Thursday, May 15, 2008

രോഷാകുലനായ വൈദിക വിദ്യാര്‍ഥിയോട്‌

(ഈ പോസ്‌റ്റ്‌ എഴുതാന്‍ കാരണം ബ്ലോഗ്‌ )


പ്രിയ ഡീക്കന്‍ റൂബിന്‍,
ഡീക്കന്‍ ശെരിക്കും ഒരു ഡീക്കന്‍ തന്നെയാണെന്ന്‌ ഞാന്‍ വിശ്വസിക്കട്ടെ. അങ്ങനെ വരുമ്പോള്‍ ഭാവീലെ കൊച്ചച്ചന്‍. അതുകൊണ്ടുതന്നെയാണ്‌ ഡീക്കന്‍റെ പോസ്‌റ്റുകള്‍ വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്‌റ്റിടണമെന്ന്‌ ഈ ശുദ്ധഗതിക്കാരിക്കു തോന്നിയത്‌.

ഒള്ളതു പറഞ്ഞാ ഞാനും ഒരു കത്തോലിക്കാ വിശ്വാസിയാന്നേ. ഏതോ കമ്യൂണിസ്‌റ്റുകാരന്‍ കള്ളപ്പേരില്‍ കയ്യാങ്കളി നടത്തുവാന്ന്‌ സംശയിക്കേണ്ടെന്ന്‌ സാരം.

ഇപ്പം നമ്മടെ ബിഷപ്പമ്മാരുടെ പ്രസ്‌താവനകളും നിലപാടുകളുമൊക്കെ വിലയിരുത്തുമ്പോ ക്രിസ്‌തു സഭ സ്ഥാപിച്ചത്‌ പള്ളീക്കൂടങ്ങളും കോളേജുകളും നടത്തി പണമുണ്ടാക്കാനാണെന്നു തോന്നും.

കാലം മാറുന്നതിനനുസരിച്ച്‌ വിശ്വാസം നവീകരിക്കാനും യുവതലമുറയെ വിശ്വാസത്തിന്‍റെ പാതയില്‍ മുന്നോട്ടു കൊണ്ടുപോകാനും കേരളത്തിലെ കത്തോലിക്കാ സഭ, പ്രത്യേകിച്ച്‌ നമ്മടെ സീറോ മലബാര്‍ സഭ ഇപ്പോ എന്തെങ്കിലും ചെയ്യുന്നതായി എനിക്കറിയാമ്മേല. കര്‍ദ്ദിനാള്‍ വര്‍ക്കിപ്പിതാവു മുതല്‍ ഇടവകകളിലെ അസ്‌തേന്തികള്‍ വരെ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലല്ലേ?.

പല കഷ്ടതകളും സഹിച്ച്‌ അജപാലനം നടത്തുന്ന കത്തോലിക്ക മെത്രാന്‍മാരെയും അച്ചന്‍മാരെയും മറ്റ്‌ ക്രിസ്‌ത്രീയ സഭാ നേതാക്കളില്‍നിന്ന് നവ്യത്യസ്‌തമായാണ്‌ പൊതു സമൂഹം നോക്കിക്കണ്ടിരുന്നത്‌. സിസ്‌റ്റര്‍ അഭയ കേസാണ്‌ അടുത്ത കാലത്ത്‌ സഭയോടുള്ള സമൂഹത്തിന്‍റെ ആദരവിന്‌ മങ്ങലേല്‍പ്പിച്ച സംഭവങ്ങളിലൊന്ന്‌. കന്യാസ്‌ത്രീടെ കൊലപാതകത്തില്‍ അച്ചന്മാര്‍ സംശയത്തിന്റെ നിഴലിലായതു മാത്രമല്ല, കേസൊതുക്കാന്‍ സഭാ പിതാക്കന്‍മാരു വഴിവിട്ട്‌ എന്തൊക്കെയോ ചെയ്‌തെന്നും കഥ പ്രചരിച്ചിരുന്നു. കേസിന്റെ വിധി നാളെ വരുമെന്നു പറയുന്നു. അതു കഴിയുമ്പോ എന്താകുമോ, ആ?

വാക്കിലും പ്രവര്‍ത്തിയിലും ക്രൈസ്‌തവ മൂല്യം കാത്തു പരിപാലിക്കേണ്ടോര്‌ സ്വാശ്രയ പ്രശ്‌നത്തില്‍ കവച്ചട്ടമ്പികളുടെ ഭാഷയും പ്രവര്‍ത്തീമായി രംഗത്തെത്തിയതോടെ മെത്രാന്‍മാരും പാര്‍ട്ടിക്കാരും തമ്മില്‌ വല്യ വ്യത്യാസമില്ലെന്നായി. ഇതൊക്കെ നേരത്തെ ഒരു പോസ്‌റ്റില്‌ ഞാമ്പറഞ്ഞിരുന്നതാ. അതു ഡീക്കന്‍ കണ്ടില്ലെങ്കിലോ എന്നോര്‍ത്താ വീണ്ടും ആവര്‍ത്തിക്കുന്നേ.
കേരള സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്നല്ല. പിണറായി വിജയനും മന്ത്രിമാരായ ബേബിക്കും സുധാകരനുമൊക്കെ സഭയെ ഒതുക്കണമെന്ന ഉദ്ദേശ്യമുണ്ടെന്ന്‌ ആര്‍ക്കാ അറിയാമ്പാടില്ലാത്തത്‌?. പക്ഷെ, അതിനോട്‌ സഭാ നേതൃത്വം തികച്ചും പക്വതയില്ലാത്ത രീതിയിലാണ്‌ പ്രതികരിക്കുന്നത്‌. അതിന്‍റെ അവശിഷ്ടങ്ങളാണ്‌ ഡീക്കന്റെ പോസ്‌റ്റിലും കാണുന്നത്‌.

മറ്റു പ്രസിദ്ധീകരണങ്ങളില്‍ സഭക്ക്‌ അനുകൂലമായി വന്ന ലേഖനങ്ങളും വാര്‍ത്തകളും ഡീക്കന്‍ ബ്ലോഗില്‍ പോസ്‌റ്റു ചെയ്യുന്നത്‌ മനസിലാക്കാം. പക്ഷെ, അവിടം കൊണ്ട്‌ അവസാനിക്കുന്നില്ല. സി.പി.എമ്മിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന പോലെയാണ്‌ ഡീക്കന്‍റെ ബ്ലോഗിന്റെ മൊത്തത്തിലുള്ള പോക്ക്‌. അതുകൊണ്ടാണ്‌ ഇത്‌ ശരിക്കും ഡീക്കനാണോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സംശയം തോന്നിയത്‌. വൈദിക വിദ്യാര്‍ഥിയെന്ന വ്യാജേന ബൂലോകത്ത്‌ സഭക്കിട്ട്‌ പാരവെക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആരെങ്കിലുമാകാം ഇതെന്നാണ്‌ എന്‍റാങ്ങള പറഞ്ഞത്‌.

ഡീക്കന്‍റെ ബ്ലോഗിന്‍റെ തലക്കെട്ടിനൊപ്പമുള്ള വാചകങ്ങളില്‍ വെല്ലുവിളീടെ സ്വരമാണുള്ളത്‌.പിന്നെ പാരഡി കവിതയും മറ്റുമായി ഒരു സമൂഹത്തെ(അത്‌ പാര്‍ട്ടിയോ, സംഘനയോ എന്തുമാകട്ടെ) അവഹേളിക്കുന്നത്‌ ഭാവീലെ കൊച്ചച്ചനു ചേര്‍ന്നതാണോ എന്ന്‌ ഒന്നാലോചിച്ചേര്‌.

ഇപ്പഴേ ഇങ്ങനെ കടുത്ത നിലപാടെടുത്താ അച്ചനാകുമ്പോ, അതുകഴിഞ്ഞ്‌ എങ്ങാനും ബിഷപ്പായാല്‍ എന്തായിരിക്കും സ്ഥിതി?. അച്ചന്‍മാരെയും ശെമ്മാശന്‍മാരെയുമെല്ലാം ആക്ഷേപിക്കുവാന്നു വിചാരിക്കരുതേ. അനീതിക്കെതിരെ പ്രതികരിക്കുകേം പോരാടുകേം വേണം. അതിനൊക്കെ ഓരോരുത്തര്‍ക്കും ഓരോ രീതിയില്ലേ?. അല്ലെങ്കി ഓരോരുത്തരീന്നും സമൂഹം പ്രതീക്ഷിക്കുന്ന രീതിയില്ലേ?.നമ്മടെ വര്‍ക്കിപ്പിതാവ്‌ സി.പി.എം സംസ്ഥാന സെക്രട്ടറീടേ അതേ കാര്‍ക്കശ്യത്തോടെയും മൂര്‍ച്ചയോടെയും സംസാരിക്കുന്നത്‌ ശരിയാണോ? ബൂലോകത്തെ രാഷ്ട്രീയ അനുഭാവമുള്ളവരെപ്പോലെ ഒരു ഡീക്കന്‍ പോസ്‌റ്റിടുന്നതിലും ഇതേ കൊഴപ്പവൊണ്ടെന്ന്‌ എനിക്കു തോന്നുന്നു.

ലോകം മൊത്തം സഭ ഇപ്പം പ്രതിസന്ധീലാണെന്നാ പറയുന്നേ. ചെറുപ്പക്കാര്‍ക്ക് വിശ്വാസം കുറഞ്ഞുവരുന്നു. ഞാറാഴ്‌ച്ച കുര്‍ബാനക്കു പോലും കൃത്യമായി പോകുന്നോര്‌ ഇപ്പം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുവാ. നമ്മടെ പഴേ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍റെ നാടായ പോളണ്ടില്‌ തിരുപ്പട്ടത്തിലേക്ക്‌ യുവതീ യുവാക്കളെ ആകര്‍ഷിക്കാന്‍ സഭ മുന്‍കൈ എടുത്ത്‌ അച്ചന്‍മാരുടേം കന്യാസ്‌ത്രീകളുടെയും ഫാഷന്‍ ഷോ നടത്തിയതിന്‍റെ വാര്‍ത്ത ഡീക്കനും വായിച്ചു കാണുമെന്ന്‌ കരുതുന്നു.( ഈ വാര്‍ത്തേക്കുറിച്ച്‌ ഇതുവരെ അറിയാത്തോര്‌ തെറ്റിധരിക്കേണ്ട. പതിവ്‌ ഫാഷന്‍ ഷോ അല്ല കേട്ടോ. ഓരോ സന്യാസ സഭാ വിഭാഗത്തില്‍ പെട്ടവരും അവരവരുടെ വിഭാഗത്തിന്റെ സന്യാസ വേഷമണിഞ്ഞ്‌ റാമ്പിലു വന്നു. അത്രേയുള്ളൂ. സഭയില്‍ സ്വാതന്ത്രമൊണ്ടെന്ന്‌ വ്യക്തമാക്കുകയായിരുന്നു പരിപാടീടെ ഉദ്ദേശം).

പോളണ്ടിലെ കാര്യം പ്രത്യേകം പറയാന്‍ കാരണമുണ്ട്‌. അവിടെ സഭ കമ്യൂണിസ്റ്റ്‌ ഭരണത്തിനെതിരായ നിരന്തര യുദ്ധത്തിലായിരുന്നു. ആ സമേത്ത്‌ സഭക്ക്‌ വിശ്വാസികളുടെ പിന്തുണ ഏറി. കമ്യൂണിസ്റ്റ്‌ ഭരണം തകര്‍ന്നപ്പോള്‍ വിശ്വാസികള്‍ക്ക്‌ ത്രില്ലു പോയി. പള്ളികളില്‍ ആളു കുറഞ്ഞു. കമ്യൂണിസോം സഭേം പരസ്‌പരം കൊണ്ടും കൊടുത്തുമാ നിലനിന്നിരുന്നതെന്ന്‌ സാരം.

കേരളത്തിപ്പോലും അച്ചനാകാനും അമ്മയാകാനും പോകുന്നോരുടെയും ഞായറാഴ്‌ച്ച പള്ളീപ്പോകുന്നോരുടെയും എണ്ണം വന്‍ തോതില്‍ കുറഞ്ഞെന്ന്‌ സഭാ നേതൃത്വം തന്നെ സമ്മതിക്കുന്നു.ഈ സാഹചര്യത്തില്‍ സഭേടെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിപ്പിക്കാനല്ല, മറിച്ച്‌ വിശ്വാസ അടിത്തറ വികസിപ്പിക്കനാണ്‌ മെത്രാന്‍മാരും അച്ചന്‍മാരും അച്ചനാകാന്‍ പഠിക്കുന്നോരുമൊക്കെ ശ്രമിക്കേണ്ടത്‌. വിവാദ വിഷയങ്ങളില്‍ സഭയുടെ നിലപാട്‌ മാന്യമായി അവതരിപ്പിക്കണം. അതിന്‌ വാളെടുക്കുന്നോരെല്ലാം വെളിച്ചപ്പാടാകണോ?.പിന്നെ ബ്ലോഗര്‍മാരില്‍ വേറെയും വൈദിക വിദ്യാര്‍ഥികളുണ്ടെന്ന്‌ ഡീക്കന്‍ മനസിലാക്കണം. സ്വന്തം നിലയറിഞ്ഞ്‌ പോസ്‌റ്റിടുന്ന പലരും. ബൂലോകത്തെ ഡീക്കന്‍ ജെയ്‌മോന്‍ തന്നെ ഉദാഹരണം. സമയം പോലെ ലിങ്ക്‌ ഒന്നു സന്ദര്‍ശിച്ചാ അതു മനസിലാകും.

29 comments:

അന്ന ഫിലിപ്പ് said...

ഡീക്കന്റെ ബ്ലോഗിന്റെ തലക്കെട്ടിനൊപ്പമുള്ള വാചകങ്ങളില്‍ വെല്ലുവിളീടെ സ്വരമാണുള്ളത്‌.പിന്നെ പാരഡി കവിതയും മറ്റുമായി ഒരു സമൂഹത്തെ(അത്‌ പാര്‍ട്ടിയോ, സംഘനയോ എന്തുമാകട്ടെ) അവഹേളിക്കുന്നത്‌ ഭാവീലെ കൊച്ചച്ചനു ചേര്‍ന്നതാണോ എന്ന്‌ ഒന്നാലോചിച്ചേര്‌.
ഇപ്പഴേ ഇങ്ങനെ കടുത്ത നിലപാടെടുത്താ അച്ചനാകുമ്പോ, അതുകഴിഞ്ഞ്‌ എങ്ങാനും ബിഷപ്പായാല്‍ എന്തായിരിക്കും സ്ഥിതി?.

Roby said...

അന്ന,
ഡീക്കനുള്ള മറുപടി അസ്സലായി. ഇത് ആ ബ്ലോഗില്‍ ഒരു കമന്റിലൂടെ ലിങ്ക് കൊടുക്കാമോ?

Unknown said...

കൊള്ളാം നല്ല എഴുത്ത്

ഡാലി said...

ഇതു അടിപ്പൊളി.

Vishnuprasad R (Elf) said...

അസ്സലായി. ഇതിനൊക്കെ ചുട്ട മറുപടി കൊടുക്കാന്‍ ഒരാളെന്കിലും ഉണ്ടായല്ലോ . നന്നായി

ജോണ്‍ജാഫര്‍ജനാ::J3 said...

അതെന്നതാ അന്നാഫിലിപ്പേ, കമ്മ്യൂണിസ്റ്റ് കാരുടെ വേര്‍ഷന്‍ മാത്രം വായിച്ചാ മതിയോ?
ഒരു കരണത്ത് അടിക്കുന്നവനു മറുകരണം കാണിക്കുന്ന യേശൂനേ മാത്രമേ നിങ്ങള് കോട്ടയം കാര്‍ക്ക് പരിചയമുള്ളൂ‍ന്നാ തോന്നുന്നുത്, യെരുശലേം ദേവാലയത്തില്‍ കയറി അടിച്ച് നിരത്തിയ യേശൂനേ അറിയാന്‍‌പാടില്ലായോ?
ഒറ്റ നോട്ടത്തില്‍ കണ്ടപ്പോള്‍ ആ ബ്ലോഗ് അന്നയ്ക് സഹിച്ചില്ലെന്നാ തോന്നുന്നത്,പല വസ്തുനിഷ്ടമായ കാര്യങ്ങളും സമചിത്തതയോടെ അതില്‍ കൈകാര്യം ചെയ്യുന്നുണ്ട്,ഏകജാലകത്തെ പറ്റിയൊക്കെഉള്ള പോസ്റ്റ് വായിച്ചാരുന്നോ?

ആ ഡീക്കന്റെ പേര് പോലും നേരേ ചൊവ്വേ വായിച്ചെടുക്കാന്‍ അന്ന ക്ഷമ കാണിച്ചില്ലെന്ന് തോന്നുന്നു.
പേരില്‍ ക്രിസ്ത്യാനികളുള്ള വേറേയും കമ്മ്യൂണിസ്റ്റ്കാര്‍ കേരളത്തിലുണ്ട് , അതുകൊണ്ട് ഞാന്‍ കമ്മ്യൂണിസ്റ്റ് കാരിയല്ല , കതോലിക്കാകാരി ആണെന്ന് ഇടക്കൊക്കെ പറയുന്നത് നല്ലതാ ,ഇത്തരം എഴുത്തുകള്‍ക്ക് ആരും തെറ്റിദ്ധരിക്കില്ലല്ലൊ.

പിന്നെ ഇവിടെയെന്തിനാ അഭയയുടേകാര്യമെഴുതിയത്?

കതോലിക്കാ സഭയെ ഇടക്കൊക്കെ ഒന്ന് ചൊറിയാന്‍ അത് നല്ലതാണല്ലൊ അല്ലേ?
കുറ്റം ചെയ്തവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരായോ അന്നേ?

അതോ കതോലിക്കാ സഭ അവരുടെ പക്ഷം ബ്ലോഗില്‍ സംസാരിക്കുന്നത് കൊണ്ടുള്ള അസഹിഷ്ണുതയോ?
അതോ ശ്രദ്ധ പിടിച്ച് പറ്റാന്‍ മറ്റൊരു എഴുത്തോ?

പിന്നെ ആങ്ങള പറയുന്നത് മാത്രം എഴുതാനാണെങ്കില്‍, ബ്ലോഗ് ആങ്ങളക്ക് അങ്ങ് തൊടങ്ങിയാ പോരായോ?
അതെങ്ങെനാ ആദ്യകാലത്തൊക്കെ അപ്പനിങ്ങനെ പറഞ്ഞൂന്ന് പറഞ്ഞാരുന്നു അന്നമ്മ എഴുതിക്കൊണ്ടിരുന്നത് അല്ലായോ?
ഇങ്ങനെ എഴുതുന്നതില്‍ എന്നേയുംതെറ്റായി ധരിക്കേണ്ടാ, ഞാന്‍ ഒരു കത്തോലിക്കാ കാരനല്ല!

Roby said...

അതോ കതോലിക്കാ സഭ അവരുടെ പക്ഷം ബ്ലോഗില്‍ സംസാരിക്കുന്നത് കൊണ്ടുള്ള അസഹിഷ്ണുതയോ?

ആരാണ് ‘കത്തോലിക്കാസഭയുടെ പക്ഷം’ ഇങ്ങനെ സംസാരിക്കാന്‍ ഡീക്കനെ ചുമതലപ്പെടുത്തിയത്?
സഭയ്ക്ക് ‘spokes of the wheel concept’ ആണുള്ളത്. അതായത് സഭയിലെ എല്ലാവരും തുല്യര്‍. അപ്പോള്‍ മെത്രാന്മാരുടെ പക്ഷം സഭയുടെ പക്ഷമെന്നു മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടല്ലോ.

ഡീക്കന്‍ സംസാരിക്കുന്നത് ചില മെത്രാന്മാരുടെ പക്ഷമാണ്.

ജോണ്‍ജാഫര്‍ജനാ::J3 said...

റോബി അസലായി,
അതല്ല ഇവിടെ മുഖ്യവിഷയം.
ഇനി അങ്ങനെയെങ്കില്‍ റോബിയുടെ കണ്ടെത്തല്‍ പ്രകാരം അവനവന്‍ പ്രതിനിധാനംചെയ്യുന്ന സമൂഹത്തെ ഡിഫെന്‍ഡ് ചെയ്ത് സംസാരിക്കാന്‍ ആര്‍ക്കാണ് കഴിയുക?
അതോ ഇടയ ലേഖനത്തില്‍ എഴുതിയാല്‍ മാത്രമേ കതോലിക്കാ സഭയുടെ നാവാകുകയുള്ളോ?
സഭയുടെ പ്രതിനിധീകരിച്ച് ഡീകന്‍ എഴുതിയത് അവരുടെ (സഭയുടെ) ന്യായമായ ആവശ്യങ്ങളും ന്യായീകരണവും ആണെന്ന് എനിക്ക് (വായനക്കാരന്‍) തോന്നി, അത് വസ്തു നിഷ്ടവും യോജിച്ചതും ആയി മനസ്സിലാക്കാന്‍ സാധിച്ചു. മറുഭാഗം പറയുവാന്‍ ഇതുവരെ ബ്ലോഗില്‍ ആരും ഇല്ലാതിരുന്ന സ്ഥിതിക്ക് ഡീകന്റെ എഴുത്തുകള്‍ ന്യായമായി ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക് ബാലന്‍സ്ഡ് ആയി എനിക്ക് ബോധ്യപ്പെട്ടു ഇതിനയാളെ ആര്‍ ചുമതലപ്പെടുത്തിയെന്നുള്ളത് അവരുടെ /സഭയുടെ ഔദ്യോഗിക കാര്യം.
ഇനി സഭയില്‍ മറ്റുള്ള വാദഗതികളും ഉണ്ടെങ്കില്‍ അവര്‍ വരട്ടെ, എഴുതട്ടേ ഞാനും വായിക്കാം , നിക്ഷ്പക്ഷമെന്ന് തോന്നുന്നത് അവനവന് തെരഞ്ഞെടുക്കാം അതല്ലാതെ ഒരാള്‍ക്ക് അങ്ങനെയൊന്നും എഴുതാന്‍ പാടില്ലാ എന്നൊക്കെ പറേണത് ഒരു മാതിരി ചീപ് ആണെന്നാണ് എന്റെ പക്ഷം.

karamban said...

പിന്നെ അന്ന ഫിലിപ്പേ,
പോസ്റ്റിനോട് യോജിക്കുന്നു. കിടിലന്‍ പോസ്റ്റ്!!

പറഞ്ഞ പലകാര്യങ്ങളും ശരിതന്നെ.

പക്ഷെ ഒരു കന്യാസ്ത്രിയും അച്ചനും ചെറ്റത്തരം കാണിച്ചാല്‍ സഭമുഴുവന്‍ മോശമാകുമോ? കള്ളനാണയങ്ങള്‍ എല്ലായിടത്തുമില്ലേ?


റോബിയോട്,

അതെന്തോന്നു പോക്രിത്തരമാ റോബീ പറയ്യുന്നത്? റോബീയുടെ ആശയഗതിയുള്ളവന്‍ മാത്രം എഴുതിയാ മതിയോ ഈവിടെ?

Kiranz..!! said...

പിണറായി വിജയനും മന്ത്രിമാരായ ബേബിക്കും സുധാകരനുമൊക്കെ സഭയെ ഒതുക്കണമെന്ന ഉദ്ദേശ്യമുണ്ടെന്ന്‌ ആര്‍ക്കാ അറിയാമ്പാടില്ലാത്തത്‌?.

കാലമിനിയുമുരുളും വിഷു വരും.. വര്‍ഷം വരും തിരുവോണം വരും.. പിന്നെയോരോ തളിര്‍ വരും പൂവരും കായ് വരും,അപ്പോ ഇലക്ഷനും വരൂല്ലേ അന്നമ്മോ ? സഭയേ അങ്ങനങ്ങൊതുക്കാന്‍ പറ്റുവോ ?

അതു പോട്ടെ ആ ഡീക്കനാര് ? ഒരു കുഞ്ഞു ലിങ്കേലും കൊടുക്കാര്‍ന്നു..!

അന്ന ഫിലിപ്പ് said...
This comment has been removed by the author.
അന്ന ഫിലിപ്പ് said...

റോബിയേ, അനൂപേ, ഡാലിയേ, ‍ഡോണേ, ജോണ്‍ജാഫര്‍ ജനായേ,കറന്പോ കിരണ്‍സേ സഹകരണം വരവു വെച്ചിരിക്കുന്നു.

റേബീടെ നിര്‍ദേശപ്രകാരം ഡീക്കന്‍റെ ബ്ലോഗില്‍ കമന്‍റ് ലിങ്ക് ഇട്ടിട്ടൊണ്ടു കേട്ടോ.

ജോണ്‍ ജാഫര്‍ ജനാ,
കമ്യൂണിസ്റ്റുകാരുടെ വേര്‍ഷന്‍ മാത്രം വിയ്ച്ചാ മതീന്ന് ഞാന്പറഞ്ഞിട്ടില്ല. എന്‍റെ കുറിപ്പ് ശരിക്കു വായിച്ചില്ലായോ. ജറുസലേം ദേവാലയത്തില്‍ കേറി അടിച്ചു നിരത്തിയ യേശുവിനെ മാത്രം ബഹുമാനിക്കുന്ന ക്രിസ്ത്യാനികള് ഒരുപാടുണ്ട്. പിന്നെ വേറെ ചെലരുണ്ട്. കള്ളുകുടിച്ച് ലെവലില്ലാതെ വീട്ടി വരുന്പോ ഭാര്യ കരേന്നതു കാണുന്പം പറയും. നീയെന്നാത്തിനാ കരയുന്നെ കള്ളു കുടിക്കുന്നത് പാപവൊന്നുമല്ലല്ലോ. കര്‍ത്താവീശോ മിശിഹാ വെള്ളം വീഞ്ഞാക്കി കൊടുത്തില്ലായാ എന്ന്. ഓരോരുത്തരും അവരവരുടെ സൗകര്യത്തിനസുരിച്ചാണല്ലോ ബൈബിള് വ്യാഖ്യാനിക്കുന്നേ.
ഇങ്ങനെ വ്യാഖ്യാനിക്കുന്നോരും ഞാന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഡീക്കന്‍ ജെയ്മോന്‍റെ ബ്ലോഗിലൊന്ന് പോകുന്നത് നല്ലതാണ്.

"അതോ കതോലിക്കാ സഭ അവരുടെ പക്ഷം ബ്ലോഗില്‍ സംസാരിക്കുന്നത് കൊണ്ടുള്ള അസഹിഷ്ണുതയോ"

ഇതിന് മറുപടി റോബി പറഞ്ഞിട്ടൊണ്ട്. ഇതുതന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് വാളെടുക്കുന്നോരെല്ലാം വെളിച്ചപ്പാടാകുന്ന കാര്യം.

ഡീക്കന്‍റെ പേര് തെറ്റിച്ചതിന് ക്ഷമീര്. അത് തിരുത്തീട്ടൊണ്ട്.

അഭയേടെ കാര്യം എഴുതിയത് കത്തോലിക്കാ സഭേ ദ്രോഹിക്കാനാണെന്ന്(ജോണ്‍ജാഫര്‍ജനാ ഇതിനു പകരം ഉപയോഗിച്ച വാക്ക് ആവര്‍ത്തിക്കുന്നില്ല)താങ്കളെപ്പോലെയുള്ളോര്‍ക്കു തോന്നുക സ്വാഭാവികം. കുറ്റം ചെയ്തോരു മാത്രം ശിക്ഷിക്കപ്പെട്ടാ മതീന്നാ എന്‍റെയും അഭിപ്രായം. പക്ഷെ സഭേടെം അതിരൂപതേടെമൊന്നും നിലപാട് ഇതല്ലല്ലോ.
സെന്‍സേഷണലായ ചില വാര്‍ത്തകളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് അഭയ കേസില്‍ വേദികര്‍ പ്രതികളാണെന്ന പ്രചാരണമെന്നാണ് കോട്ടയം അതിരൂപത പ്രസ്താവന ഇറക്കീരിക്കുന്നത്. അതിന്‍റെ ലിങ്ക് ദേ ഇവിടെ


പിന്നെ അങ്ങളേടെം അപ്പന്‍റെയുമൊക്കെ അഭിപ്രായം എഴുതുന്നത്. ഇടക്ക് അങ്ങനെ എഴുതിപ്പോകുന്നതാണ്. അത് തുടരുകയും ചെയ്യും. അതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വായിക്കുന്പോ ദയവായി ആ ഭാഗം വിട്ടു കളഞ്ഞേര്.

" റോബിയുടെ കണ്ടെത്തല്‍ പ്രകാരം അവനവന്‍ പ്രതിനിധാനംചെയ്യുന്ന സമൂഹത്തെ ഡിഫെന്‍ഡ് ചെയ്ത് സംസാരിക്കാന്‍ ആര്‍ക്കാണ് കഴിയുക?
അതോ ഇടയ ലേഖനത്തില്‍ എഴുതിയാല്‍ മാത്രമേ കതോലിക്കാ സഭയുടെ നാവാകുകയുള്ളോ"

ഇതിനാണ് വാളെടുക്കുന്നോരെല്ലാം വെളിച്ചപ്പാടാകുക എന്നു പറയുന്നത്.ഡീക്കന്‍റെ വെല്ലുവിളികളും പാരഡി ഗാനവുമൊക്കെ കത്തോലിക്കാ സഭയുടെ അന്തസിനു ചേര്‍ന്നതും വസ്തുനിഷ്ടവുമാണെന്നൊക്കെ തോന്നുന്നോരോട് എന്തു പറയും?.
സ്വന്തം അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം ഒരു ഡീക്കനാണ് എന്ന് മനസിലാക്കുക. നാല്‍ക്കവലേലിരുന്ന് കൊച്ചുവര്‍ത്തമാനോം നാലാംകിട രാഷ്ട്രീയോം പറയുന്നോരെപ്പോലെയാണ് വൈദികനും ഡീക്കനുമൊക്കെയെന്ന് ഈയുള്ളവര്‍ക്ക് തോന്നുന്നില്ല.

കറന്പന്‍ ചോദിച്ചതിന് മുകളില്‍ മറുപടിയിട്ടിട്ടുണ്ട്.
പിന്നെ കറന്പനോട് ഒരു സംശയം ചോദിക്കട്ടെ,
താങ്കളുടെ കമന്‍റില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടു സവിശേഷ വാക്കുകളും(ആവര്‍ത്തിക്കുന്നില്ല) ഇപ്പോള്‍ സാധാരണ പദാവലിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞോ?

കിരണ്‍സിന്‍റെ നിര്‍ദേശം മാനിച്ച് ഡീക്കന്‍റെ ബ്ലോഗിലേക്ക് എന്‍റെ പോസ്റ്റിന്‍റെ തൊടക്കത്തിലേ ലിങ്ക് ചേര്‍ത്തിട്ടുണ്ട്.

May 16, 2008 5:09 AM

ജോണ്‍ജാഫര്‍ജനാ::J3 said...

അന്നാ ഫിലിപ്പേ, സംശയങ്ങള് തീര്‍ത്ത് തീര്‍ത്ത് പോണേ,പോസ്റ്റ് വായിക്കാതെ ഞാന്‍ കമന്റാറില്ല.
ആദ്യം റൂബിന്റെ പോസ്റ്റ് കണ്ട്പ്പോഴുണ്ടായ ആവേശമൊന്നും ഇപ്പൊ അന്നയ്ക്കില്ലെന്ന് തോന്നുന്നു അതല്ലേ അയാളുടെ പേരുപോലും വായിക്കാന്‍ നില്‍ക്കാതെ സ്റ്റോപ്പ് ബോഡുമായി ഇറങ്ങിപുറപ്പെട്ടത്.
അപ്പോ എഴുതിയതിലല്ല കാര്യം ആദ്യത്തെ ഡീ എനിലും കമ്യൂണിസ്റ്റ് വിരുദ്ധതയിലും ആയിരുന്നു എന്ന് സ്പഷ്ടം , പിന്നെ ഒരു ചോദ്യോം കൂടെ എന്നെ കണ്ടാ കിണ്ണം കട്ടവനാണെന്ന് തോന്നുമോ എന്ന്?

ചൊറിയുക എന്നൊക്കെ പറഞ്ഞാല്‍ നിങ്ങടെ നാട്ടില്‍ തെറിയാണെന്ന് ഞാന്‍ അറിയില്ലാര്‍ന്നു കേട്ടോ, എഴുതിയത് കാര്യമായി ഇനീപ്പോ അതിനു പകരം മാന്തുക എന്ന് എഴുതാമല്ലൊ, അതിനി തെറിയൊന്നും അല്ലല്ലൊ അല്ലേ?

പിന്നെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാണോ എന്ന ശോദ്യം അതു കൊള്ളാം , പക്ഷേ അവിടെയാണ് കൊഴപ്പം ഡീക്കന്‍ അങ്ങനെയൊന്നും പറയാന്‍ അവകാശമില്ല എന്ന് പറയാന്‍ അന്ന ആരാ എന്നൂടെ എഴുതിയിരുന്നെങ്കില്‍ കൊള്ളായിരുന്നു. ഡീക്കന്‍ എഴുതിയതില്‍ സത്യാവസ്ഥ കണ്ടതുകൊണ്ടും ഇന്നത്തെ ബ്ലോഗിന്റെ അവസ്ഥയില്‍ ഒരു ബാലന്‍സിങ്ങായ എഴുത്തായത് കൊണ്ടും രണ്ട് ഭാഗവും കേള്‍ക്കാന്‍ എന്നെ പോലെയുള്ള വായനക്കാര്‍ക്ക് കഴിഞ്ഞു.

ഉദാഹരണം ഏകജാലകത്തെപറ്റിയുള്ള വിഷയം ബ്ലോഗില്‍ എമ്പാടും ക്ലിക്കി നോക്കിയിട്ടും സി പി എമിന്റെ വേര്‍ഷന്‍ മാത്രമേ കണ്ടുള്ളൂ അപ്പോഴാണ് ഡീക്കന്റെ പോസ്റ്റില്‍ കത്തോലിക്കാ സഭയുടെ വാദമുഖങ്ങള്‍ വായിക്കാന്‍ കഴിഞ്ഞത്. അതില്‍ ചിലതെങ്കിലും സ്വീകാര്യമായി എനിക്ക് തോന്നി, അന്നയ്ക്ക് അതല്ലാതെ കത്തോലിക്കാ സഭയുടെ പേരിലോ അല്ലെങ്കില്‍ അവിടെയുള്ള വിശ്വാസ സമൂഹത്തിന്റെ പേരിലോ ഇനി അതുമല്ലെങ്കില്‍ ഒരു കത്തോലിക്കാ വിശ്വാസിയുടെ പേരിലോ വേറോരു ചിന്താഗതിയുണ്ടെങ്കില്‍ അതൂടെ എഴുത് താല്പര്യമുള്ളവര്‍ വായിക്കട്ടെ.അതല്ലേ അതിന്റെ ശരി, അല്ലാതെ അച്ചനായത്കൊണ്ട് എഴുതാന്‍ പാടില്ല കന്യാസ്ത്രീ ആയത്കൊണ്ട് പ്രസംഗിക്കാന്‍ പാടില്ല എന്നൊക്കെ മട്ടിലുള്ള എഴുത്ത് പോലും ചീപാണെന്നാണ് എന്റെ അഫിപ്രായം:(

ഒരു അച്ചനാണ്,ഡീക്കനാണ് എന്നു വച്ച് അയാള്‍ക്ക് അയാളുടേതായ അവകാശങ്ങള്‍ ഇല്ലേ? ഇല്ലേ?

കോട്ടയത്തെ ഒരു വീട്ടമ്മയായ/ ഉദ്യോസ്ഥയായ/ വിദ്യാര്‍ത്ഥിയായ നസ്രാണികൊച്ചിനു നാലാം കിട രാഷ്ട്രീയ ചര്‍ച്ചകള്‍ പാപമായി തോന്നിയില്ലെങ്കില്‍ അതില്‍ എന്തൊക്കെയോ കാര്യമുണ്ടെന്നുള്ളതല്ലേ സത്യം അത് പിന്നെ ഡീക്കനായി എന്നുവച്ച് റൂബിന് നിഷേധ്യമാവുന്നത് എങ്ങനെ?

പിന്നെ അവസാനമായി ഒന്നൂടെ അഭയയുടെ കേസ് ഏതുദ്ദേശത്തിലാണോ കൊച്ചച്ചന്റെ പോസ്റ്റിലെഴുതിയതെന്ന് അന്നാ ഫിലിപ് എഴുതിക്കണ്ടില്ല. അതു ചുമ്മാ എഴുതി വന്നപ്പൊ ഒരാവേശത്തില്‍ അങ്ങ് എഴുതിപ്പോയതാണ് അല്ലേ? ഒറ്റയടിക്ക് നോക്കിയപ്പോ സദുദ്ദേശമൊന്നും അതില്‍ ഞാന്‍ കണ്ടതുമില്ല.

പിന്നെ വായനക്കാര്‍ താങ്കളുടെ പോസ്റ്റുകളുടെ ഏത് ഭാഗം വായിക്കണ്ട എന്ന് മുന്‍‌കൂര്‍ ഉപദേശിക്കുന്നത് നന്നായിരിക്കും , കാരണം പബ്ലിക് ആയിട്ടാണല്ലൊ പോസ്റ്റുന്നത്പോസ്റ്റിക്കഴിഞ്ഞ് പിന്നെ പുലിവാലാകുന്നതിലും നല്ലത് ഏതായാലും അത് തന്നെയാണ്.

അവസാനമായി കര്‍ത്താവിന്റെ കാര്യം,
അതിലന്ന എഴുതിയത് കറ്സ്റ്റ്, ഞാനും അനുകൂലിക്കുന്നു, പ്രത്യേകിച്ച് കുടിയന്‍‌മാരുടെ കാര്യം ക്രിസ്മസ്സിന് പത്രത്തില്‍ വായിച്ചാര്‍ന്നു കോട്ടയത്താണ് മദ്യം റിക്കോഡ് വിലയില്‍ വിറ്റതെന്ന് ,
അതിനെപറ്റിയൊന്നും ആങ്ങള ഒന്നും പറഞ്ഞില്ലേ?

Thottupuram said...

പ്രീയ അന്നമ്മേ ... ഞാന്‍ കംമുനിസ്ടുകരെ ക്കുറിച്ച് മാത്രമല്ല എഴുതിയിട്ടുള്ളത് ... സഭയെയും ദൈവ ശാസ്ത്രത്തെയും കുറിച്ചു എഴുതിയിട്ടുണ്ട് .... അതു വായിക്കാന്‍ ഇവടെപ്പോകുക

http://thottupuram.blogspot.com

അന്ന ഫിലിപ്പ് said...

ഡീക്കന്‍,

"മറ്റു പ്രസിദ്ധീകരണങ്ങളില്‍ സഭക്ക്‌ അനുകൂലമായി വന്ന ലേഖനങ്ങളും വാര്‍ത്തകളും ഡീക്കന്‍ ബ്ലോഗില്‍ പോസ്‌റ്റു ചെയ്യുന്നത്‌ മനസിലാക്കാം. പക്ഷെ, അവിടം കൊണ്ട്‌ അവസാനിക്കുന്നില്ല. സി.പി.എമ്മിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന പോലെയാണ്‌ ഡീക്കന്‍റെ ബ്ലോഗിന്റെ മൊത്തത്തിലുള്ള പോക്ക്‌. അതുകൊണ്ടാണ്‌ ഇത്‌ ശരിക്കും ഡീക്കനാണോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സംശയം തോന്നിയത്‌".

ഇങ്ങനെ ഒരു ഭാഗം എന്‍റെ പോസ്റ്റില്‍ ഡീക്കന്‍ വായിച്ചില്ലാരുന്നോ?. ഡീക്കന്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച് മാത്രമാണെഴുതിയതെന്ന് ഒരെടത്തും ഞാന്പറഞ്ഞിട്ടില്ല.

സ്വന്തം നില മറക്കല്ലെന്നു മാത്രമാ ഈയുള്ളവള്‍ ചൂണ്ടിക്കാട്ടിയത്. ഡീക്കനായാലും മാര്‍പ്പാപ്പയായാലും അര്‍ഹിക്കുന്ന ആദരം കിട്ടാന്‍ നല്ലത് അതാണെന്നു തോന്നുന്നു.

http://thottupuram.blogspot.com ഞാന്‍ നേരത്തെ വായിച്ചിരുന്നു അതില്‍ catholicismindia.blogspot.com ലേക്ക് കൊടുത്തിരിക്കുന്ന പാലത്തിന്‍റെ തലക്കെട്ട് Catholicism V/s Communism in India എന്നാണ്. സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള യുദ്ധം അല്ലെങ്കില്‍ മത്സരം എന്ന പരിവേഷമാണ് ഇതില്‍നിന്ന് ലഭിക്കുക.
ഇനി ആ ലിങ്കുവഴി ഇപ്പുറത്ത് വന്നാലോ?

"മതസ്വാതന്ത്ര്യത്തിനു നിരക്കാത്ത നടപടികള്‍ ആരെടുത്താലും കത്തോലിക്കാസഭ എക്കാലവും അതിനെ എതിര്‍ക്കുകതന്നെ ചെയ്യും".എന്ന വെല്ലുവിളിയോടെയാണ് തുടക്കം. ഇവിടെ ചേര്‍ത്തിട്ടുള്ള ലേഖനങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല.
പക്ഷെ ഈ വെല്ലുവിളികളും പാരഡിപ്പാട്ടുകളുമൊക്കെ കടന്ന കൈതന്നെയാണെന്ന് എനിക്കു തോന്നുന്നു.

സഭേടെ പേരില്‍ വെല്ലുവിളിയോ മത്സരമോ നടത്തുന്നത് ശരിയാണെന്ന് ഡീക്കനു തോന്നുന്നുണ്ടേല് ഞാന്‍ ദേ ഇവിടെ നിര്‍ത്തി.

Thottupuram said...

പ്രീയ അന്നാമ്മേ "വെല്ലുവിളികളും പാരഡിപ്പാട്ടുകളുമൊക്കെ" ഞാന്‍ തന്നെ എഴുതിയതല്ല .. നമ്മുടെ ഓരോ ഇടവകക്കാര്‍ തന്നതാണ് ....
@ സഭേടെ പേരില്‍ വെല്ലുവിളിയോ മത്സരമോ നടത്തുന്നത് ശരിയാണെന്ന് ..... >>ശരിയല്ല .... ആരാ വെല്ലുവിളി നടത്തുന്നത് ....
നമ്മുടെ കൊച്ചു സമൂഹത്തെ രക്ഷിക്കാന്‍ എന്നാലാവുന്നത് ചെയ്യുന്നു .. പിന്നെ അല്‍പ്പം കമ്പ്യൂട്ടര്‍ പഠിക്കുകയും പടിപ്പിക്കുകയും ഒക്കെ ചെയ്തതുകൊണ്ടു ചില കാര്യങ്ങള്‍ മറ്റുള്ളവരെ സഹായിക്കാന്‍ ചെയ്യുന്നു.... അന്നരക്കനനും തന്നാലായത് .....
@ഇത്‌ ശരിക്കും ഡീക്കനാണോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സംശയം .... വേണ്ട അന്നാമ്മേ ... ഞാന്‍ എന്നെ പ്പറ്റി ലിന്ക് ഇടാന്‍ മറന്നതാണ് .. ഇപ്പോള്‍ ഉണ്ട്... നോക്കാം.. ഓര്‍ക്കുട്ടില്‍ കൂടുതലായുണ്ട് .
http://www.orkut.com/Profile.aspx?uid=11898408579152012852
നന്ദി ...

കിരണ്‍ തോമസ് തോമ്പില്‍ said...

അന്നേ

ഡീക്കന്റ പോസ്റ്റുകള്‍ കാണാറുണ്ടായിരുന്നു. ദീപിക പത്രം ( ഫാരിസാനന്തര ദീപിക) വായിക്കുന്നതായേ തോന്നിയുള്ളൂ. കത്തോലിക്ക സഭ സ്വയാശ്രയ നിയമം കൊണ്ടു വന്നതിന്‌ ശേഷം നടത്തി വരുന്ന സമര പരിപാടികളുടെ തുടര്‍ച്ചായി കണ്ടാല്‍ മതി എന്ന് കരുതി അവഗണിച്ച്‌ കളഞ്ഞതാണ്‌. സ്വയാശ്രയ നിയമം കോടതിയില്‍ മൂക്കു കുത്തി വീണതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ തുടങ്ങിയ കേവല പ്രചരണങ്ങളുടെ ഭാഗം മാത്രമാണ്‌ എന്ന് കരുതി അവഗണിക്കുക എന്ന നയം തുടരുമ്പോഴാണ്‌ അന്നയുടെ ഈ പോസ്റ്റ്‌ കണ്ടതും ഡീക്കന്‍ പ്രത്യക്ഷപ്പെട്ടതുമൊക്കെ.

സ്വയാശ്രയ നിയമം വന്നപ്പോള്‍ മുതല്‍ ചില മെത്രാന്മാരുടെ മനസില്‍ ഉദിച്ച വിമോചന സമരം എന്ന മോഹം പച്ച പിടിക്കുമോ എന്ന് നോക്കിക്കൊണ്ടെ ഇരിക്കുകയാണ്‌. സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്നാണ്‌ പുതിയ ആരോപണം. എങ്ങനെ എന്ന് മാത്രം പറയുന്നില്ല. പിന്നെ ചിലതൊക്കെ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ അങ്ങനെ ആക്കുന്നുണ്ട്‌. സമരങ്ങളൊക്കെ സമാധാനപരമാണ്‌ എന്നൊക്കെയാണ്‌ പറച്ചിലെങ്കിലും പണ്ട്‌ വിമോചന സമരകാലത്ത്‌ എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ട്‌ എന്ന് ആരും മറന്നിട്ടില്ല. പിന്നെ ഈയിടെ നടന്ന് ഒരു സാമ്പില്‍ സമരത്തില്‍ കോട്ടയം പ്രസ്‌ ക്ലബ്‌ തകര്‍ക്കുകയും കാഞ്ഞിരപ്പള്ളിപ്പിതാവിനെതിരെ മുദ്രാവാക്യം വിളിയും തമ്മിത്തല്ല് നടന്നതൊന്നും ആരും മറന്നു കാണില്ലല്ലോ പിന്നെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അന്ത്യ കൂദാശ നല്‍കും എന്നോക്കൊപ്പറഞ്ഞ്‌ ഒരു അച്ചന്‍ ആക്രോശിച്ചതും മറന്നില്ലല്ലോ? അതുകൊണ്ട്‌ സര്‍ക്കാര്‍ കരുതി ഇരിക്കുക എന്ന സന്തേശം നല്‍കാന്‍ ഇനിയും ഒരുപാട്‌ ഡിക്കന്മാര്‍ അവതരിക്കും. ഡീക്കനേപ്പോലെ ഉള്ളവരേയോ അദ്ദേഹത്തേ അനുകൂലിക്കുന്നവരെയോ ഒന്നും പറഞ്ഞ്‌ മനസിലാക്കാന്‍ നമുക്ക്‌ കഴിയില്ല.

അന്ന ഫിലിപ്പ് said...

പ്രീയ ഡീക്കന്‍...
ശെരിക്കും ഡീക്കനാണെന്ന് ഇപ്പം ഒറപ്പായി. എടവകക്കാരു തരുന്ന സാധനങ്ങളാണ് ബ്ലോഗില്‍ ഇടുന്നതെങ്കിലും ഞാനുള്‍പ്പെടെയുള്ള വായനക്കാര് ഇതൊക്കെ ഡീക്കന്‍റെ അക്കൗണ്ടിലല്ലേ കണക്കാക്കൂ.

നമ്മുടെ കൊച്ചു സമൂഹത്തെ രക്ഷിക്കാന്‍
ആഗ്രഹിക്കുന്നതും ഡീക്കന്‍ കംപ്യൂട്ടറ് പഠിച്ചതും പഠിപ്പിക്കുന്നതുമൊക്കെ നല്ലതു തന്നെ. അതിലൊന്നും എനിക്ക് അഭിപ്രായ വ്യത്യാസോമില്ല.

പക്ഷെ നമ്മൂടെ സമൂഹത്തെ രക്ഷിക്കാനുള്ള പൊറപ്പാടില് കിട്ടുന്നതെല്ലാം ബ്ലോഗില്‍ കേറ്റുന്നത് ഈ സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
ഡീക്കന് കാര്യങ്ങള്‍ പിടികിട്ടുമെന്നു കരുതിയാണ് ഞാനും തന്നാലായത് ചെയ്തത്. പക്ഷെ ഫലമുണ്ടെന്ന് തോന്നുന്നില്ല.

ക്ഷമ, സഹനം, സാഹോദര്യം ഇത്യാദി കാര്യങ്ങളല്ലേ കത്തോലിക്കാ സഭ പഠിപ്പിക്കുന്നേ. പക്ഷേങ്കില് നമ്മള് ഇപ്പം ചെയ്യുന്നതൊക്കെ ക്രിസ്തു സാക്ഷ്യത്തിന് ചേര്‍ന്നതാണോ എന്ന് അലോചിച്ചു നോക്കുക.

കിരണ്‍...
പറഞ്ഞത് ശരിയാണ്.പാലം കുലുങ്ങിയാലും ഡീക്കന്‍ കുലുങ്ങുമെന്നു തോന്നുന്നില്ല.അദ്ദേഹത്തിന്‍റെ പുതിയ പോസ്റ്റുകള്‍തന്നെ ഇതു വ്യക്തമാക്കുന്നു.

കിരണിന്‍റെ എല്ലാ കുറിപ്പുകളും വായിക്കാറുണ്ട്. സി.പി.എം ചൊവയുണ്ടെന്ന ബൂലോകത്തെ പരദൂഷണം ശരിയാന്ന് പലപ്പോഴും തോന്നീട്ടൊണ്ടെങ്കിലും പല കുറിപ്പുകളിലെയും വിശകലനങ്ങള്‍ നന്നായി തോന്നി.

നീങ്ങളെപ്പോലെ പല കാര്യങ്ങളും അവലോകനം ചെയ്യുന്നതിനൊള്ള ഗട്സില്ലെങ്കിലും സഭയോടും മത വിശ്വാസത്തോടുമുള്ള സര്‍ക്കാരിന്‍റെ എല്ലാ നിലപോടുകളോടും യോജിപ്പില്ല.

കഴിഞ്ഞ ദിവസം ദീപികയില്‍ വന്ന പുതിയ സാമൂഹ്യ പാഠം പുസ്തകത്തെക്കുറിച്ചൊള്ള വാര്‍ത്ത കണ്ടില്ലാരുന്നോ. അതുപോലെ പല തരികിടകളും സര്‍ക്കാരു ചെയ്യുന്നൊണ്ട്.
പിന്നെ കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ച കാര്യം പറഞ്ഞാ ആദ്ദേഹത്തെ അടുത്തറിയുന്ന ആര്‍ക്കും ഒരഭിപ്രായമേ ഉണ്ടാകൂ-നന്നായി.
ദീപികേടെ നെലപാടിനെ കുറ്റപ്പെടുത്താന്‍ നമ്മക്ക് അവകാശമുണ്ടോ എന്ന് ആലോചിക്കാവുന്നതാണ്.
കാരണം ഇപ്പഴത്തെ നിലക്ക് അത് സഭേടെ പത്രമാണ്.
എന്നുവെച്ചാല്‍ ദേശാഭിമാനിം പുണ്യഭൂമീമൊക്കെ ചെയ്യുന്ന പണി അവരു സഭക്കു വേമ്ടി ചെയ്യുന്നു.
ഫാരീസാരുന്നപ്പം അത് ദേശാഭിമാനിയെക്കാള്‍ കഷ്ടവല്ലാരുന്നോ?
പറഞ്ഞു പറഞ്ഞ് കാടു കേറുന്നില്ല. ഡീക്കന്‍ ഏതായാലും യുദ്ധം തുടരനാണ് തീരുമാനിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്‍റെ വിശ്വാസങ്ങള്‍ അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

Thottupuram said...

പ്രീയ അന്നമ്മേ ...

ആരെയെങ്കിലും പ്രീതിപ്പെടു ത്താന്‍വേണ്ടി സഭയുടെ പ്രബോധനങ്ങളെ വളച്ചൊടിക്കരുത്‌. സഭയുടെ ശുശ്രൂഷ ആര്‍ക്കും അടിയറവു വയ്ക്കരുത്‌. ആരെയും ഭയപ്പെട്ട്‌ സഭാശുശ്രൂഷ ചെയ്യരുത്‌. ദൈവത്തെമാത്രം ഭയപ്പെട്ട്‌ ലോകത്തിന്‌ വേണ്ടി നന്മ ചെയ്യാന്‍ മുന്നോട്ട്‌ വരണം. സഭയെക്കുറിച്ച്‌ നാം സംസാരിച്ചില്ലെങ്കില്‍ ആരാണ്‌ സംസാരിക്കുക? ആര്‍ക്കാണ്‌ സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുക? നമുക്ക്‌ സഭയ്‌ ക്കുവേണ്ടി പ്രവര്‍ത്തിക്കാനും സംസാരിക്കാനും കടമയുണ്ട്‌. നന്മ എവിടെനിന്നു വന്നാലും സ്വീകരിക്കാന്‍ കഴിയുമ്പോഴാണ്‌ സഭ ശാക്തീകരിക്കപ്പെടുന്നത്‌. ആരും സഭയുടെ നന്മയില്‍ നിന്നും വഴിമാറിപ്പോകരുത്‌.

അന്ന ഫിലിപ്പ് said...

പ്രീയ ഡീക്കന്‍,
ഞാന്‍ ആരെ പ്രീതിപ്പെടുത്താന്‍ എന്തു പ്രബോധനം വളച്ചൊടിച്ചെന്നാ പറയുന്നേ.

കാലം മാറിയെങ്കിലും വിട്ടുവീഴ്ച്ചയുടെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാത സഭക്ക് അന്യമല്ലെന്ന് എത്രയോ വൈദികരും മെത്രന്‍മാരും ഇന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു.

വെല്ലുവിളീടേം ഭീഷണീടേം സ്വരം അജപാലകനും യഥാര്‍ത്ഥ വിശ്വാസിക്കും ചേര്‍ന്നതാണെന്ന് ഞാങ്കരുതുന്നില്ല. . നന്മ എവിടെനിന്നു വന്നാലും സ്വീകരിക്കാന്‍ കഴിയുമ്പോഴാണ്‌ സഭ ശാക്തീകരിക്കപ്പെടുന്നത്‌ എന്ന് ഡീക്കന്‍ പറയുന്നു.
ഇതേ ഡീക്കനും നമ്മടെ സഭേം സര്‍ക്കാരു മുന്നോട്ടുവെക്കുന്ന പല നിര്‍ദേശങ്ങളിലും പദ്ധതികളിലും എന്തേലും നന്‍മയുണ്ടോ എന്ന് ചിന്തിക്കാതെ കണ്ണുമടച്ച് തള്ളിക്കളയുന്നു.

ളോഹക്കുള്ളില്‍ തീവ്രവാദമല്ലല്ല, ജീവനുള്ള ക്രൈസ്തവ സാക്ഷ്യമാണ് കര്‍ത്താവു പ്രതീക്ഷിക്കുന്നത്.

പതാലി said...

അന്ന,
ഇതു കാണാന്‍ വൈകി.
ഇവിടെ സഭേടെ പേരില്‍ ഉറഞ്ഞു തുള്ളുന്നവര്‍ക്കുള്ള സാന്പിള്‍ മറുപടി ഉഷാറായി.
പക്ഷെ എത്രപറഞ്ഞാലും ഈ ഭാവി വൈദികന് കാര്യങ്ങള്‍ പിടികിട്ടുന്ന മട്ടില്ല. അദ്ദേഹം സഭക്കുവേണ്ടി, പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതക്കുവേണ്ടി യുദ്ധത്തിന് കച്ചമുറുക്കി ഇറങ്ങിയതല്ലേ.

സജി said...

അന്ന മാഡം,
അസ്സലായിരിക്കുന്നു.
ഞാന്‍ രണ്ടു വട്ടം ബഹു.ഡീക്കന് കമന്റ് ഇട്ടിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം”പയര്‍ അഞ്ഞാഴി” എന്ന മറുപടീ കണ്ടപ്പോള്‍ ഞാന്‍ നിര്‍ത്തി. ളോഹയിട്ട പുരോഹിതന്‍ ലോകത്തിനു നല്‍കുന്ന ഒരു സന്ദേശമുണ്ട്-പാപം നിറഞ്ഞ ലോകത്തില്‍ക്രിസസ്തുവിനെ കാണിച്ചു കൊടുക്കേണ്ടവരാണവര്‍.
അതിനു കഴിയില്ലെങ്കില്‍, അവര്‍ ളോഹ ഊരുയിട്ടിട്ട്, അരമനകളില്‍ നിന്നു തെരുവിലേക്കിറങ്ങട്ടേ! ജനത്തിന്‍ ഒരു ഉപകാരവും ചയ്യാത്ത എത്രയോ രാഷ്റ്റ്രീയ പാര്‍ട്ടികളുണ്ട് ഇവിടെ, അവരില്‍ ഒരാളാകൂ..
ദയവായിക്രിസ്തുവിനെ വെറുതെ വിടൂ..
പാപത്തിനു മേല്‍ പാപം കൂട്ടുന്ന വൈദികരെ നിങ്ങളെ ഞാന്‍ അറിയുന്നില്ല എന്നു ക്രിസ്തു പറയുന്ന നാള്‍ വരുന്നു...

ഈ ലിങ്ക് ഒന്നു വായിക്കൂ..
http://kapatanmar.blogspot.com/

Thottupuram said...

ആത്മാഭിമാനവും നട്ടെല്ലും ഇല്ലാത്ത വ്യക്തികളാണ്‌ ഓരോരോ കാര്യങ്ങള്‍ക്കുവേണ്ടി ഓരോരോ രീതിയിലുള്ള ന്യായീകരണം അന്വേഷിച്ചുപോവുക. എന്നാല്‍, തന്റേടവും ധര്‍മബോധവുമുള്ള മനുഷ്യര്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടരീതിയില്‍ ചെയ്യാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുമ്പോള്‍ അതിലവര്‍ക്കു കുറവുകള്‍ വരില്ല എന്നിവിടെ വിവക്ഷയില്ല. എന്നാല്‍, തങ്ങള്‍ക്കു കുറവുകള്‍ വന്നാല്‍പ്പോലും അവ ഏറ്റുപറയാനും അവ പരിഹരിക്കാനും അവര്‍ തയാറാകും എന്നതാണ്‌ അവരുടെ പ്രത്യേകത.

അന്ന ഫിലിപ്പ് said...

പതാലി,
ഇതേ വിഷയത്തില്‍
കിരണിന്‍റെ പോസ്റ്റില്‍ഒരു ചര്‍ച്ച നടക്കുന്നൊണ്ട്. നിങ്ങള്‍ പറഞ്ഞതുപോലെ ഇതൊന്നും ഡീക്കന് പിടികിട്ടുന്ന മട്ടില്ല.


സജി...
ഇപ്പഴും പയറ് അഞ്ഞാഴിതന്നെ. ലിങ്ക് വായിച്ചു. ഡീക്കന്‍റെ പോസ്റ്റുകള്‍മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ചര്‍ച്ചയുമായി വളരെ ബന്ധപ്പെട്ട കുറിപ്പാണത്.

ഡീക്കന്‍,
ഡീക്കനെ പിന്തുണക്കാത്തോരെല്ലാം ആത്മാഭിമാനവും നട്ടെല്ലുമില്ലാത്തവരാണെന്നാണോ ഉദ്ദേശിക്കുന്നത്? തന്‍റേടത്തോടെയും ധര്‍മ ബോധത്തോടെയും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്ന ഒരേയൊരാള്‍ ഡീക്കനാരിക്കും അല്ലേ?. ഇതുവരെ കൊറവുകളൊന്നും വരാത്ത സാഹചര്യത്തില്‍ ഏറ്റു പറയാനും പരിഹരിക്കാനും മെനക്കെടേണ്ടതില്ലല്ലോ.

സജി said...

എന്റെ വിഷയം ഇപ്പോഴും ആത്മീയം തന്നെ! രാഷ്ട്രീയം പറയേണ്ടവര്‍ അതു ചെയ്യട്ടെ,

ഈ പ്പൊസ്റ്റ് ഒന്നു വായിക്കണേ..
റോബിന്‍ അച്ചന്‍ എന്തു പറയുമോആവോ..

http://kapatanmar.blogspot.com/2008/05/blog-post_23.html

Anonymous said...

പോസ്റ്റ് നന്നായിട്ടുണ്ട് അന്ന...ഇവര്‍ ന്യൂനപക്ഷമെന്നും ഭരണഘടനയെന്നും മുറവിളി തുടങ്ങിയിട്ട് കുറേക്കാലമായി.
ചാവേറുകളെ ഇറക്കിയാണ് ഇപ്പോഴത്തെ കളി.

സജി said...

ഈ പോസ്റ്റ് കൂടി ഒന്നു വായിക്കണേ....


http://kapatanmar.blogspot.com/2008/05/blog-post_27.html

Simy Chacko :: സിമി ചാക്കൊ said...

അന്നായെ ... വലരെ നന്നായി,

റൂബിന്‍ കൊച്ചചാാ .. ഈ പൊസ്റ്റിലെ കമെന്റ്റ്റിലുപയൊഗിച്ചിരിക്കുന്ന ഭാഷ ഇഷ്ടായി ... ബ്ളൊഗിലിടുന്നവയും ഇതുപോലുള്ളവയാണെന്നു ഉറപ്പു വരുത്തികൂടെ ..

നമ്മളൊക്കെ ഒരു കത്തൊലിക്കാ വിശ്വാസികള്‍ ആണെന്നു പുറത്തു പരയുമ്ബം , സ്വയം ഒരു നാണക്കേടു തൊന്നാന്‍ പാടില്ലാലൊ. എല്ല വിഭാഗം ആളുകളും നമ്മുടെ അയല്പക്കകാരായ ഒരു നാട്ടിലക്കെ നാമൊക്കെ ജീവിക്കുന്നത്

അപ്പു ആദ്യാക്ഷരി said...

അന്നമ്മേ, കൊടുകൈ!

ഇപ്പം നമ്മടെ ബിഷപ്പമ്മാരുടെ പ്രസ്‌താവനകളും നിലപാടുകളുമൊക്കെ വിലയിരുത്തുമ്പോ ക്രിസ്‌തു സഭ സ്ഥാപിച്ചത്‌ പള്ളീക്കൂടങ്ങളും കോളേജുകളും നടത്തി പണമുണ്ടാക്കാനാണെന്നു തോന്നും.

കേരളത്തിപ്പോലും അച്ചനാകാനും അമ്മയാകാനും പോകുന്നോരുടെയും ഞായറാഴ്‌ച്ച പള്ളീപ്പോകുന്നോരുടെയും എണ്ണം വന്‍ തോതില്‍ കുറഞ്ഞെന്ന്‌ സഭാ നേതൃത്വം തന്നെ സമ്മതിക്കുന്നു.ഈ സാഹചര്യത്തില്‍ സഭേടെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിപ്പിക്കാനല്ല, മറിച്ച്‌ വിശ്വാസ അടിത്തറ വികസിപ്പിക്കനാണ്‌ മെത്രാന്‍മാരും അച്ചന്‍മാരും അച്ചനാകാന്‍ പഠിക്കുന്നോരുമൊക്കെ ശ്രമിക്കേണ്ടത്‌.

പറയേണ്ടത് ഭംഗിയായി പറഞ്ഞിരിക്കുന്നു.