക്ഷെ ജനത്തിരക്കും സെറ്റപ്പ് കെട്ടിടവും കടകളുമുള്ള ഏതോ സ്‌റ്റേഷന്‍ കാണിച്ചിട്ട് അവിടെ ചങ്ങനാശേരീന്ന് എഴുതിവച്ചാല്‍ ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനില്‍ ഒരിക്കലേലും വന്നിട്ടൊള്ളോര് ക്ഷമിക്കുവോ?