Tuesday, June 3, 2008

ബൂലോകത്തെ ഇടതന്‍മാര് വായിക്കാന്‍

മൂലമ്പിള്ളീലെ അമ്മമാരുടെ വിലാപം ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ നെഞ്ചു പിടഞ്ഞു. വികസനത്തിന്‍റെ പേരില്‍ തെരുവിലേക്ക്‌ വലിച്ചെറിയപ്പെട്ട പാവങ്ങളുടെ കണ്ണീര്‌ ഉറക്കം കെടുത്തിയപ്പോള്‍ അവരെ നേരില്‍ കാണണമെന്നു തോന്നി.

മൂന്നാം ദിവസം ഉച്ചയോടെ മൂലമ്പള്ളീലെത്തിയപ്പോള്‍ ടലിവിഷനില്‍ കണ്ടതിനേക്കാള്‍ ദയനീയമാണ്‌ അവിടെ താമസിച്ചിരുന്ന പാവങ്ങളുടെ സ്ഥിതിയെന്ന്‌ മനസിലായി. അവരില്‍ പലരും എറണാകുളത്ത്‌ സമരപ്പന്തലിലായിരുന്നു.

പാവങ്ങളുടെ രക്ഷകരെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടിടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‌ പാവങ്ങളുടെ മേക്കിട്ടു കേറുന്നതിന്‍റെ ഉദാഹരണങ്ങളിലൊന്നാണ് മൂലമ്പിള്ളി.
നമ്മളു കൊയ്യും വയലെല്ലാം നമ്മടെതാകും പൈങ്കിളിയേ എന്ന പാട്ട്‌ നമ്മളു കാട്ടും നെറികേടെല്ലാം നന്‍മയാണു സഖാക്കളേ എന്ന്‌ തിരുത്തീരിക്കുവല്ലേ.

ഇതേ പാട്ട്‌ ഏറ്റുപാടി എല്ലാ നെറികേടുകള്‍ക്കും ഓശാന പാടുന്ന കേരളത്തിലെ സാംസ്‌കാരിക പുണ്യാളന്‍മാര്‍ മൂലമ്പിള്ളിക്കാരുടെ വിലാപം കേക്കാതിരുന്നതില്‍ അത്ഭുതമില്ല. നന്ദിഗ്രാമിലെ കൂട്ടക്കുരിതിയില്‍ മൗനം പാലിക്കാനും ഒളിന്പിക്‌സിന്‌ ഇങ്കുലാബ്‌ വിളിച്ച് സമ്മേളനം നടത്താനും ദലൈലാമയും കൂട്ടരും ചൈനേടെ പരമാധികാരത്തെ ചോദ്യം ചെയ്യുവാണെന്ന്‌ വിളിച്ചുകൂവാനും ചങ്കൂറ്റം കാട്ടിയോരുടെ കൂട്ടത്തില്‍ അവരും ഉണ്ടാരുന്നല്ലോ.

നന്ദിഗ്രാം പ്രശ്‌നത്തില്‍ ശക്തമായ നിലപാടെടുത്ത ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവി മൂലമ്പള്ളിക്കാരുടെ ദുരിതങ്ങള്‍ നേരിട്ടറിയാനെത്തിയപ്പോള്‍ അവരുടെ മേക്കിട്ടുകേറാന്‍ സാംസ്‌കാരിക കേരളം മത്സരിക്കുവല്ലാരുന്നോ. തൊട്ടതിനും പിടിച്ചതിനുമെല്ലാം പോസ്‌റ്റുകളിടുന്ന ബൂലോകത്തെ പല കാരണവന്‍മാരും മൂലമ്പിള്ളിയെയും മഹാശ്വേതാ ദേവിയേം കണ്ടില്ലെന്നു നടിച്ചു. പാര്‍ട്ടി എന്തു ചെയ്താലും അതിനെ പിന്താങ്ങുന്നത പതിവ് ഉപേക്ഷിച്ച് തെറ്റു തെറ്റാന്നു പറായാന്‍ ഇടതു സാസംകാരിക പ്രവര്‍ത്തകരും ബുജികളും തയാറാകുന്ന ഒരു കാലമുണ്ടാകുമോ?

ഇന്നു രാവിലെ അവിചാരിതമായി മാധ്യമം പത്രം കണ്ടു. അതിന്റെ ഫീച്ചര്‍ പേജില്‍ സി.ആര്‍. നീലകണ്‌ഠന്‍ എഴുതിയ ലേഖനം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്‌ കുറഞ്ഞപക്ഷം ബൂലോകത്തെ ഇടതു ബുജികളെങ്കിലും വായിക്കുന്നത്‌ നല്ലതാരിക്കുമെന്നു തോന്നി. അതുകൊണ്ട്‌
ദേ ഇവിടെ ഇടുന്നു. പ്രതികരിച്ചില്ലേല്ലും കൊഴപ്പമില്ല. ഇതൊന്നു വായിച്ചാ മതി.

19 comments:

അന്ന ഫിലിപ്പ് said...

ഇന്നു രാവിലെ അവിചാരിതമായി മാധ്യമം പത്രം കണ്ടു. അതിന്റെ ഫീച്ചര്‍ പേജില്‍ സി.ആര്‍. നീലകണ്‌ഠന്‍ എഴുതിയ ലേഖനം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്‌ കുറഞ്ഞപക്ഷം ബൂലോകത്തെ ഇടതു ബുജികളെങ്കിലും വായിക്കുന്നത്‌ നല്ലതാരിക്കുമെന്നു തോന്നി. അതുകൊണ്ട്‌
ദേ ഇവിടെ ഇടുന്നു. പ്രതികരിച്ചില്ലേല്ലും കൊഴപ്പമില്ല. ഇതൊന്നു വായിച്ചാ മതി.

അന്ന ഫിലിപ്പ് said...

ഇന്നു രാവിലെ അവിചാരിതമായി മാധ്യമം പത്രം കണ്ടു. അതിന്റെ ഫീച്ചര്‍ പേജില്‍ സി.ആര്‍. നീലകണ്‌ഠന്‍ എഴുതിയ ലേഖനം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്‌ കുറഞ്ഞപക്ഷം ബൂലോകത്തെ ഇടതു ബുജികളെങ്കിലും വായിക്കുന്നത്‌ നല്ലതാരിക്കുമെന്നു തോന്നി. അതുകൊണ്ട്‌
ദേ ഇവിടെ ഇടുന്നു. പ്രതികരിച്ചില്ലേല്ലും കൊഴപ്പമില്ല. ഇതൊന്നു വായിച്ചാ മതി.

ഹന്‍ല്ലലത്ത് Hanllalath said...

NANNAYI.....

Suvi Nadakuzhackal said...

ഇങ്ങനെ എല്ലാവരും എന്നും സമരവും ആയി ഇരുന്നാല്‍ കേരളത്തില്‍ എന്തെങ്കിലും വികസനം നടക്കുമോ? കുടിയൊ്ഴിപ്പിക്കപ്പെടുന്നവര്ക്ക് ന്യായമായ ഒരു തുക നഷ്ട പരിഹാരം കൊടുക്കുകയോ അല്ലെന്കില്‍ ഒരു ഫ്ലാറ്റ്‌ കൊടുക്കുകയോ ചെയ്തു കഴിഞ്ഞാല്‍ സര്ക്കാരിന്റെ ഉത്തരവാദിത്വം കഴിയുന്നു. പിന്നെ അവര്‍ അവരുടെ ജീവിതം സ്വയം കെട്ടിപ്പടുക്കണം. അതില്‍ ഈ പറയുന്ന വലിയ കുറ്റം ഒന്നുമില്ല.

Dinkan-ഡിങ്കന്‍ said...

രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ ഇങ്ങനെ ഒരു കമെന്റ് ഇട്ടിരുന്നു. അത് ഇവിടെയും പകര്‍ത്തുന്നു.

സുവി നടക്കുഴക്കലേ, എത്രനേരം കണ്ണടച്ച് പാലുകുടിക്കും. ഇടയ്ക്ക് ഒന്ന് തുറന്ന് ചുറ്റിലും നോക്ക് ഇഷ്ടാ.
========================

മൂലമ്പിള്ളിയിലെ സ്ഥലത്തിന് ഇപ്പോളുള്ള കമ്പോളവില ഏകദേശം 3മുതല്‍ 4 ലക്ഷം രൂപ വരെയാണെന്നാണറിവ്. അങ്ങനെയുള്ള സ്ഥലങ്ങള്‍ 8ല്‍ ഒന്ന് വിലയ്ക്ക് സര്‍ക്കാരിന് കൊടുക്കണം എന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമൊ? അപ്പോള്‍ ബലപ്രയോഗം ഉണ്ടാകുന്നു.

കുടിയിഴിപ്പിക്കുന്നതിന് 6 മാസം മുന്നേ പുനരധിവാസം നടത്തണമെന്ന് 2001ല്‍ സുപ്രീം കോടതി വിധി ഉള്ളതാണ്. എന്നാല്‍ വല്ലാര്‍പാടത്ത് കുടിയൊഴിപ്പിക്കലുകള്‍ക്ക് “പുരനധിവാസം സാധ്യമല്ല“ എന്നാണ് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കോടതികളും കണ്ണടയ്ക്കല്‍ നയം സ്വീകരിക്കുന്നു. വികസനം മുന്നോട്ട് എന്ന മൂലമന്ത്രത്തില്‍ എല്ലാവരും മയങ്ങുന്നു. സ്മാര്‍ട്ട് സിറ്റിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ 6 സെന്റ് ഭൂമി പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഇതിനെ കുറിച്ച് വിശദമായി ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതാണ് പക്ഷേ ചില തിരക്കുകളില്‍ പെട്ട് പോയി. ജനകീയ സമരങ്ങള്‍/ചര്‍ച്ചകള്‍ ഒക്കെ രാത്രിസമരാശ്ലീലത്തിലും മുങ്ങിപോയി. പറഞ്ഞു തുടങ്ങിയാല്‍ “ഭൂപരിഷ്ക്കരണം“ എന്ന പാതിമാത്രം നടപ്പിലാക്കാന്‍ സാധിച്ച ഒരു നിയമനടപടിയെ കുറിച്ച് പറഞ്ഞ് തടയിടലുകളുണ്ടാകും.

കിരണ്‍ തോമസ് തോമ്പില്‍ said...

അന്ന മൂലമ്പള്ളി സംഭവങ്ങളില്‍ ബൂലോകത്ത്‌ നടന്ന ചര്‍ച്ച ഇവിടെ വായിക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി ഈ വിഷയത്തെപ്പറ്റി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാംസ്ക്കാരിക നായകനുമായ BRP ഭാസ്കറോട്‌ ചില കാര്യങ്ങള്‍ ചോദിച്ച്‌ ഞാന്‍ ഒരു E-mail അയച്ചിരുന്നു. അത്‌ BRP സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതേ ചുറ്റിപ്പറ്റി ചില വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ആ രണ്ട്‌ പോസ്റ്റുകളും വായിക്കുക

1) വല്ലാര്‍പ്പാടം കുടിയൊഴിപ്പിക്കല്‍

2) വല്ലാര്‍പ്പാടം ജനശക്തി പത്രാധിപരുടെ പ്രതികരണം

Suvi Nadakuzhackal said...

നികുതി വെട്ടിക്കാന്‍ വേണ്ടി എല്ലാവരും ഉല്സാഹിച്ച് നിരക്ക് കുറച്ച് ആധാരം എഴുതിച്ചതിന്റെ ഭലമായിട്ടാണ് ഇപ്പോള്‍ അവിടെ കുടിയിറക്കപ്പെടുന്നവര്ക്ക് കമ്പോള നിരക്കിന്റെ എട്ടില്‍ ഒന്നു പൈസ ലഭിക്കുന്നത്. ചട്ടന്‍ പൊട്ടനെ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കുമെന്ന് കേട്ടിട്ടില്ലേ ഡിങ്കാ....

അന്ന ഫിലിപ്പ് said...

കിരണ്‍,
മാരീചന്‍റെ പോസ്റ്റ് നേരത്തെ കണ്ടിരുന്നു. വാക്കുകള്‍ക്ക് പലേടത്തും മൂര്‍ച്ചേം ദുര്‍ഗന്ധോം കൂടിപ്പോയെങ്കിലും അവിടെ കമന്‍റില്‍ പലരും പറഞ്ഞേക്കുന്നപോലെ എഴുത്തിനു പിന്നിലെ വികാരം കണക്കിലെടുക്കുന്പോള്‍ അത് മനസിലാക്കാവുന്നതേയുള്ളൂ.പക്ഷെ കമന്‍റുകളില്‍തന്നെ ആരോപിക്കുന്ന പോലെ വികാരപ്രകടനത്തിനു പിന്നില്‍ പാര്‍ട്ടീലെ ഗ്രൂപ്പിസമാണെങ്കില്‍ എന്തു ഫലം?

മഹാശ്വേതാദേവീടെ മുഖത്ത് കേരളത്തിലെ മുഖ്യമന്ത്രീം സാംസ്കാരിക ദൈവങ്ങളും കാര്‍ക്കിച്ചു തുപ്പിയതിനെക്കുറിച്ചാ ഞാന്പറഞ്ഞത്. അതേക്കുറിച്ച് ബൂലോകത്ത് കമാന്നു പറഞ്ഞതായി എനിക്കറിയാമ്മേല. അങ്ങനെ വല്ലതും നടന്നതായി അറിയാവെങ്കില്‍ ഒരു ലിങ്ക് ഇടുക.

കേരളത്തിലെ പത്രങ്ങളും ചാനലുകളും പണ്ടേ പേരുദോഷമുള്ള കൂട്ടരാണെന്നു കൂട്ടിക്കോ. അതേക്കുറിച്ച് ഞാന്‍ നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു.
പക്ഷെ, എല്ലാത്തിനെയും വിമര്‍ശിച്ച് നാടു നന്നാക്കിയേ അടങ്ങൂന്ന് വാശിപിടിക്കുന്ന സാംസ്കാരിക നായകമ്മാരടെ സ്ഥിതിയോ?
അവാര്‍ഡുകളും പദവികളും മോഹിച്ചായിരിക്കും ഇക്കൂട്ടര് സര്‍ക്കാരിന്‍റേം പാര്‍ട്ടിടേം അടുക്കളക്കാരിയ അധഃപതിച്ചിരിക്കുന്നത്.

കോട്ടയത്തെ പഴയ പ്രൈവറ്റ് ബസ്സ്റ്റാന്‍റിലെ മൂത്രപ്പുരയെ തോല്‍പ്പിക്കുന്ന നാക്കുമായി നടക്കുന്ന മന്ത്രി സുധാകരനും സുകുമാര്‍ അഴീക്കോടും കഴിഞ്ഞ ദിവസം പരസ്പരം പുകഴ്ത്തുന്നതു കേട്ടപ്പോള്‍ ഭൂമി പിളര്‍ന്ന് താഴോട്ടു പോയാ മതീന്ന് തോന്നി.

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സ്വന്തം നാട്ടുകാരനെ തഴഞ്ഞാണ് മഹാശ്വേതാ ദേവി എം.ടി വാസുദേവന്‍ നായരെ പിന്തുണച്ചത്. ആ തഴയലിനു കാരണം നന്ദിഗ്രാം സംഭവമാരുന്നെന്നാണ് എന്‍ററിവ്. എന്നിട്ട് അവര് ഇവിടെ വന്നപ്പം എം.ടി എന്തു ചെയ്തു?

മാധ്യമങ്ങളും സാംസ്കാരിക നായകന്‍മാരുമൊക്കെ ഭരണകൂടത്തിന്‍റെ കൊള്ളരുതായ്മകള്‍ക്ക് ഏലായിടുന്പോള്‍ മൂലന്പിള്ളികള്‍ ആവര്‍ത്തിച്ചില്ലേലെ അല്‍ഭുതമുള്ളൂ.

Suvi Nadakuzhackal,
നിര്‍ദേശം വളരെ സിന്പിള്‍. മൂലന്പിള്ളീടെ നെഞ്ചത്തൂടെ പാ‍ഞ്ഞ ജെ.സി.ബികള് സ്വന്തം വീടിന്‍റെ അസ്ഥിവാരമിളക്കുന്ന സാഹചര്യം വെറുതെ ഒന്നു ചിന്തിച്ചേര്. അപ്പോള്‍ ഇതുപോലെ പറയാന്പറ്റുവോ എന്നും ചിന്തീര്.

ജനിച്ചു വളര്‍ന്ന മണ്ണീന്ന് ഒരു സുപ്രഭാതത്തി പുറത്താക്കപ്പെട്ടശേഷം ജീവിതം കെട്ടിപ്പടുക്കുക എന്നൊക്കെ പറയുന്നത് വളരെ എളുപ്പമാണല്ലോ.

ഫസല്‍ ബിനാലി.. said...

ഉത്തരത്തിലുള്ളത് പാര്‍ട്ടി എടുത്തു തരും
അതിനു മുമ്പ് തിരക്കിട്ട് കൈ പൊക്കി
കക്ഷത്തിലുള്ളത് കളയാന്‍ ഞങ്ങളുടെ
സാംസ്ക്കാരിക ഹോള്‍സൈല്‍ ഡീലര്‍മാരെ
കിട്ടുകയില്ലെന്ന് ഇനിയെങ്കിലും മഹശ്വേതാദേവി
പോലുള്ളവര്‍ മനസ്സിലാക്കുന്നത് അവരുടെ മുഖം
തുപ്പക്കോളാമ്പി ആകാതിരിക്കാന്‍ നല്ലതായിരിക്കും

Manoj മനോജ് said...

അന്നേ,
നമ്മള്‍ ജീവിക്കുന്ന സ്ഥലം നമുക്ക് നഷ്ടപ്പെടുമെന്ന് 2000ത്തിലെ ബി.ജെ.പി. ഗവണ്മെന്റിന്റെ കാലത്ത് തന്നെ സൂചന തന്നിരുന്നു. വ്യവസായ പുരോഗതിക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും, അടിസ്ഥാന സൌകര്യങ്ങള്‍ കൊടുക്കണമെന്നും അന്ന് നിയമിച്ച പ്രധാനമന്ത്രിയുടെ കൌണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു (http://indiaimage.nic.in/pmcouncils/reports/). അതിനെ തുടര്‍ന്ന് ഗവണ്മെന്റ് എസ്സ്.ഇ.ഇസഡ്. പ്രഖ്യാപിച്ചു (http://sezindia.nic.in/HTMLS/about.htm)...

പിന്നീട് 2005ല്‍ കോണ്‍ഗ്രസ്സ് എസ്സ്.ഇ.ഇസഡിനായി (http://sezindia.nic.in/) നിയമം കൊണ്ടു വന്നു... വ്യവസായികള്‍ ചൂണ്ടി കാണിക്കുന്ന സ്ഥലം അവര്‍ക്ക് കിട്ടും.. അതിന് സംസ്ഥാന ഗവണ്മെന്റുകള്‍ സ്ഥലം ഏറ്റെടുത്ത് അവര്‍ക്ക് നല്‍കണം... പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കും, ജനങ്ങള്‍ക്കും സ്ഥലം നഷ്ടപ്പെട്ടു... നന്ദിഗാമിലെത്തിയപ്പോള്‍ ജനങ്ങളും, ചില തീവ്രവാദി സംഘടനകളും രംഗത്തെത്തി... വെടിവെയ്പ്പിനെ തുടര്‍ന്ന് കേന്ദ്ര ഗവണ്മെന്റ് എസ്സ്.ഇ.ഇസഡ്. നിയമത്തില്‍ ഭേദഗതി വരുത്തി... പിന്നെ തമിഴ്നാട്ടില്‍, മഹാരാഷ്ട്രയില്‍ ജനങ്ങള്‍ എതിര്‍ക്കുവാന്‍ തുടങ്ങി... മൂലമ്പള്ളി ഇതില്‍ ഒന്ന് മാത്രം... അവര്‍ക്ക് കോമ്പ്ന്‍സേശന്‍ എന്ന പേരില്‍ കുറച്ച് കാശൊക്കെ കിട്ടി കഴിയുമ്പോള്‍ എല്ലാവരും ഇതൊക്കെ മറക്കും.

പക്ഷേ..ഇന്ന് ഇന്ത്യയില്‍ നമ്മള്‍ താമസിക്കുന്ന ഭൂമി എന്നു വേണമെങ്കിലും നമുക്ക് നഷ്ടപ്പെടാം എന്ന കാര്യം നാം മറക്കാതിരുന്നാല്‍ ഞെട്ടല്‍ ഒഴിവാക്കാം..

എനിക്ക് ഒരു നീലകണ്ഠനെ അറിയാം, കൊച്ചിയിലെ സാമൂഹിക പ്രവര്‍ത്തകന്‍... മുടിയൊക്കെ നരച്ച്... അതാണോ ഇത് എന്ന് അറിയില്ല... പുള്ളിയാണ് ഇതെങ്കില്‍...ഞാന്‍ അവഞ്ചയോടെ തള്ളുന്നു. കാരണം.. ഒരിക്കല്‍ നര്‍മ്മദാ ദിനത്തില്‍ ഞാന്‍ പഠിച്ചിരുന്ന ക്യാമ്പസ്സില്‍ പുള്ളി വന്നു.. അന്ന് ഞാന്‍ പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൂളായിട്ട് പറയുകാ ആ അത് ഉയര്‍ത്തി തമിഴ്നാടിന് വെള്ളം കൊടുക്കണം... അപ്പോള്‍ അതിന്റെ ബലക്ഷയമോ എന്ന് ചോദിച്ചപ്പോള്‍ അത് സര്‍ക്കാരും ശസ്ത്രഞ്ജരും വെറുതെ പറയുകായെന്ന്... പുള്ളി വന്നത് നര്‍മ്മതാ അണക്കെട്ടിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനെതിരെ പ്രസംഗിക്കാന്‍... എന്നിട്ട് എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി ഇതും...

ഈ പറയുന്ന സാമൂഹിക പ്രവര്‍ത്തകര്‍ എല്ലാം തുടങ്ങി കഴിയുമ്പോഴേ രംഗത്ത് വരുകയുള്ളൂ.. അത്രയ്ക്ക് താല്പര്യമുണ്ടേങ്കില്‍ അവര്‍ കേന്ദ്രത്തിന്റെ എസ്സ്.ഇ.ഇസഡ്. നെതിരെ സമരം തുടങ്ങട്ടെ...

കിരണ്‍ തോമസ് തോമ്പില്‍ said...

അന്നേ

അപ്പോള്‍ അന്ന പറയുന്നത്‌ ഞങ്ങളൊക്കെ കമന്റഴുതിയത്‌ ഗ്രൂപ്പിസത്തിന്റ ഭാഗമായാണ്‌ എന്നാണോ ? . എങ്ങനെ ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ നിഷേധിക്കുന്നില്ല. എങ്കിലും ഒരു കാര്യം എനിക്ക്‌ തറപ്പിച്ച്‌ പറയാനാകും ആ വിഷയം അതിന്റ ത്രീവ്രതയോടെയാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടത്‌

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക ചില കാര്യങ്ങള്‍ക്കൂടി പറയാം. പ്രസ്തുത റയിലിന്‌ സ്ഥലമെടുക്കാന്‍ കഴിഞ്ഞ ഗവണ്മെന്റിന്റ കാലത്തു തൊട്ടെ ശ്രമം തുടങ്ങിയതാണ്‌. എന്നാല്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്‌ പകരം TATA യുടെ സ്ഥലത്തു കൂടി പോട്ടെ എന്നായിരുന്നു സമരക്കാരുടെ ആവശ്യം. ആ സമരങ്ങള്‍ക്ക്‌ നീലകണ്ഠനും BRP യുമൊക്കെ നേതൃത്വം നല്‍കിയീരുന്നു. പ്രതിപക്ഷ നേതാവ്‌ VS അവിടേ എത്തി അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗവണ്‍മന്റ്‌ മാറി VS അധികാരത്തില്‍ വന്നു. പദ്ധതിക്ക്‌ സ്ഥലം ഏറ്റെടുപ്പ്‌ നീണ്ടൂ. ജനങ്ങള്‍ സമരം തുടര്‍ന്നു പതിവ്‌ പോലെ CR മുന്‍ നിരയില്‍. എല്ലാ രാഷ്ട്രീയ കക്ഷികളും സമരക്കാരേ ഒഴിവാക്കി. കലക്ടര്‍ പല പല പാക്കേജുകളുമായി സമരക്കാരെ സമീപിച്ചു ഒപ്പം ഭീക്ഷിണിപ്പെടുത്തുകയും ചെയ്തു. കുറെ വീട്ടുകാര്‍ ഒഴിഞ്ഞു പോയി. അപ്പോഴേക്കും നന്ദീഗ്രാം സംഭവ്ം ഉണ്ടായി. ഒഴിപ്പിക്കല്‍ പുനന്രധിവാസം തുടങ്ങിയവയൊക്കെ മനുഷ്യാവകാശ പ്രശ്നങ്ങളായി. അത്‌ മൂലമ്പള്ളിക്കാര്‍ക്ക്‌ അനുകാലുമാകുമെന്ന് അവര്‍ കരുതി. സര്‍ക്കാര്‍ മുറപോലെ നോട്ടീസ്‌ അയച്ചു. CR നീലകണ്ഠനും കൂട്ടരും നന്ദീഗ്രാം സംഭവങ്ങളുടെ പശ്ചാത്തലമൊക്കെ വിവരിച്ച്‌ നിങ്ങളെ ഇറക്കിവിടാന്‍ കഴിയില്ല എന്ന് അറിയിക്കുന്നു. അവര്‍ സമരം നഗര്‍ത്തിലേക്ക്‌ മാറ്റുന്നു. പുരുഷന്മാരൊക്കെ സമര പന്തലില്‍ ഉള്ളസമയത്ത്‌ ജില്ലാ ഭരണകൂടം JCB വച്ച്‌ ഇടിച്ച്‌ തകര്‍ക്കുന്നു. ആള്‍ക്കാര്‍ കോടതിയില്‍ എത്തുന്നു. കോടതി ഇതിന്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതെ ഭരണ കൂടത്തെ സഹായിക്കുന്ന നിലപാടെടുക്കുന്നു.

ഈ വിഷയത്തില്‍ ഞാന്‍ CR നോട്‌ സംസാരിച്ചപ്പോള്‍ അദ്ദേഹം പറയുന്നത്‌. ഇങ്ങനെയൊന്നും ഇറക്കിവിടാന്‍ നിയമം ഇല്ലാ എന്നാണ്‌. പിന്നെ എന്തേ ഹൈക്കോടത്‌ അങ്ങനെ ചെയ്തു എന്ന് ചോദിച്ചപ്പോള്‍ അത്‌ അറിയില്ല എന്നായിരുന്നു മറുപടി. എന്റ സംശയം ഇതൊരു വിയറ്റനാം കോളനി ലൈന്‍ പരിപാടി ആണോ എന്നാണ്‌ . എന്റ സംശയത്തിന്‌ കാരണം മൂലമ്പള്ളി കുടിയൊഴിപ്പിക്കലിന്റ അന്തിമ ഫലം പരിശോധിക്കുക. വാല്ലാര്‍പ്പാടം പദ്ധതിക്ക്‌ വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിന്റ പ്രതിരോധമെല്ലാം തകര്‍ന്നു. എല്ലാവരും സര്‍ക്കാരിന്റ പാക്കേജുമായി പൊരുത്തപ്പെട്ടു. കുടിയൊഴിപ്പിക്കല്‍ സുഗമമായി. ഇപ്പോള്‍ ചില അല്ലറ ചില്ലറ പ്രശ്നങ്ങള്‍ മാത്രം.

മൂലമ്പള്ളി സമരപ്പന്തലില്‍ ചെന്നപ്പോള്‍ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌ SUCI പിന്തുണ നല്‍കുന്നത്‌ നക്സലേറ്റ്‌ സംഘടനകള്‍. അവിടുത്തെ പ്രസംഗങ്ങളൊക്കെ SEZ നെതിരെ ഒക്കെ. എന്നാല്‍ ണ്ഠന്‍ അടക്കമുള്ളവര്‍ TATA യുടെ സ്ഥലത്തുകൂടി റോഡ്‌ വെട്ടും എന്നൊക്കെപ്പറഞ്ഞത്‌ വെറുതെയായി എല്ലാവരും സര്‍ക്കാരിന്റ പാക്കേജിനോട്‌ പൊരുത്തപ്പെട്ടു. നീലകണ്ഠന്‍ അടുത്ത സമര സ്ഥലം തേടി ഏരിയാന്‍ കുടിയില്‍ വിത്തിറക്കാന്‍ പോയീ.


CR നീലകണ്ഠന്റ ക്രഡിബിലിറ്റിയില്‍ സംശയം തുടങ്ങുന്നതിന്‌ വേറെയുമുണ്ട്‌ കാരണങ്ങള്‍ . ഉമ്മന്‍ ചാണ്ടി സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ CR ന്റ ലേഖനങ്ങളില്‍ നിറഞ്ഞ്‌ നിന്നത്‌ ഇങ്ങനെ ഒരു പദ്ധതിയേ തെറ്റാണ്‌ എന്നതായിരുന്നു. അദ്ദേഹത്തിന്റ അക്കാലത്തെ ലേഖനങ്ങളിലെ ചില വാചകങ്ങള്‍ നോക്കുക.

സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത ഇത്തരം അതി സമ്പന്ന തുരുത്തുകള്‍ ചുറ്റും ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുമുള്ള സാധരണക്കാരില്‍ ഉപഭോക്താസക്തി വളാര്‍ത്തും . ആത്മഹത്യയും കടക്കെണിയും ഉണ്ടാകും

അക്കാലത്ത്‌ CR എഴുതിയ ലേഖനങ്ങള്‍ക്കൊക്കെ ഈയൊരു സ്വഭാവമായിരുന്നു. എന്നാല്‍ VS അധികാരത്തില്‍ വന്നതോടെ CR സ്മാര്‍ട്ട്‌ സിറ്റിയുടെ ഗുണങ്ങളെപ്പറ്റി വാചാലനായി.സ്മാര്‍ട്ട്‌ സിറ്റി കുടിയൊഴിപ്പിക്കല്‍ സമരം തീര്‍ക്കാന്‍ CR മുന്നിട്ടിറങ്ങി. ചര്‍ച്ചകളിലൊക്കെ CR ന്റ നിലപാടുകള്‍ വളരെ വേഗം മാറി സ്മാര്‍ട്ട്‌ സിറ്റി മികച്ച പദ്ധതിയായി.

ഇങ്ങനെ നിലപാടുകളില്‍ സംശയമുള്ള ഒരു വിഭാഗമാണ്‌ മഹേശ്വര ദേവിയേ പൊക്കിപ്പിടിച്ചു കൊണ്ട്‌ നടക്കുന്നത്‌. അതുകൊണ്ട്‌ തന്നെ അതിന്‌ അത്രക്ക്‌ പ്രാധാന്യമേ നല്‍കേണ്ടതുള്ളൂ എന്നാണ്‌ എന്റ പക്ഷം. പിന്നെ നമ്മുടെ സാസ്ക്കാരിക നായകന്മാര്‍ എന്ന വിഭാഗം വെറും ചെരുപ്പ്‌ നക്കികളായതിനാല്‍ അവരില്‍ നിന്നൊന്നും ഞാന്‍ ഒരു നന്മയും പ്രതീക്ഷിക്കുന്നില്ല.

Anonymous said...

തമിഴനും തെലുങ്കനും ഹിന്ദിക്കാരനും ഈ പ്രശ്നമൊന്നുമില്ലത്തതിനാല്‍ നമുക്കൊന്നും പേടിക്കേണ്ട. നമുക്ക് ഹര്‍ത്താലും സമരവും മതി. നമ്മുടെ ചെറുപ്പക്കാര്‍ പുറംലോകത്ത് പോയി ജോലിചെയ്ത് പണം അയക്കുന്നുണ്ടല്ലോ. പിന്നെ നമ്മള്‍ എന്തിന് പണിയെടുക്കണം.

ചെന്നെയില്‍ മരുന്ന് കമ്പിനിക്ക് വേണ്ടി സാക്ഷാല്‍ കേന്ദ്ര ആരോഗ്യമന്ത്രി 3 പൊതുമേഖലാ കമ്പനി പൂട്ടി. കര്‍ണാടയുടെ IT വരുമാനം മാനംമുട്ടെയാണ്. മറുനാടന്‍മാരുടെ തൊഴില്‍ ശാലകളില്‍ പണിയെടുക്കാന്‍ ജനിച്ചവരാണോ മലയാളികള്‍?

ഇടതായാലും വലതായാലും കേരളത്തിന് എന്നും സമരം മാത്രം.

Suvi Nadakuzhackal said...

സര്‍ക്കാര്‍ വീട് നഷ്ടമാകുന്നവര്‍ക്കായി ഒരു ഫ്ലാറ്റ്‌/അപാര്‍ട്മെന്റ്റ് കൊംമ്പ്ലെക്സ് പണിതു നല്‍കുകയാണ് വേണ്ടത്. അല്ലാതെ അവരെ എല്ലാം പൊതു വഴിയില്‍ ഇറക്കി വിടനമെന്നല്ല ഞാന്‍ പറഞ്ഞത് അന്നേ. ഇക്കാര്യം ഞാന്‍ ആദ്യത്തെ പോസ്റ്റിലെ പറഞ്ഞതാണ്. പൊതു നന്മയ്ക്കായി എന്തെങ്കിലും ചെയ്യുമ്പോള്‍ പലപ്പോഴും ചിലര്‍ക്ക് അസൌകര്യങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അവരെ കഴിവിന്റെ പരമാവധി സഹായിക്കുക എന്നുള്ളത് സര്ക്കാരിന്റെ കടമ ആണ്. പക്ഷെ ഈ സമരക്കാര്‍ എല്ലാം കൂടെ എല്ലാ വികസന പരിപാടികള്‍ക്കും പാര വെയ്ക്കുവാന്‍ സമ്മതിച്ചു കൊടുത്താല്‍ അടുത്ത നൂറ്റാണ്ടിലും കേരളം ഒരു ഉപഭോഗ സംസ്ഥാനം ആയി തുടരും. ഗള്‍ഫിലോ, പടിഞ്ഞാറന്‍ രാജ്യങ്ങളിലോ എന്തെങ്കിലും പ്രശ്നം വന്നു നമ്മുടെ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞാല്‍ കേരളത്തിന്റെ കാര്യം കട്ടപ്പുക ആവുകയും ചെയ്യും.

Anonymous said...

വേറൊരു രസകരമായ സംഗതിയെന്തെന്നാല്‍ ഈ സംരംഭങ്ങളൊക്കെ കണ്ണായ സ്ഥലത്താണ് തുടങ്ങാന്‍ പരിപാടീടുന്നത്. കാസര്‍കോട്ടോ ഇടുക്കിയിലോ, അതുപോലെയുള്ള പിന്നോക്ക ജില്ലകളില്‍ ധാരാളം വിജന സ്ഥലങ്ങളുണ്ടങ്കിലും ആരും അവിടെ ഒരു വലിയ സ്ഥാപനം തുടങ്ങാന്‍ താല്‍പ്പര്യം കാണിക്കാറില്ല. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥ റിയലെസ്റ്റേറ്റ് മാഫിയകളാണ്. ലോകത്തിന്റെ ഏതുമൂലയിലുള്ള സ്ഥലത്തും പണിക്കയിപോകുന്ന മലയാളിക്ക് കേരളത്തിലെ ഒരു ഓണംകേറാമൂലയില്‍ പോയി ജൊലിചെയ്യാന്‍ വയ്യാ എന്നു പറയാന്‍ പറ്റില്ല.

N.J Joju said...

ജഗദീഷേ,

വല്ലാര്‍പാടം ടെര്‍മിനല്‍ നമുക്ക് വാകത്താനത്താക്കിയാലോ

അന്ന ഫിലിപ്പ് said...

Manoj VM
താങ്കള്‍ പരാമര്‍ശിക്കുന്നത് സി.ആര്‍ നീലകണ്ഠനെ തന്നെയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കിരണ്‍,
ഞാന്‍ നിങ്ങള്‍ക്കെതിരെ വെറുതെ ഒരു ആരോപണം ഉന്നയിച്ചതല്ല. മാരീചന്‍റെ പോസ്റ്റില്‍തന്നെ കമന്‍റിയ ചെലരു ഗ്രൂപ്പിസത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പം എനിക്കു തോന്നിയ ഒരു സംശയം പറഞ്ഞെന്നു മാത്രം.
കാര്യങ്ങള്‍ വ്യക്തമായി അറിയാതെ സി.ആര്‍ നീലകണ്ഠന് ഒരു വിയറ്റ്നാം കോളനി ടച്ച് കൊടുക്കാന്പറ്റുവോ?
ആ ഒറ്റക്കാരണത്തിന്‍റെ പേരില്‍ മഹാശ്വേതാ ദേവിയെ അപമാനിച്ചതിനെ ന്യായീകരിക്കുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

മഹാശ്വരദേവി ആരുടെ ഒപ്പമാണ്‌ നില്‍ക്കുന്നത്‌ എന്നാണ്‌ പ്രശ്നം. അവരെ കൊണ്ട്‌ നടക്കുന്നത്‌ CR ഉം അധിനിവേശ പ്രതിരോധ സമിതിയൊക്കെയാണ്‌. അവരുടെ പല നിലപാടുകളും അംഗീകരിക്കാന്‍ ബുദ്ധിമുട്ടള്ളതോ സംശാസ്പദമോ ആണ്‌.

TATA യുടെ സ്ഥലത്തു കൂടി റോഡ്‌ വെട്ടണം എന്ന് പറഞ്ഞാണ്‌ സമരം തുടങ്ങിയത്‌ എന്നാല്‍ സംഭവിച്ചത്‌ മൂലമ്പള്ളി സംഭവവും പെട്ടെന്നുള്ള സെറ്റില്‍മെന്റും. സമരത്തിന്‌ നേതൃത്വം കൊടുക്കുന്ന ഇവര്‍ക്ക്‌ കോടതിയില്‍ നിന്ന് നിയമപരമായ സമരത്തിലൂടെ ഒരു അനുകൂല വിധി പോലും നേറ്റിക്കൊടുക്കാന്‍ കഴിഞ്ഞില്ല. കോടതില്‍ ഈ ഒഴിപ്പിക്കളിനെതിരെ നേരത്തെ തന്നെ വാദം തുടങ്ങുകയോ നന്ദീഗ്രം പശ്ചാത്തലത്തില്‍ വന്ന പുതിയ കോടതി വിധികളെ മികച്ച രീതിയില്‍ അവതരിപ്പിച്ച്‌ ഒരു അനുകൂല വിധി ഉണ്ടാക്കനുള്ള സമയം ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ആര്‍ക്കും താല്‍പര്യമേ അല്ലായിരുന്നു. പല പല ഒഴിപ്പിക്കല്‍ നോട്ടിസ്‌ വരുമ്പോഴും ഇവര്‍ പറഞ്ഞിരുന്നത്‌ നിങ്ങളെ ആര്‍ക്കും ഒഴിപ്പിക്കന്‍ കഴിയില്ല എന്നായിരുന്നു. എന്നാല്‍ അവസാനം അതും സംഭവിച്ചു.

പറയുമ്പോള്‍ ചിലപ്പോള്‍ ഗ്രൂപ്പിസമാണ്‌ എന്ന് തോന്നമെങ്കിലും ചില വസ്തുതകള്‍ എനിക്ക്‌ പറയാതെ വയ്യ. CR നീലകണ്ടനും കൂട്ടരും VS പക്ഷത്തിന്റ ബ്രാന്റ്‌ അമ്പാസിഡര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്നു. VS പാര്‍ട്ടിയില്‍ നിര്‍ണ്ണായകമായ ഒരു മത്സര രംഗത്ത്‌ നില്‍ക്കുമ്പോഴാണ്‌ മുല്ലംബള്ളി സംഭവം ഉണ്ടാകുന്നത്‌. എന്നാല്‍ ആദര്‍ശ VS പക്ഷത്തിന്റ ജില്ലയായ എര്‍ണ്ണാകുളത്ത്‌ CR ന്‌ ഒരു ശക്തമായ സമരം നടത്താന്‍ മടിയുണ്ടായിരുന്നു. VS നെ പ്രതിക്കൂട്ടിലാക്കി ഒരു നീക്കം അദ്ദേഹത്തെ ക്ഷീണിപ്പിക്കുമെന്ന് അറിയാവുന്ന നീലകണ്ടനും കൂട്ടരും ആ രീതിയില്‍ ഒരു ഇടപെടല്‍ നടത്താതീരുന്നത്‌ കാണാതെ പോകരുത്‌. ഇന്ത്യാവിഷനിലും മനോരമയിലും അന്ന് നടന്ന ചര്‍ച്ചകളില്‍ ഇത്‌ VS ന്റ അറിവോടെയെന്ന് ഞാന്‍ കരുതുന്നില്ല എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ്‌ CR നല്‍കിയത്‌. എന്നാല്‍ കോട്ടയം സമ്മേളനത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. VS ന്റ നിറം മാറി. CR ഉം മാറി. മഹേശ്വരദേവി VS ന്‌ തുറന്ന കത്തെഴുതി VS തുറന്ന മറുപടി എഴുതി അങ്ങനെ അങ്കം മൂത്തു. എന്നാല്‍ ഏറ്റവും ശ്രദ്ദേയമായ കാര്യം VS നെ കളിയാക്കി കഥയെഴുതിയ M. മുകുന്ദന്‍ വരെ ഇന്ന് മഹേശ്വര ദേവിയേ പ്രതിരോധിക്കാന്‍ VS നൊപ്പം ഉണ്ട്‌. ഇത്‌ മുഴുവന്‍ ഒരു കൊടുക്കല്‍ വാങ്ങള്‍ കളികളാണ്‌. നമുക്കാര്‍ക്കും ഇവരുമായി പൊരുത്തപ്പെടാന്‍ കഴിയില്ല.

shahir chennamangallur said...

എനിക്കിഷ്ടമാണ് മാധ്യമം പത്രത്തെ. കാരണം അന്ന പറഞ്ഞതു തന്നെ. പുരംപോകില്‍ ജീവിക്കുന്ന ആളുകളുടെ കാഴ്ച അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് മാധ്യമം മാത്രമാണ്.
അന്നയുടെ ബ്ലോഗില്‍ ആദ്യമായി വരുന്നതാണ്. വളരെ നല്ല കാഴ്ചപ്പാടുകള്‍. ഇഷ്ടായി. ഇനിയും വരാം