Saturday, September 4, 2010

ചോദ്യപ്പേപ്പര്‍ വിവാദം;സീറോ മലബാര്‍ സഭയുടെ ഉദാത്ത മാതൃക!

കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് സീറോമലബാര്‍ സഭയുടെ മഹത്തായ സംഭാവന എന്ത്? ഇനി ഏതേലും പരീക്ഷയ്ക്ക് ഇങ്ങനെയൊരു ചോദ്യവൊണ്ടായാല്‍ ഉത്തരത്തിനായി അധികം ആലോചിക്കണ്ട. ഇങ്ങനെയൊരു ചോദ്യവൊണ്ടാകുവോ എന്ന കാര്യത്തില്‍ സംശയിക്കുന്നോരുകാണും. പക്ഷെ, നാടിന്റെ ക്ഷേമത്തില് സഭ കാണിക്കുന്ന ശുഷ്‌കാന്തി തൂക്കിനോക്കിയാല്‍ ഒറപ്പായിട്ടും അടുത്ത പി.എസ്‌സി പരീക്ഷക്ക് ഈ ചോദ്യവൊണ്ടാകും.
അപ്പം ഉത്തരത്തിന്റെ കാര്യം. ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനും അറസ്റ്റും ജയില്‍വാസോം കഴിഞ്ഞ് തീവ്രാദികളുടെ കോടാലിക്കിരയാവുകയുംചെയ്ത പ്രഫ. ടി.ജെ. ജോസഫ് വീണ്ടും ജോലിക്കു കേറുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്നും നീക്കം ചെയ്തതാണ് മതസൗഹാര്‍ദ്ദമേഖലയില്‍ സഭയുടെ കനപ്പെട്ട സംഭാവന. സെപ്റ്റംബര്‍ ഒന്നുമുതല്‍ സര്‍വീസില്‍നിന്ന് നീക്കിയതായി കാണിച്ചുകൊണ്ടാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജര്‍ തോമസ് മലേക്കുടി ജോസഫിന് കത്തു നല്‍കിയിരിക്കുന്നത്.
അധ്യാപകനെതിരെ എം.ജി.സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടി കൈവെട്ടു സംഭവത്തിനുശേഷം പിന്‍വലിച്ചാരുന്നെങ്കിലും മതസൗഹാര്‍ദ്ദത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ന്യൂമാന്‍ കോളേജുകാര്‍ക്ക്, സീറോ മലബാര്‍ സഭയ്ക്ക് വിട്ടുവീഴ്ച്ചയെക്കുറിച്ച് ആലോചിക്കമ്പറ്റുവോ? യൂണിവേഴ്‌സിറ്റി അതിരമ്പുഴേലാരിക്കും പക്ഷെ, കോളേജ് തൊടുപുഴേലാ, അതിന്റെ പിതാക്കമ്മാര് കോതമംഗലത്തും വത്തിക്കാനിലും. ങ്ഹാ!
ഇനി അഥാവാ ജോസഫിനെ തിരിച്ചെടുക്കണേല്‍ കോടതിയോ മുസ്‌ലിം സമൂദായമോ ആവശ്യപ്പെടണം. അല്ലാതെ ഒരു കളീം നടക്കുകേല മക്കളേ!
പ്രവാചകനെ നിന്ദിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രഫ. ജോസഫ് ഇതിനോടകം എത്രവട്ടം പറഞ്ഞിട്ടുണ്ടെന്ന് അങ്ങേര്‍ക്കുപോലും അയിയാമ്മേല. കൈവട്ടിയതുകൊണ്ട് തന്റെ പേരുദോഷം മാറിയെന്നും അല്ലാരുന്നെങ്കില്‍ ജീവിതം കരിപുരണ്ടതായി അവസാനിക്കുമാരുന്നെന്നും വ്യക്തമാക്കുകേം ചെയ്തു. കൈവെട്ടു ശിക്ഷ നീതികരിക്കാനാവുന്നതിപ്പുറമാണെന്ന് മുസ്‌ലിം സമൂദായ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
പക്ഷെ, അയാള്‍ക്ക് ഇതൊന്നും പോരെന്നാണ് കോളേജുകാരുടെ നിലപാട്.(ഇതിന് വേറേ വല്ല കാരണോമൊണ്ടോന്ന് കോളേജുകാരും പ്രഫ. ജോസഫുമായുള്ള മുന്‍ ബന്ധം എങ്ങനാരുന്നെന്ന് പരിശോധിച്ചാലറിയാം) കൈവെട്ടെന്നൊക്കെ പറഞ്ഞാ വളരെ ചെറിയ ശിക്ഷയല്ലേ. സംശയമൊണ്ടെങ്കില്‍ ഇന്നത്തെ വാര്‍ത്ത മാധ്യം പത്രത്തിന്റെ വെബ് സൈറ്റില്‍ ആദ്യം കൊടുത്തിരുന്നത് കാണണവാരുന്നു.പ്രവാചകനിന്ദയുടെയും അധ്യാപകനെതിരായ നടപടികളുടെയുമെല്ലാം ചരിത്രം വിശദീകരിച്ചശേഷം അവസാനം ഒരു വാചകം. ''ഇതിനിടെ അധ്യാപകനു നേരെ ജൂലൈ നാലിന് മൂവാറ്റുപുഴയില്‍വച്ച് ആക്രമണം നടക്കുകയുണ്ടായി''. ആക്രമണം എന്നുവച്ചാല്‍ അധ്യാപകന്റെ വലത്തേ അണിവിരലിന്റെ നഖം വെട്ടിക്കളഞ്ഞതുപോലെ. അത്രേയൊള്ളൂ. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പം വാര്‍ത്തയുടെ കെട്ടും മട്ടും മാറി.
മുസ്ലിം സമൂഹത്തില്‍നിന്ന് ആരെങ്കിലും മുന്നോട്ടുവരൂ പ്ലീസ്, തിരിച്ചെടുക്കൂ എന്നു പറയൂ. എന്നിട്ടു വേണം ജോസഫിനെ വീണ്ടും വെട്ടിയ ന്യൂമാന്‍ കോളേജിനും കത്തോലിക്കാ സഭയ്ക്കും ആത്മാര്‍ത്ഥതയ്ക്കുള്ള ഓസ്‌കാറു മേടിക്കാന്‍.
അപ്പം സിസ്റ്റര്‍ അഭയേടെ കാര്യത്തില്‍ ഈ ആത്മാര്‍ത്ഥത എവിടാരുന്നു എന്നു ചോദിക്കരുത്. അഭയ ക്രിസ്ത്യാനിയല്ലാരുന്നോ? കന്യാസ്ത്രി അല്ലാരുന്നോ. അതു ഞങ്ങടെ ആഭ്യന്തര പ്രശ്‌നവല്ലേ. അവിടെ ആത്മാര്‍ത്ഥത കാണിച്ചിട്ട് എന്നാ ചെയ്യാനാ?....ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ...തിന്മയില്‍നിന്ന് ഞങ്ങളേ രക്ഷിക്കേണമേ...ആമ്മേന്‍!!!!!!!