Tuesday, July 31, 2007

ഒരു സീറോ മലബാറുകാരിക്ക്‌ പറയാനുള്ളത്‌

കേരളത്തില്‍ രണ്ടാം വിമോചന സമരം നടക്കുമോ?. ബിഷപ്പുമാരുടെയും അച്ചന്‍മാരുടെയും താളത്തിനൊപ്പിച്ച്‌ തുള്ളാന്‍ ആളെ കിട്ടില്ലെന്നാണ്‌ എന്‍റെ അപ്പന്‍ ഇപ്പഴും പറയുന്നത്‌.

ഭൂരിഭാഗം പേരും ഇതേ അഭിപ്രായക്കാരാണ്‌. പോരാത്തതിന്‌ ആദ്യ വിമോചന സമരത്തിന്‍റെതുപോലെ അനുകൂല സാഹചര്യങ്ങളുമില്ലത്രെ. ഞാനും അങ്ങനൊക്കത്തന്നെയാ കരുതിയത്‌. പക്ഷെ കാര്യങ്ങളുടെ കെടപ്പ്‌ ശരിക്കൊന്ന്‌ പരിശോധിച്ചപ്പം ഒറപ്പായി -ബിഷപ്പുമാര്‍ രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങിയാല്‍ സമരം നടന്നിരിക്കും!

മൂന്നാലു കൊല്ലം ഒരു കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ഭാരവാഹിയായിരുന്നിട്ടും സഭേടെ ചുറ്റുപാടുകളെക്കുറിച്ച്‌ ചിന്തിക്കാതെ അപ്പനും മറ്റുള്ളോരും പറയുന്നത്‌ വിശ്വസിച്ച എന്നെ പുളങ്കമ്പു വെട്ടി അടിക്കണം!.

അടിയുറച്ച സഭാവിശ്വാസിയെന്ന നിലക്ക്‌ ബ്ലോഗര്‍മാരുടെ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത എനിക്കുണ്ടെന്ന വിശ്വാസത്തിലാണ്‌ മണിക്കൂറുകള്‍ മെനക്കെട്ട്‌ ഇതൊക്കെ വാരിവലിച്ച്‌ അടിക്കുന്നത്‌. വായിക്കാന്‍ ക്ഷമയുള്ളവന്‍ വായിക്കട്ടെ!

അവിടേം ഇവിടേം അടക്കംപറയുന്നതും സഭാ വിരുദ്ധ പ്രസിദ്ധീകരണങ്ങളില്‍ ദുര്‍നടപ്പുകാര്‍ എഴുതുന്നതുമല്ലാതെ ഏതെങ്കിലും നല്ല നസ്രാണി(എന്നുവെച്ചാല്‍ കമ്യൂണിസ്റ്റുകാരന്‍ അല്ലാത്തയാള്‍) നെഞ്ചു നിവര്‍ത്തി നിന്ന്‌ ബിഷപ്പുമാര് ആഹ്വാനം ചെയ്യുന്ന കേട്ട് തെരുവിലെറങ്ങാന്‍ എന്നെ കിട്ടില്ല എന്ന് ഇതുവരെ പറഞ്ഞിട്ടൊണ്ടോ? എന്തിന്‌, ചാനലുകാര്‌ ക്യാമറേംകൊണ്ടുവന്നല്‍ എന്‍റെ അപ്പന്‍ പോലും കതകടച്ച്‌ അകത്തിരിക്കും.

കാര്യമെന്നാന്നു മനസിലായോ? ബിഷപ്പുമാര്‍ക്കെതിരെ തിരിയുന്നവര്‍ അനുഭവിക്കും. സൊര്‍ഗത്തീ ചെല്ലുമ്പോഴല്ല. ഇവിടെവെച്ചുതന്നെ. ബിഷപ്പുമാരേം അച്ചമ്മാരേം എതിര്‍ക്കുന്നത്‌ സഭയെ എതിര്‍ക്കുന്നതിന്‌ തുല്യമാ. സഭയെ എതിര്‍ക്കുന്നതും കര്‍ത്താവിനെ എതിര്‍ക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം?.

ദൈവദോഷിയെ സഭേല്‌ വെച്ചുപൊറിപ്പിക്കുമോ? ഇത്തരക്കാരുടെ കുടുംബത്തീന്നുള്ള പിള്ളാരെ പള്ളീല്‌ മാമ്മോദീസ മുക്കാന്‍ ഇത്തിരി പുളിക്കും. വല്ല പാറമടേലും കൊണ്ടുപോയി മുക്കേണ്ടിവരും. കല്യാണം നടത്താന്‍ രജിസ്റ്ററ്‌ കച്ചേരീ പൊക്കോണം. ചത്താല്‍ ശവോടക്ക്‌ ചുടുകാട്ടീ നടത്തണം.

പള്ളി വെലക്കിയാ പിന്നെ പള്ളിക്കാരും നാട്ടുകാരും ഒക്കെ വെലക്കും. ചുരുക്കം പറഞ്ഞാ പാമ്പാടീലെ എച്ച്‌.ഐ.വി ബാധിച്ച പിള്ളാരുടെ അവസ്ഥേലാകും ഇത്തരക്കാര്‌.

വിമോചന സമരം നടത്തണേങ്കി മുന്നില്‍ നില്‍ക്കാനും പണ്ടത്തേതുപോലെ വെടിവെപ്പുണ്ടായാല്‍ ദാ ഇങ്ങോട്ട്‌ വെക്ക്‌ എന്നു പറഞ്ഞ്‌ നെഞ്ചു കാട്ടിക്കൊടുക്കാനുമൊക്കെ അല്‍മായര്‌(എന്നുപറഞ്ഞാ സാദാ വിശ്വാസികള്‍) തന്നെ വേണം. അവരു ചത്താ കരയാന്‍ വീട്ടുകാരുണ്ടേ. ആരോരുമില്ലാത്ത അച്ചന്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും വേണ്ടി ആരു കരയും?. കളം ഉഷാറായിക്കഴിഞ്ഞ അച്ചന്‍മാരു മുന്നില്‍ നില്‍ക്കുന്നതു മോശവല്ലേ? അതോണ്ട്‌ അല്‍മായരുടെ കരുത്തിലായിരിക്കും സമരം മുന്നോട്ടു പോകുക.

കേരളത്തിലെ സീറോ മലബാറുകാരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമയി ഇടത്തരക്കാരും മേല്‍ത്തട്ടുകാരുമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. തെരുവിലെറങ്ങി മുദ്രാവാക്യം വിളിക്കാന്‍ ഇവരില്‍ പലര്‍ക്കും താല്‍പര്യമില്ലെന്നും കേള്‍ക്കുന്നു.

പലരും വീട്ടു വര്‍ത്തമാനമങ്ങളിലും കവലക്കൂട്ടായ്മകളിലും മറ്റും ഇക്കാര്യം പറയുന്നൊണ്ട്. പക്ഷെ പള്ളിവെലക്കിന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ എറങ്ങാതെ എന്തോ ചെയ്യും?. ചുമ്മാതാണോ ഇരിങ്ങാലക്കൊടേലും തൃശൂരുമൊക്കം ബിഷപ്പു‍മാരു പറയുന്നതിനു മുമ്പ്‌ ചെറുപ്പക്കാരു പന്തോം കത്തിച്ച്‌ പെരുവഴീ ചാടിയത്‌.

അപ്പം ഇതു വായിക്കുന്ന കത്തോലിക്കരല്ലാത്തവരു ചോദിക്കും ഇതെന്നാ വെള്ളരിക്കാപ്പട്ടണമാണോന്ന്‌. ഈ ജനാധിപത്യ രാജ്യത്ത്‌ ഒരു അച്ചനോ ബിഷപ്പോ ശ്രമിച്ചാല്‍ പള്ളിവെലക്ക്‌ ഏര്‍പ്പെടുത്താന്‍ പറ്റുവോന്നും സംശയം തോന്നിയേക്കാം. ഇത്‌ വെള്ളരിക്കാപട്ടണം തന്നെയാ. മാറ്റമില്ലാത്തയായി ഈ ഭൂമിലൊള്ളത്‌ മാറ്റവും കത്തോലിക്കാ സഭേം മാത്രമാണെന്ന്‌ അറിയാമ്പാടില്ലാത്തകൊണ്ടാ നിങ്ങക്ക്‌ സംശയം.

എന്‍റെ എടവകേലെ കാര്യമെടുക്കാം. മറ്റ്‌ എടവകകളിലേതുപോലെ ഇവിടെയും വികാരിയച്ചനാണ്‌ പരാമധികാരി. എന്നു കരുതി അച്ചന്‍ ഒരു ഹിറ്റ്ലറൊന്നുമല്ല കേട്ടോ. ജനാധിപത്യപരമായി കാര്യങ്ങള്‌ തീരുമാനിക്കാന്‍ പാരിഷ്‌ കൗണ്‍സില്‍(പഴയ പള്ളിയോഗത്തിന്‍റെ പുതിയ പതിപ്പാണേ)എന്നൊരു സെറ്റപ്പുണ്ട്‌. അംഗങ്ങളില്‍ ഭൂരിഭാഗവം 60 വയസു കഴിഞ്ഞവര്‍. തറവാടിത്തവും അറിവും പ്രവര്‍ത്തന പാരമ്പര്യവും നിറഞ്ഞു തുളുമ്പുന്ന ഇവരില്‍ ഏറിയ കൂറും സര്‍വീസില്‍നിന്ന്‌ വിരമിക്കുകയും മനസുകൊണ്ട്‌ വിരമിക്കല്‍ സമ്മതിക്കാത്തവരുമായ അധ്യാപകര്‍. പാരിഷ്‌ കൌണ്‍സിലില്‍ ഇടംകിട്ടാത്ത ചില വിപ്ളവകാരികളായ ചെറുപ്പക്കാര്‍(ഇവര്‌ കമ്യൂണിസ്റ്റാണെന്നും സംസാരമുണ്ട്‌-എന്‍റാങ്ങള ഔസേപ്പച്ചന്‍ എന്ന് ഞങ്ങളു വിളിക്കുന്ന എബിയുംഇക്കൂട്ടത്തിലൊണ്ട്) ഈ കരപ്രമാണിമാരെ കടുംവെട്ടുകള്‍ (കലാവധി കഴിഞ്ഞ റബര്‍ മരത്തില്‍നിന്ന്‌ പരമാവധി പാലു കിട്ടാന്‍വേണ്ടി നടത്തുന്ന ആക്രാന്ത ടാപ്പിംഗിനാണ്‌ കടുംവെട്ട്‌ എന്ന്‌ പറയുന്നത്‌. ചുവടോടെ വെട്ടാറായ റബര്‍ മരങ്ങളുടെ ചുരുക്കപ്പേരും ഇതുതന്നെ)എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

മുതിര്‍ന്നവര്‍ മാത്രമല്ല, ചെറുപ്പക്കാരുമുണ്ട്‌ പാരിഷ്‌ കൌണ്‍സിലില്‍. ഇവരില്‍ അധികം പേരും ഭക്ത സംഘടനാ ഭാരവാഹികളും സണ്‍ഡേ സ്കൂള്‍ അധ്യാപകരും പഴയ അള്‍ത്താര ബാലന്‍മാരുമൊക്കയാണ്‌. ഇവരെയും കമ്യൂണിസ്റ്റുകാര്‍ വെറുതെ വിടത്തില്ല. കോര്‍പ്പറേറ്റ്‌ മാനേജ്മെന്‍റില്‍‍ പ്യൂണ്‍ മുതല്‍ പ്ളസ്‌ ടൂ ടീച്ചര്‍ വരെയുള്ള ജോലികളില്‍ കണ്ണുവെച്ച്‌ അച്ചമ്മാരെയും ബിഷപ്പുമാരെയും സുഖിപ്പിക്കുകയാണ്‌ ഭക്ത സംഘനടനാ ഭാരവാഹികളുടെയും സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെയും ഉദ്ദേശമെന്നാണ് ആരോപണം.

ആത്മീയ കാര്യങ്ങളില്‍ സംശയനിവാരണത്തിനായി ഇവര്‍ അച്ചന്‍മാരെ കാണാന്‍ പള്ളിമേടേല്‍ പോകുന്പോള്‍ അ‍ ഔസേപ്പച്ചനും കൂട്ടരും പറയും കുശിനി(പള്ളിമേടേലെ അടുക്കള)യില്‍ ചട്ടിനക്കാന്‍ പോകുവാന്ന്‌. എന്തിനധികം ഇരിങ്ങാലക്കുടേലും മറ്റും വിമോചന സമരത്തിനായി ആദ്യം തെരുവിലിറങ്ങിയ ചെറുപ്പക്കാര്‍ ഈ വിഭാഗത്തില്‍പെട്ടവരാന്നുപോലും ഈ ദുഷ്ടന്‍മാര്‍ ആരോപിക്കുന്നുണ്ട്.

വിപ്ളവകാരികളില്‍ ചിലരും അവരോട്‌ അടുപ്പും പുലര്‍ത്തുന്നവരുമായി രണ്ടോ മൂന്നോ പേരും എങ്ങനെയെങ്കിലും പാരിഷ്‌ കൗണ്‍സിലില്‍ കയറിക്കൂടും. പാരിഷ്‌ കൗണ്‍ിസിലിനു പുറമെ പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങളെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ എല്ലാ ഗൃഹനാഥന്‍മാര്‍ക്കും പ്രാതിനിധ്യമുള്ള ഇടവക പൊതുയോഗോം വിളിക്കാറുണ്ട്‌. പള്ളിപ്പെരുനന്നാളിന്‌ കലാപരിപാടി ഏതു വേണം, പള്ളിപ്പറമ്പിലെ തേങ്ങാ എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ മുതല്‍ കുര്‍ബാനയുടെ സമയംവരെയുള്ള കാര്യങ്ങളെക്കുറിച്ച്‌ പാരിഷ്‌ കൗണ്‍സിലും പൊതുയോഗോം ഒക്കെ ആലോചിക്കുമ്പോ സഭേക്കുറിച്ച്‌ യാതൊരു വിവരോം ഇല്ലാത്ത ഔസേപ്പച്ചനും കൂട്ടരും ഓരോ അഭിപ്രായം പറേം. മാറ്റമില്ലാത്തത്‌ മാറ്റത്തിനും കത്തോലിക്കാ സഭക്കും മാത്രമാണെന്ന്‌ അവര്‍ക്ക്‌ അറിയത്തില്ലല്ലോ. അവര്‍ എന്നാ ഭൂകമ്പം ഉണ്ടാക്കിയാലും വികാരിയച്ചനും പരിചയ സമ്പന്നരായ അച്ചായന്‍മാരും പിന്നെ സല്‍സ്വഭാവികളായ സണ്‍ഡേ സ്കൂള്‍ അധ്യാപകരും സംഘടനാ ഭാരവാഹികളും നേരത്തെ ഉണ്ടാക്കിയ ധാരണയനുസരിച്ചേ അന്തിമ തീരുമാനം ഉണ്ടാകു. കമ്യൂണിസ്റ്റുകാരുടെ കളി പള്ളീല്‌ ചെലവാകുന്ന പ്രശ്നമില്ല.

ഞങ്ങളെ എടവകേലു മാത്രമല്ല, എല്ലാടത്തും ഇതു തന്നെയാ സ്ഥിതി. പാരിഷ്‌ കൗണ്‍സിലിന്‍റെ അതിരൂപതാ (പല ഇടവകകള്‍ ചേര്‍ന്നതാണ്‌ ഫൊറോന. പല ഫൊറോനകള്‍ ചേര്‍ന്നാല്‍ രൂപത. ഇടവകയെ ലോക്കല്‍ കമ്മിറ്റിയായി കരുതിയാല്‍ ഫൊറോന ബ്രാഞ്ച്‌ കമ്മിറ്റിയും രൂപത ഏരിയാ കമ്മിറ്റിയും അതിരൂപത ജില്ലാ കമ്മിറ്റിയുമാണെന്ന്‌ ഔസേപ്പച്ചന്‍റെ തമാശ.) പതിപ്പായ പാസ്റ്ററല്‍ കൗണ്‍സിലില്‍ വിപ്ളവക്കാര്‌ ഇല്ലാത്തതുകൊണ്ട്‌ അവിടെ എതിര്‍പ്പിന്‍റെ സ്വരം ഉയരാറേയില്ല. ഇനി ഏതെങ്കിലും ഒരാള്‍ തലതിരിഞ്ഞു വന്ന്‌ വിപ്ളവമൊണ്ടാക്കാന്‍ ശ്രമിച്ചാല്‍ എപ്പം അടിച്ചിരുത്തിയെന്ന്‌ ചോദിച്ചാപ്പോരേ?

വെടികൊണ്ട്‌ ചാകേണ്ടത്‌ വിശ്വാസികളായതുകൊണ്ട്‌ വിമോചന സമരത്തെക്കുറിച്ച്‌ പറയുമ്പോ അവരുടെ അഭിപ്രായം ചോദിക്കണമെന്നാണ്‌ ജോസഫ്‌ പുലിക്കുന്നേലിനെപ്പോലെയുള്ള പിന്തിരിപ്പന്‍മാരു പറയുന്നത്‌. വിവരമില്ലാത്ത പുലിക്കുന്നേല്‌ സഭേ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുവാന്നാ അച്ചന്‍മാരു പറയുന്നേ (പുലിക്കുന്നേലിന്‍റെ ഓശാനേന്നു പറയുന്ന പ്രസിദ്ധീകരണം വായിച്ചതിന്‌ വടക്കേപ്പറമ്പിലെ തോമാച്ചായനെ വികാരിയച്ചന്‍ വിരട്ടിയ കാര്യം അപ്പന്‍ ഇപ്പഴും പറേം. ഓശാനേം ദേശാഭിമാനീം ഒന്നുപോലാന്നാ വികാരിയച്ചന്‍റെ അഭിപ്രായം)

ആടുകളുടെ മനസറിയുന്നോരാ ഇടയന്‍മാര്‌. അതുകൊണ്ടുതന്നെ ബിഷപ്പുമാര്‍ ഒരു തീരുമാനമെടുക്കുമ്പോ അത്‌ വിശ്വാസികളുടെ തീരുമാനംതന്നെയാണെന്ന്‌ പുലിക്കുന്നേലിനും കൂട്ടര്‍ക്കും മനസിലാക്കിക്കൂടെ. വിമോചന സമരം നടത്താന്‍ തീരുമാനിച്ചെന്നിരിക്കട്ടെ (ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാ ഞങ്ങടെ സിനഡിന്‍റെ വക്താവ്‌ തേലക്കാട്ടച്ചന്‍ ഏഷ്യാനെറ്റില്‌ നേര്‍ക്കു നേര്‍ പരിപാടിയില്‍ പറഞ്ഞത്‌) അതില്‍നിന്ന്‌ വിട്ടു നില്‍ക്കുകയോ അതിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ ഒരുമാതിരിപ്പെട്ടവരൊന്നും ധൈര്യപ്പെടുകേലന്ന്‌ ഇപ്പം മനസിലായില്ലേ?.

ചങ്ങനാശേരി അതിരൂപതേലെ ഒരു ഫൊറോനാപ്പള്ളീലെ കല്യാണങ്ങളുടെ സദ്യ നടത്തി സമീപത്തെ സ്വാകാര്യ ഓഡിറ്റോറിയങ്ങള്‍ കാശ്‌ കുറെ ഒണ്ടാക്കി. പള്ളിക്ക്‌ ഒരു ഓഡിറ്റോയിമുണ്ടേല്‍ ഈ കാശ്‌ എവിടേലും പോകുവോ?. ഈ ചിന്തയാണ്‌ ഒരു ഓഡിറ്റോറിയം നിര്‍മിക്കാനുള്ള തീരുമാനത്തിലെത്തിയത്‌. വികാരിയും അദ്ദേഹത്തിന്‍റെ ഉപദേശകരും ചേര്‍ന്ന്‌ ഓരോ ഇടവകാംഗത്തിന്‍റെയും വിഹതം നിശ്ചയിച്ചു. ആദ്യം കിട്ടിയ കൊറെ കാശുകൊണ്ട്‌ നിര്‍മാണം തൊടങ്ങി. പക്ഷെ ഇടവകക്കാര്‍ വേണ്ടവിധം സഹകരിച്ചില്ല. പണി പാതിവഴിയില്‍ നിന്നുപോയി.

വികാരിയച്ചനോടാ വിശ്വാസികളുടെ കളി?. കുട്ടിയുടെ മാമ്മോദിസാ നടത്താനും കല്യാണക്കുറി വാങ്ങാനുമൊക്കെ എത്തിയവരോട്‌ ഓഡിറ്റോയിത്തിന്‍റെ കാശുവെക്കാതെ കാര്യം നടക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കല്യാണത്തിന്‍റെ തലേന്ന്‌ നെട്ടോട്ടമോടുന്നവന്‍ കാശടക്കാതെ എന്തോ ചെയ്യും?. കൂലിപ്പണിക്കാരന്‍ പോലും കാശുവെച്ചു. ഇതാ പറഞ്ഞെ പള്ളിയോടു കളിച്ച്‌ കൈ പൊള്ളിക്കരുതെന്ന്‌.

അധികാരത്തിന്‍റെ കടിഞ്ഞാണ്‍ കയ്യിലുള്ളതുകൊണ്ട്‌ അച്ചന്‍മാരും ബിഷപ്പുമാരും ധാര്‍ഷ്ട്യം(ഈ സാധനം എന്താണാവോ) കാണിക്കുകയാണെന്നാ കമ്യൂണിസ്റ്റു ക്രിസ്താനികള്‍ പറയുന്നത്‌. ഈ വിപ്ളവം പറയുന്നോര്‌ പള്ളിക്കെതിരെ കോടതീ പോട്ടെ. അതിന്‌ ധര്യമില്ല. കാരണമെന്നാ? - പള്ളിവെലക്കേ..

അച്ചമ്മാരും വിശ്വാസികളും തെരുവിലെറങ്ങുന്നത് സീറോ മലബാര്‍ സഭക്ക്‌ മാനക്കേടാണെന്നാണ്‌ ചെലരുടെ വാദം. കാര്യം കാണാന്‍ തെരുവില്‍ എറങ്ങാതെ എന്തോ ചെയ്യും?. പണ്ട്‌ പടിയറപ്പിതാവ് കാലം ചെയ്തപ്പോള്‍ ഞങ്ങടെ പൌവ്വത്തിപ്പിതാവിനെ കൊണ്ടുപോയി മേജര്‍ ആര്‍ച്ച്‌ ബിഷപ്പാക്കാന്‍ ശ്രമിച്ചപ്പോ എറണാകുളത്ത്‌ അച്ചമ്മാര്‌ മുദ്രാവാക്യം മൊഴക്കി തെരുവിലിറങ്ങിയത്‌ ഇവര്‍ ഓര്‍ക്കുന്നില്ലായിരിക്കും. ഞങ്ങടെ നാട്ടില്‍ എല്ലാ അള്‍ത്താരേലും വെച്ചിരിക്കുന്ന മാര്‍തോമാ കുരിശ്‌ അംഗീകരിക്കാന്‍ പറ്റുകേലെന്നു പറഞ്ഞ്‌ എറണാകുളത്ത്‌ നടത്തിയ സമരമെങ്കിലും ഇക്കൂട്ടര്‍ക്ക്‌ ഓര്‍ത്തൂടെ?.

ഓര്‍ത്തഡോക്സുകാരു തമ്മില്‍ തല്ലുമ്പോഴും ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ ആര്‍ച്ച്‌ ബിഷപ്പിനെതിരെ രംഗത്തുവന്നപ്പോഴുമൊക്കെ സീറോ മലബാര്‍ സഭേലുള്ളോര്‍ക്കു മാത്രം പൌരുഷമില്ലേന്ന്‌ ഒരു തോന്നലുണ്ടായി. പക്ഷെ ആന്‍ഡ്രൂസ്‌ താഴത്തു പിതാവിന്‍റെ വെല്ലുവളി കേട്ടപ്പം കുളിരു കോരി. എന്തിന്‌ എല്ലാം കഴിഞ്ഞ്‌ കഴിഞ്ഞ ദിവസം വര്‍ക്കിപ്പിതാവ്‌ നോക്കി വായിച്ച പ്രസംഗം കേട്ടപ്പം അറിയാതെ മുഷ്ഠി ചുരുട്ടി വായുവില്‍ എറിഞ്ഞുപോയി. ഈ വിപ്ളവ വീര്യമത്രയും അദ്ദേഹം ഇത്രയുംകാലം എവിടെ ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്‍റെ മലാറ്റൂ മൂത്തപ്പാ?

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. കാഞ്ഞിരപ്പള്ളീലെ അറക്കപ്പിതാവിനെപ്പോലെ ഒരുപാടു കരുത്തര് വര്‍ക്കിപ്പിതാവിനു പിന്നിലുണ്ടെന്നാ അപ്പന്‍ പറയുന്നേ. സീറോ മലബാറുകാരുടെ പത്രമായിരുന്ന ദീപിക പൊളിച്ചടുക്കാന്‍ വര്‍ക്കിപ്പിതാവ്‌ ഏല്‍പ്പിച്ചത്‌ അറക്കപ്പിതാവിനയല്ലാരുന്നോ? പണി ഏല്‍പ്പിക്കുന്നതിനു മുമ്പേ വര്‍ക്കി പിതാവു പറഞ്ഞു-പൊളിക്കുന്നതു കൊള്ളാം അവശിഷ്ടങ്ങളൊന്നും സഭേല്‌ കെടക്കരുതെന്ന്‌. അറക്കപ്പിതാവ്‌ അത്‌ നിക്ഷ്പ്രയാസം സാധിച്ചു. പൊളിക്കാന്‍ കൂട്ടിനു വിളിച്ച ഒരു മാപ്പിള ഖലാസിക്ക്‌ തുരുമ്പുവിലക്ക്‌ വിറ്റു!. അടുത്ത ദൌത്യം ഏറ്റെടുക്കാന്‍ അറക്കപ്പിതാവ്‌ കാത്തിരിക്കുവാന്നാ കേട്ടത്‌. ശക്തമായ ഭാഷയില്‍ സംസാരിക്കാനും പ്രസംഗിക്കാനും അറക്കപ്പിതാവിനെക്കഴിഞ്ഞേ ആളുള്ളൂ എന്നും പറയുന്നു.

അപ്പം ചോദിക്കും പിതാക്കന്‍മാര്‍ ഈ വേണ്ടാത്തതിനൊക്കെ ഇറങ്ങീട്ടല്ലെ നാട്ടുകാരുടെ വിമര്‍ശനം കേള്‍ക്കേണ്ടിവരുന്നതെന്ന്‌. സഭക്ക്‌ മുന്നോട്ടു പോകണ്ടെ?. പിതാക്കന്‍മാര്‍ക്കും അച്ചന്‍മാര്‍ക്കും കന്യാസ്ത്രിമാര്‍ക്കും വിശ്വാസികള്‍ക്കും ജീവിക്കേണ്ടെ?.

അതു പറഞ്ഞപ്പഴാ മറ്റൊരു കാര്യമോര്‍ത്തത്‌. വിമോചന സമരത്തെ പിന്തുണക്കില്ലെന്നും കത്തോലിക്കാ സഭകളും സര്‍ക്കാരും ഒത്തു തീര്‍പ്പിന്‌ ശ്രമിക്കണമെന്നും യാക്കോബായ സഭാ പ്രതിനിധി ഒരു കല്ലാപ്പാറ അച്ചന്‍ ഇന്നലെ ടീവീല്‌ പറയുന്ന കേട്ടു. സത്യത്തില്‍ അതു കേട്ടപ്പഴാ ആശ്വാസം തോന്നിയത്‌. യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുമെന്നും അങ്ങനെ വന്നാല്‍ അവര്‍ തമ്മിലുള്ള അടി തീര്‍ത്തിട്ട്‌ സമരം നടത്താന്‍ നേരം കിട്ടത്തില്ലെന്നുമായിരുന്നു ഔസേപ്പച്ചനും കൂട്ടരും പറഞ്ഞിരുന്നത്. ഏതായാലും ആ പേടി മാറിക്കിട്ടി.

കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹ്യ പുരോഗതികളില്‍ ക്രൈസ്തവര്‍ പ്രത്യേകിച്ച്‌ കത്തോലിക്കര്‍ നല്‍കിയ വലിയ സംഭാവനകളെക്കുറിച്ച്‌ ആര്‍ക്കും സംശയമില്ലല്ലോ. മാറ്റമില്ലാത്തത്‌ മാറ്റത്തിനും കത്തോലിക്കാ സഭക്കും മാത്രമാണെങ്കിലും വിദ്യാഭ്യാസ രംഗത്ത്‌ നാടോടുമ്പോള്‍ നടുവിലൂടെയല്ലെങ്കിലും വശത്തൂടെയെങ്കിലും സഭക്കും ഓടെണ്ടായോ. ഞങ്ങള്‍ക്ക്‌ പഴ പള്ളിക്കൂടങ്ങളു മാത്രം മതിയേ എന്നു പറഞ്ഞ്‌ ഒതുങ്ങിയാ മതിയോ? അത്‌ അങ്ങ്‌ നിയമസഭേല്‍ പറഞ്ഞാ മതി(പഴേ പോലെ ഇപ്പം പള്ളീല്‌ പറയാന്‍ സമ്മതിക്കുന്നില്ല).

ഇക്കാര്യത്തി ഞങ്ങള്‌ പക്ഷപാതം കാണിക്കുന്നുണ്ടോന്ന്‌ നോക്കിയാ മതി. സീറോ മലബാറുകാരനാല്ല അതിനേക്കാള്‍ കൊടികെട്ടിയോരു വന്നാലും ഞങ്ങള്‌ അഡ്മിഷനും ജോലിക്കുമൊക്കെ മേല്‍പറഞ്ഞ ചെലവുകാശു മേടിക്കും. ആര്‍ക്കും ഓസ്‌ ഇല്ലെന്ന്‌ സാരം. മധ്യ തിരുവിതാംകൂറിലെ ചില രൂപതകളില്‍ പ്ളസ്‌ ടൂവിനും മറ്റും അഡ്മിഷന്‍ തരപ്പെടുത്താന്‍ ചില അധ്യാപകര്‌ ഇത്തിരി ചില്ലറ മേടിച്ചതിന്‍റെ പേരില്‍പോലും വിപ്ളവകാരികള്‌ മുറുമുറുക്കന്നുണ്ട്‌. പ്ളസ്‌ ടൂ അത്ര നിസാര ഡിഗ്രിയൊന്നുമല്ല. അപ്പം അതിന്‌ അഡ്മിഷന്‍ കിട്ടാന്‍ പാവം സാറന്‍മാര്‍ക്ക്‌ ഇത്തിരി കാശുകൊടത്തതുകൊണ്ട്‌ ആരും പാപ്പരായിപ്പോകത്തൊന്നുമില്ല.

കാശു വാങ്ങുന്നതില്‍ പക്ഷപാതം കാണിക്കാത്തതുകൊണ്ടാണ്‌ ന്യൂനപക്ഷാവകാശംകൊണ്ട്‌ സമൂദായത്തിന്‌ കൊണമില്ലെന്ന്‌ പുലിക്കുന്നേലും കൂട്ടരും പറയുന്നേ. വിശ്വാസികള്‍ക്ക്‌ കൊണമില്ലേലും കാശെല്ലാം സഭക്കല്ലേ കിട്ടുന്നേ. സഭക്കു കിട്ടുകാന്നുവെച്ചാല്‍ കര്‍ത്താവിനു കിട്ടുന്നതിനു തുല്യമല്ലേ?. ഇതു മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍ വെറുതെ ഒച്ചവെച്ച്‌ ആരോഗ്യം കളയും. പണ്ടൊക്കെ സഭ സ്വന്തം സമൂദായത്തിന് സൌജന്യം കൊടുത്തിരുന്നതുകൊണ്ടാ സീറോ മലബാറുകാര് ഇത്രയും പുരോഗതി നേടിയത്‌. പക്ഷെ മധ്യ തിരുവിതാം കൂറിലെ നഴ്സിംഗ്‌ വിപ്ളവം ഉണ്ടായിരുന്നില്ലെങ്കില്‍ പല സീറോ മലബാര്‍ കുടുംബങ്ങളും ഇപ്പം പെരുവഴിയിലായിരുന്നേനെ എന്നാണ്‌ വിപ്ളവക്കാരുടെ വാദം.

നഴ്സിംഗ്‌ വിപ്ളവത്തില്‍ സഭയുടെ പങ്ക്‌ ചൂണ്ടിക്കാണിക്കാമെന്നു കരുതിയാല്‍ അവരു പറയും ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന കത്തോലിക്കാ നഴ്സുമാരില്‍ ഭൂരിഭാഗവും പഠിച്ചത്‌ ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലുമാണെന്ന്‌.

പിന്നെ തേലക്കാട്ടച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌ കേട്ടാരുന്നോ? "സഭേം സഭാ സ്ഥാപനങ്ങളുമൊക്കെ കാനോന്‍ നിയമത്തിണ്റ്റെ അടിസ്ഥാനത്തിലാ പ്രവര്‍ത്തിക്കുന്നത്‌. ലോകത്തിലെമ്പാടുമുള്ള കോടിക്കണക്കിന്‌ കത്തോലിക്കര്‍ ഇതിന്‌ വിധേയരാണ്‌" എന്ന്.ഇന്ത്യാ മഹാരാജ്യത്തിന്‍റെ മൂലക്ക്‌ കൊച്ചു പാവക്കയോളം പോന്ന കേരളത്തിലെ വിപ്ളവകാരികളുടെ വെരട്ടല്‌ പള്ളീല്‌ ചെലവാകില്ലെന്ന്‌ സാരം.

അഭയക്കേസും പൊക്കിക്കോണ്ടു വന്നിട്ട്‌ എവിടം വരെയായി? പാവം കോട്ടൂരച്ചനെ നുണ പരിശോധനയെന്നൊക്കെപ്പറഞ്ഞ്‌ വെറുതെ പിഡിപ്പിക്കുവല്ലേ. എല്ലാം ദൈവം കാണുന്നുണ്ട്‌. അപ്പം അഭയേടെ അപ്പന്‍റേം അമ്മേടേം കണ്ണീര്‌ ദൈവം കാണുന്നില്ലേ എന്നാണ് ഔസേപ്പച്ചന്‍റെ ചോദ്യം.സഭക്കെതിരെ കേസിനു നടക്കുന്നോരോട്‌ ദൈവം പൊറുക്കുവോ?

വിമോചന സമര നീക്കം പൊളിക്കാന്‍ ഇപ്പം കുറെപ്പേര്‌ വേരെയൊരു അടവുമായി എറങ്ങീട്ടൊണ്ട്‌. കത്തോലിക്കാ സഭാ വിശ്വാസികള്‍ പെന്തക്കോസ്തുകാരാകുന്നത്‌ ഏറിയതായാണ്‌ ഇവര്‍ പ്രചരിപ്പിക്കുന്നത്‌. കാലം മാറുന്നതിനൊപ്പം വിശ്വാസികള്‍ നേരിടുന്ന ആത്മീയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനവും വ്യക്തിയില്‍ കേന്ദ്രീകരിച്ചുള്ള ആത്മീയ പ്രവര്‍ത്തനങ്ങളും ഇല്ലാത്തതാണ്‌ ഈ ഒഴിക്കിനു കാരണമെന്ന്‌ അവരു പറയുന്നു.

രാപകല്‍ വ്യത്യാസമില്ലാതെ കൊട്ടിപ്പാടി നടക്കുകയും കവലപ്രസംഗം നടത്തുകേം ചെയ്യുന്ന പെന്തക്കോസ്തിലേക്ക്‌ നല്ല നസ്രാണികളു വെല്ലോം പോകുവോ?. ആഭരണം ഉപേക്ഷിച്ച്‌ വെള്ളേം വെള്ളേം ഇട്ട്‌ വീടുതോറും നടക്കാന്‍ നമ്മടെ ആളുകളെ കിട്ടുവോ?. വിശ്വാസികളുടെ ആത്മീയ പരിപോഷണത്തിനായി നമ്മടെ പള്ളികളില്‍ എന്നും കുര്‍ബാനയില്ലേ?. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പ്രത്യേക പ്രാര്‍ത്ഥനയില്ലേ?. വര്‍ഷത്തിലൊരിക്കല്‍ ധ്യാനമില്ലേ?. ഇതൊന്നും പോരാത്തവര്‍ക്ക്‌ മുരിങ്ങൂര്‍ ധ്യാനകേന്ദ്രമില്ലേ?

ഇപ്പറഞ്ഞതൊന്നും മതിയാകാതെ പെന്തിക്കോസ്തിലും മറ്റും പോകുന്നോര്‌ അങ്ങ്‌ പൊക്കോട്ടെ. ഇത്‌ മുന്‍കൂട്ടി കണ്ടാ സന്താന നിയന്ത്രണം പരമാവധി ഒഴിവാക്കാന്‍ സഭ വിശ്വാസികളോട്‌ നേരത്തെ ആഹ്വാനം ചെയ്തത്‌. അപ്പം വിപ്ളവകാരികളു ചോദിച്ചതെന്താ- പിള്ളാരെ പെറ്റു കൂട്ടിയാല്‍ സഭ പോറ്റുവോന്ന്‌? ഇതാ പറഞ്ഞത്‌ സഭക്ക്‌ നീര്‍ക്കും വയ്യ, കരക്കും വയ്യാന്ന്‌.

സഭയും ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീക ളും സമൂഹത്തിന്‌ ചെയ്തിട്ടുള്ള, ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ എല്ലാവരും കയ്യടിച്ച് അംഗീകരിക്കുന്നുണ്ട്‌. പള്ളിയുമായും കോണ്‍വെന്‍റ് സ്കൂളുകളുമായും ബന്ധപ്പെട്ട ഊഷ്മളമായ ഓര്‍മകളില്ലാത്ത എതെങ്കിലും നസ്രാണിയുണ്ടോ എന്നറിയില്ല. എന്തിന്‌ കേരളത്തില്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു മത വിശ്വാസികളും കത്തോലിക്കാ വൈദികരുടെയും കന്യാസ്ത്രീകളുടെയും അധ്യാപരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയുമൊക്കെ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നു. പക്ഷെ ഇവിടെ... ഈ കേരളത്തില്‍ സഭ ഒരു സമരം ചെയ്യാനൊരുങ്ങുമ്പോ എന്താണ്‌ ഇത്ര എതിര്‍പ്പ്‌?. അതിന്‌ ഉത്തരം കണ്ടെത്താനുള്ള ആലോചനയിലാണ്‌ ഞാന്‍.

Friday, July 13, 2007

ഉദയകുമാറിന്‍റെ അമ്മ!

ടെലിവിഷന്‍ ചാനലിലെ വാര്‍ത്തക്കിടെ ആ മുഖം കണ്ട്‌ ഉള്ളു പിടഞ്ഞു.
മകന്‍ കൊല്ലപ്പെട്ടതിന്‍റെ വേദന ഉള്ളിലൊതുക്കി നീതി തേടുന്ന വൃദ്ധ.
കേസിലെ സാക്ഷികള്‍ ഒന്നൊന്നായി കൂറുമാറുമ്പോള്‍ അവരുടെ നിസ്സഹായത
ഏറുകയാണ്‌.

തിരുവന്തപുരത്ത്‌ പോലീസുകാര്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്‍റെ അമ്മ
പ്രഭാവതിയമ്മയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ഈ അമ്മയുടെ ദൈന്യതക്ക്‌
മൂന്നാറിലെ ഭൂമി പിടിച്ചെടുക്കലിന്‍റെയോ മറ്റ്‌ രാഷ്ട്രീയ പ്രഹസനങ്ങളുടെയോ
പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കിയില്ലെങ്കിലും കോടതി വളപ്പിലെ മരച്ചുവട്ടില്‍
ഒറ്റപ്പെട്ടു നില്‍ക്കുന്ന അവരുടെ മുഖം മനസിനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
അവിടെ ഓടിയെത്തി ആ അമ്മയുടെ കരം പിടിച്ച്‌ ആരുമില്ലാത്തവര്‍ക്ക്‌
ദൈവം തുണയാകുമെന്നെങ്കിലും പറഞ്ഞ്‌ സമാശ്വസിപ്പിക്കാന്‍ ഹൃദയം തുടിക്കുന്നു.

ഉദയകുമാറിനെ പോലീസ്‌ പീഡിപ്പിക്കുന്നത്‌ നേരില്‍ കണ്ടെന്ന്‌ നേരത്തെ
പറഞ്ഞവരൊക്കെ ഇപ്പോള്‍ കൈകഴുകിയിരിക്കുന്നു. ഭീഷണിക്ക്‌ വഴങ്ങിയും
വന്‍ തുക കൈപ്പറ്റിയുമൊക്കെയാണ്‌ ഇവര്‍ ഒഴിവായതെന്ന്‌ പറയപ്പെടുന്നു.
സുരേഷ്‌ കുമാര്‍ എന്ന സാക്ഷി കൂറു മാറാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപ
ആവശ്യപ്പെട്ടതായി പ്രഭാവതിയമ്മ പറഞ്ഞിരുന്നു. സി.പി.എം അനുകൂല
സംഘടനയായ പോലീസ്‌ അസോസിയേഷനും മറ്റു ചില ഉന്നതരും പ്രതികളെ
രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ഒരു പത്രത്തില്‍ കണ്ടു.

അടിയന്തിരാവസ്ഥക്കാലത്ത്‌ കൊല്ലപ്പെട്ട രാജന്‍റെ പിതാവ്‌ ഇച്ചരവാര്യര്‍ മകന്‍റെ
മൃതദേഹം എന്തു ചെയ്തെന്ന്‌ അറിയാതെ, കുറ്റക്കാര്‍ ശിക്ഷപ്പെടുന്നത്‌
കാണാനാവാതെ കടന്നുപോയതിനു പിന്നാലെ പ്രഭാവതിയമ്മയും മലയാളിയുടെ
മനസാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുയാണ്‌. ഉദയകുമാര്‍ കള്ളനോ
കൊലപാതകിയോ ആയിരുന്നുകൊള്ളട്ടെ, വധശിക്ഷ നല്‍കാന്‍ പോലീസിന്‌
അധികാരമില്ലല്ലോ. അതിലും വലിയ എത്രയോ ക്രിമിനലുകള്‍ ഇവിടെ
ജനങ്ങള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നടക്കുന്നു.

ഈച്ചരവാര്യയുടെ കണ്ണീര്‌ മാധ്യമങ്ങളും പാര്‍ട്ടികളും ആഘോഷിച്ചത്‌ രാഷ്ട്രീയ
ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ്‌. ഉദയകുമാറിന്‍റെ കൊലപാതകം കഴിഞ്ഞ
തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ ഇടതു മുന്നണിയില്‍ പെട്ട ചിലരാണ്‌
ഇപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നതെന്നോര്‍ക്കുക.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോ സാംസ്കാരിക നായകരോ
വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടി തൊണ്ട പൊട്ടിക്കുന്ന ജഗജില്ലികളോ
പ്രഭാവതിയമ്മയെ ആശ്വസിപ്പിക്കാന്‍ മിനക്കെട്ടതായി അറിവില്ല.
കേരളം കീഴ്മേല്‍മറിക്കാന്‍ കെല്‍പ്പുണ്ടെന്ന്‌ വീമ്പിളക്കുന്നവര്‍ ഉള്‍പ്പെടെയുള്ള
യുവജന സംഘടനകളൊന്നും സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ, പ്രതികളെ രക്ഷപ്പെടുത്താന്‍ ചരടുവലിക്കുന്നവര്‍ക്കെതിരെ
പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഒരു കിളവിയുടെ കണ്ണീരും വേദനയും കാണാന്‍
അവര്‍ക്കൊക്കെ എവിടെ നേരം?.

സാക്ഷികളില്ലാത്ത കേസിന്‍റെ വിധി എന്താകും?. എന്തായാലും നമുക്ക്‌ ഒന്നും
നഷ്ടപ്പെടാനില്ലല്ലോ എന്ന്‌ ചിന്തിക്കുന്നവരാണ്‌ അധികവും.
യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ കോടതിക്ക്‌ കഴിയണേ എന്ന്‌
പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന ഫലിക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും
ചെയ്തെന്നിരിക്കട്ടെ. പിന്നീട്‌ അപ്പീലും അപ്പിലിന്‍മേല്‍ അപ്പീലുമായി കേസ്‌
മേല്‍ കോടതികളിലേക്ക്‌ പോകും. ഈ അമ്മക്ക്‌ എവിടംവരെ അവരോട്‌
മത്സരിക്കാനാകും?

നിയമയുദ്ധത്തനൊടുവില്‍ പ്രതികള്‍ കുറ്റവിമുക്തരാകുന്ന ദിവസത്തനായി,
ഉദയകുമാറിന്‍റെ വീടിനു മുന്നില്‍ പന്തലൊരുക്കി അവരെ രക്തഹാരമണിയിച്ച്
സ്വീകരിക്കുന്ന ദിവസത്തിനായി നമുക്ക്‌ കാത്തിരിക്കാം.

Monday, July 9, 2007

രണ്ടാം വിമോചന സമരവും അഭയ കേസും ഭൂമി കയ്യേറ്റവും

വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ബൂലോകത്ത്‌ അറിവും പരിചയോം ഒള്ളോര്‌ ഒരുപാട്‌ പേര്‍ ഒണ്ടെന്നറിയാം.

എങ്കിലും എനിക്ക്‌ തോന്നിയ ഒരു കാര്യം പറയുന്നെന്നേയുള്ളൂ കേട്ടോ. ഇവള് ഇതേക്കുറിച്ചൊക്കെ പറായാറായോ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.

പള്ളിക്കാരുടെ കാര്യം തയൊ പറഞ്ഞുവരുന്നെ. ഞാന്‍ ഉള്‍പ്പെടുന്ന സീറോ മലബാര്‍ സഭേടെ കാര്യമേ. പേരിന്‍റെ അര്‍ത്ഥമറിയാത്തോര്‌ പറയുന്നത്‌ "അവരു വെറും സീറോ അല്ലേ എന്തെങ്കിലും പറയട്ടെ " എന്നാണ്.

അത്‌ അവിടെ നില്‍ക്കെട്ടെ. ഞങ്ങടെ ബിഷപ്പുമാര്‍ രാണ്ടാം വിമോചന സമരം എന്ന ഭീഷണി ഏതാനും മാസം മുമ്പ്‌ ഒന്നു മുഴക്കിയിരുതാണ്‌. അന്ന് അങ്കമാലി കല്ലറേല്‌ പ്രാര്‍ത്ഥന നടത്തി കാര്യങ്ങള്‍ ഏറെക്കുറെ തൊടങ്ങിവെച്ചതുമാണ്‌.
പക്ഷെ അച്ചമ്മാരും ബിഷപ്പുമാരും പറഞ്ഞതുകേട്ട്‌ ആവേശം കൊള്ളാന്‍ വിശ്വാസികള്‌ തയാറായില്ല. ഫലമോ? വിമോചന സമരം സീറോ ആയിപ്പോയി. ഇക്കാര്യം അറിയാവുന്നോര് വീണ്ടും എന്തിനാണപ്പാ ഈ വിമോചന സമരം എന്നു പറഞ്ഞ്‌ എറങ്ങീരിക്കുന്നെ?

"പഴയ വിമോചന സമരം വേറെ, ഇപ്പം ബിഷപ്പമ്മാരു പറയുന്ന എടപാടു വേറെ. ന്യൂനപക്ഷമെന്നൊക്കെ പറഞ്ഞ്‌ എല്ലാ ക്രിസ്ത്യാനികളുടേം പേരില്‌ ആനുകൂല്യം മേടിക്കുന്ന ഇവര്‌ സാധാരണ ക്രിസ്ത്യാനികള്‍ക്ക്‌ എന്തെങ്കിലും ഗുണം ചെയ്യുന്നൊണ്ടോ?. നമ്മുടെ കയ്യീന്നും പിരിവു മേടിക്കും. എന്നാ നമ്മള്‌ ഒരു അഡ്മിഷനോ ജോലിക്കോ ചെന്നാ ലക്ഷങ്ങള്‌ ചോദിക്കും. എന്നിട്ടിപ്പം വീണ്ടും വിമോചന സമരം നടത്തണം പോലും" ഒറിജിനല്‍ വിമോചന സമരത്തിന്‍റെ ഓര്‍മകള്‍ മനസില്‍ സൂക്ഷിക്കുന്ന എന്‍റെ അപ്പന്‍ പറേണത്‌ ഇങ്ങനെയാണ്‌.

അവരുടെ തലമുറക്കാര്‍ പോലും ഇങ്ങനെ വിചാരിക്കുമ്പോള്‍ ചെറുപ്പക്കാരുടെ കാര്യം പറയാനുണ്ടോ. രാണ്ടാം വിമോചന സമരം സ്വയം മാനംകെടാനുള്ള ബിഷപ്പുമാരുടെ പടപ്പുറപ്പാടായാണ്‌ എനിക്ക്‌ തോന്നുന്നത്. രാഷ്ട്രീയത്തെ പരസ്യമായി പള്ളിയുമായി കൂട്ടിക്കലര്‍ത്താതിരുതാണ്‌ സമീപകാലത്ത്‌ സീറോ മലബാര്‍ സഭക്ക്‌ മറ്റ്‌ ക്രിസ്തീയ സഭകളുമായി താരതമ്യം ചെയ്യുന്പോഴുണ്ടായിരുന്ന മേന്മ. അതു കളഞ്ഞുകുളിച്ചെന്നു മാത്രമല്ല, കണ്ണിക്കണ്ട രാഷ്ട്രീയക്കാരുടെയൊക്കെ തെറി കേട്ടുകൊണ്ടിരിക്കുവല്ലേ?. ഇപ്പം രണ്ടാം വിമോചന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഒരു ബെസ്റ്റ് കക്ഷീം-കുഞ്ഞാലിക്കുട്ടിയേ!.

ചീറ്റിപ്പോയ പടക്കമായ രാണ്ടാം വിമോചന സമരം വീണ്ടും എടുത്ത്‌ പൊട്ടിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ഒരുപാട്‌ ആലോചിച്ചു. അഭയക്കേസിന്‍റെ അന്വേഷണം ഒരു ഭാഗത്ത്‌ പുരോഗമിക്കുന്നു. കോട്ടൂരച്ചനെ നുണപരിശോധനക്ക്‌ വിധേയനാക്കുന്നിടംവരെ എത്തി കാര്യങ്ങള്‍. സി.ബി.ഐ ഈ പോക്കു പോയാല്‍ കോട്ടയത്തെ അരമനയില്‍ അറസ്റ്റുകള്‍ നടക്കുമെന്നുറപ്പ്. മാനംകെടാന്‍ പോകുന്നത് കോട്ടയം അരമന മാത്രല്ലെന്നത് പരസ്യമായ രഹസ്യം. സംഗതി കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ ആണ്‌ അന്വേഷിക്കുന്നതെങ്കിലും ഒരു വിമോചന സമരവും അവകാശ സംരക്ഷണ പ്രക്ഷോഭവുമൊക്കെ വന്നാലുണ്ടാകാവുന്ന കോലാഹലങ്ങളില്‍ അഭയ കേസ്‌ വീണ്ടും മുങ്ങിപ്പോവില്ലെന്ന് ആരുകണ്ടു.

അച്ചന്‍മാരെ ചോദ്യം ചെയ്യുന്നതും നുണ പരിശോധനക്ക്‌ വിധേയരാക്കുന്നതുമൊക്കെ ന്യൂനപക്ഷ അവകാശ ലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ സാക്ഷാല്‍ സോണിയാ മാഡം തന്നെ ഇടപെടുട്ടുകൂടായ്കയില്ല. തുടക്കം വിദ്യാഭ്യാസ നയത്തിന്‍റെ പേരിലാണെങ്കിലും വിമോചന സമരം ക്ളച്ചു പിടിച്ചാല്‍ പിന്നെ തൊടുതെല്ലാം ന്യൂനപക്ഷ വിരുദ്ധ നടപടിയാകും.

രണ്ടാമത്തെ കാര്യം ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റമാണ്. അവിടുത്തെ കയ്യേറ്റക്കാരുടെ പട്ടികയില്‍ ഒട്ടേറെ അച്ചായന്‍മാരും പള്ളികളുമൊക്കെ ഒണ്ടെന്നാണ് സംസാരം. ദോഷം പറയരുതല്ലോ എന്‍റെ വകേലുള്ള അച്ചായന്‍മാരും ഇക്കൂട്ടത്തിലുണ്ട്(അച്ചായന്‍മാരെ കയ്യേറ്റം പഠിപ്പിക്കണ്ടല്ലോ).

രക്ഷകാ എന്‍റെ പാപഭാരമെല്ലാം നീക്കണേ...എന്ന് പാടി വിശ്വാസികളെ കുളിരണിയിച്ച തച്ചങ്കരി കുഞ്ഞാടുവരെ കുടുങ്ങിയിരിക്കുന്നു.ഒരുകാലത്ത് തച്ചങ്കരിയുടെ തട്ടകമായിരുന്ന മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പ്രശ്നത്തിലായിരിക്കുന്നു.
പിന്നെ കയ്യേറ്റം നടത്തിയ പള്ളികളും അച്ചായന്‍മാരും കുടുങ്ങില്ലെന്ന് ആരുകണ്ടു.എല്ലാവരും പരസ്പരം കയ്യേറ്റങ്ങള്‍ പൊറത്തു കൊണ്ടുവന്നോണ്ടിരിക്കുവല്ലേ.ഞങ്ങടെ അടുത്ത് പുതുപ്പള്ളീല് ഉമ്മന്‍ ചാണ്ടി കയ്യേറിയെന്ന് പറയുന്ന മൂന്നു സെന്‍റ് വിട്ടുകൊടുത്തു കഴിഞ്ഞു. മനോരമേടേം മാതൃഭൂമീടേമൊക്കെ കയ്യേറ്റങ്ങള്‍ അന്വേഷിച്ചു തൊടങ്ങീന്നും കേട്ടു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എറിയലാണോ ഈ വിമോചന സമരമെന്ന് ഒരു സംശയം. ഇതൊക്കെ പറഞ്ഞെന്നു കരുതി ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരിയാണെന്ന് തെറ്റിധരിക്കേണ്ട. നമ്മള്‍ വെറുമൊരു കോട്ടയംകാരിയാണേ. പറഞ്ഞതില്‍ മണ്ടത്തരങ്ങളുണ്ടാകം. അങ്ങ് ക്ഷമിച്ചേരന്ന്.

വാല്‍ക്കഷ്ണം(അപ്പന്‍ പറഞ്ഞത്)
ബിഷപ്പമ്മാരെടെ വിചാരം നമ്മള് വിചാരിച്ചാല്‍ കേരളം കീഴ്മേല്‍ മറിയുമെന്നാ.
സരമത്തിന് എറങ്ങുന്പോ അറിയാം നമ്മടെ ബലം. യാക്കോബായ സഭേല് ഭരണത്തില്‍ അല്‍മായര്‍ക്ക്(എന്നുപറഞ്ഞാല്‍ സാധാരണ വിശ്വാസി) പങ്കാളിത്തമുണ്ട്. അതുകൊണ്ട് അവിടെ ബിഷപ്പുമാര്‍ക്കുവേണ്ടി ചാകാന്‍വരെ ആളെ കിട്ടും നമ്മടെ പള്ളികളില് എല്ലാം അച്ചമ്മാര് തീരുമാനിക്കുവല്ലേ. പിന്നെ അവരു പറയുന്നതു കേട്ടു തുള്ളാന്‍ നമുക്ക് വട്ടാ?