Tuesday, June 3, 2008

ബൂലോകത്തെ ഇടതന്‍മാര് വായിക്കാന്‍

മൂലമ്പിള്ളീലെ അമ്മമാരുടെ വിലാപം ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ നെഞ്ചു പിടഞ്ഞു. വികസനത്തിന്‍റെ പേരില്‍ തെരുവിലേക്ക്‌ വലിച്ചെറിയപ്പെട്ട പാവങ്ങളുടെ കണ്ണീര്‌ ഉറക്കം കെടുത്തിയപ്പോള്‍ അവരെ നേരില്‍ കാണണമെന്നു തോന്നി.

മൂന്നാം ദിവസം ഉച്ചയോടെ മൂലമ്പള്ളീലെത്തിയപ്പോള്‍ ടലിവിഷനില്‍ കണ്ടതിനേക്കാള്‍ ദയനീയമാണ്‌ അവിടെ താമസിച്ചിരുന്ന പാവങ്ങളുടെ സ്ഥിതിയെന്ന്‌ മനസിലായി. അവരില്‍ പലരും എറണാകുളത്ത്‌ സമരപ്പന്തലിലായിരുന്നു.

പാവങ്ങളുടെ രക്ഷകരെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടിടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‌ പാവങ്ങളുടെ മേക്കിട്ടു കേറുന്നതിന്‍റെ ഉദാഹരണങ്ങളിലൊന്നാണ് മൂലമ്പിള്ളി.
നമ്മളു കൊയ്യും വയലെല്ലാം നമ്മടെതാകും പൈങ്കിളിയേ എന്ന പാട്ട്‌ നമ്മളു കാട്ടും നെറികേടെല്ലാം നന്‍മയാണു സഖാക്കളേ എന്ന്‌ തിരുത്തീരിക്കുവല്ലേ.

ഇതേ പാട്ട്‌ ഏറ്റുപാടി എല്ലാ നെറികേടുകള്‍ക്കും ഓശാന പാടുന്ന കേരളത്തിലെ സാംസ്‌കാരിക പുണ്യാളന്‍മാര്‍ മൂലമ്പിള്ളിക്കാരുടെ വിലാപം കേക്കാതിരുന്നതില്‍ അത്ഭുതമില്ല. നന്ദിഗ്രാമിലെ കൂട്ടക്കുരിതിയില്‍ മൗനം പാലിക്കാനും ഒളിന്പിക്‌സിന്‌ ഇങ്കുലാബ്‌ വിളിച്ച് സമ്മേളനം നടത്താനും ദലൈലാമയും കൂട്ടരും ചൈനേടെ പരമാധികാരത്തെ ചോദ്യം ചെയ്യുവാണെന്ന്‌ വിളിച്ചുകൂവാനും ചങ്കൂറ്റം കാട്ടിയോരുടെ കൂട്ടത്തില്‍ അവരും ഉണ്ടാരുന്നല്ലോ.

നന്ദിഗ്രാം പ്രശ്‌നത്തില്‍ ശക്തമായ നിലപാടെടുത്ത ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവി മൂലമ്പള്ളിക്കാരുടെ ദുരിതങ്ങള്‍ നേരിട്ടറിയാനെത്തിയപ്പോള്‍ അവരുടെ മേക്കിട്ടുകേറാന്‍ സാംസ്‌കാരിക കേരളം മത്സരിക്കുവല്ലാരുന്നോ. തൊട്ടതിനും പിടിച്ചതിനുമെല്ലാം പോസ്‌റ്റുകളിടുന്ന ബൂലോകത്തെ പല കാരണവന്‍മാരും മൂലമ്പിള്ളിയെയും മഹാശ്വേതാ ദേവിയേം കണ്ടില്ലെന്നു നടിച്ചു. പാര്‍ട്ടി എന്തു ചെയ്താലും അതിനെ പിന്താങ്ങുന്നത പതിവ് ഉപേക്ഷിച്ച് തെറ്റു തെറ്റാന്നു പറായാന്‍ ഇടതു സാസംകാരിക പ്രവര്‍ത്തകരും ബുജികളും തയാറാകുന്ന ഒരു കാലമുണ്ടാകുമോ?

ഇന്നു രാവിലെ അവിചാരിതമായി മാധ്യമം പത്രം കണ്ടു. അതിന്റെ ഫീച്ചര്‍ പേജില്‍ സി.ആര്‍. നീലകണ്‌ഠന്‍ എഴുതിയ ലേഖനം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്‌ കുറഞ്ഞപക്ഷം ബൂലോകത്തെ ഇടതു ബുജികളെങ്കിലും വായിക്കുന്നത്‌ നല്ലതാരിക്കുമെന്നു തോന്നി. അതുകൊണ്ട്‌
ദേ ഇവിടെ ഇടുന്നു. പ്രതികരിച്ചില്ലേല്ലും കൊഴപ്പമില്ല. ഇതൊന്നു വായിച്ചാ മതി.