Friday, July 13, 2007

ഉദയകുമാറിന്‍റെ അമ്മ!

ടെലിവിഷന്‍ ചാനലിലെ വാര്‍ത്തക്കിടെ ആ മുഖം കണ്ട്‌ ഉള്ളു പിടഞ്ഞു.
മകന്‍ കൊല്ലപ്പെട്ടതിന്‍റെ വേദന ഉള്ളിലൊതുക്കി നീതി തേടുന്ന വൃദ്ധ.
കേസിലെ സാക്ഷികള്‍ ഒന്നൊന്നായി കൂറുമാറുമ്പോള്‍ അവരുടെ നിസ്സഹായത
ഏറുകയാണ്‌.

തിരുവന്തപുരത്ത്‌ പോലീസുകാര്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്‍റെ അമ്മ
പ്രഭാവതിയമ്മയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ഈ അമ്മയുടെ ദൈന്യതക്ക്‌
മൂന്നാറിലെ ഭൂമി പിടിച്ചെടുക്കലിന്‍റെയോ മറ്റ്‌ രാഷ്ട്രീയ പ്രഹസനങ്ങളുടെയോ
പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കിയില്ലെങ്കിലും കോടതി വളപ്പിലെ മരച്ചുവട്ടില്‍
ഒറ്റപ്പെട്ടു നില്‍ക്കുന്ന അവരുടെ മുഖം മനസിനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
അവിടെ ഓടിയെത്തി ആ അമ്മയുടെ കരം പിടിച്ച്‌ ആരുമില്ലാത്തവര്‍ക്ക്‌
ദൈവം തുണയാകുമെന്നെങ്കിലും പറഞ്ഞ്‌ സമാശ്വസിപ്പിക്കാന്‍ ഹൃദയം തുടിക്കുന്നു.

ഉദയകുമാറിനെ പോലീസ്‌ പീഡിപ്പിക്കുന്നത്‌ നേരില്‍ കണ്ടെന്ന്‌ നേരത്തെ
പറഞ്ഞവരൊക്കെ ഇപ്പോള്‍ കൈകഴുകിയിരിക്കുന്നു. ഭീഷണിക്ക്‌ വഴങ്ങിയും
വന്‍ തുക കൈപ്പറ്റിയുമൊക്കെയാണ്‌ ഇവര്‍ ഒഴിവായതെന്ന്‌ പറയപ്പെടുന്നു.
സുരേഷ്‌ കുമാര്‍ എന്ന സാക്ഷി കൂറു മാറാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപ
ആവശ്യപ്പെട്ടതായി പ്രഭാവതിയമ്മ പറഞ്ഞിരുന്നു. സി.പി.എം അനുകൂല
സംഘടനയായ പോലീസ്‌ അസോസിയേഷനും മറ്റു ചില ഉന്നതരും പ്രതികളെ
രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ഒരു പത്രത്തില്‍ കണ്ടു.

അടിയന്തിരാവസ്ഥക്കാലത്ത്‌ കൊല്ലപ്പെട്ട രാജന്‍റെ പിതാവ്‌ ഇച്ചരവാര്യര്‍ മകന്‍റെ
മൃതദേഹം എന്തു ചെയ്തെന്ന്‌ അറിയാതെ, കുറ്റക്കാര്‍ ശിക്ഷപ്പെടുന്നത്‌
കാണാനാവാതെ കടന്നുപോയതിനു പിന്നാലെ പ്രഭാവതിയമ്മയും മലയാളിയുടെ
മനസാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുയാണ്‌. ഉദയകുമാര്‍ കള്ളനോ
കൊലപാതകിയോ ആയിരുന്നുകൊള്ളട്ടെ, വധശിക്ഷ നല്‍കാന്‍ പോലീസിന്‌
അധികാരമില്ലല്ലോ. അതിലും വലിയ എത്രയോ ക്രിമിനലുകള്‍ ഇവിടെ
ജനങ്ങള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നടക്കുന്നു.

ഈച്ചരവാര്യയുടെ കണ്ണീര്‌ മാധ്യമങ്ങളും പാര്‍ട്ടികളും ആഘോഷിച്ചത്‌ രാഷ്ട്രീയ
ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ്‌. ഉദയകുമാറിന്‍റെ കൊലപാതകം കഴിഞ്ഞ
തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ ഇടതു മുന്നണിയില്‍ പെട്ട ചിലരാണ്‌
ഇപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നതെന്നോര്‍ക്കുക.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോ സാംസ്കാരിക നായകരോ
വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടി തൊണ്ട പൊട്ടിക്കുന്ന ജഗജില്ലികളോ
പ്രഭാവതിയമ്മയെ ആശ്വസിപ്പിക്കാന്‍ മിനക്കെട്ടതായി അറിവില്ല.
കേരളം കീഴ്മേല്‍മറിക്കാന്‍ കെല്‍പ്പുണ്ടെന്ന്‌ വീമ്പിളക്കുന്നവര്‍ ഉള്‍പ്പെടെയുള്ള
യുവജന സംഘടനകളൊന്നും സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ, പ്രതികളെ രക്ഷപ്പെടുത്താന്‍ ചരടുവലിക്കുന്നവര്‍ക്കെതിരെ
പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഒരു കിളവിയുടെ കണ്ണീരും വേദനയും കാണാന്‍
അവര്‍ക്കൊക്കെ എവിടെ നേരം?.

സാക്ഷികളില്ലാത്ത കേസിന്‍റെ വിധി എന്താകും?. എന്തായാലും നമുക്ക്‌ ഒന്നും
നഷ്ടപ്പെടാനില്ലല്ലോ എന്ന്‌ ചിന്തിക്കുന്നവരാണ്‌ അധികവും.
യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ കോടതിക്ക്‌ കഴിയണേ എന്ന്‌
പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന ഫലിക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും
ചെയ്തെന്നിരിക്കട്ടെ. പിന്നീട്‌ അപ്പീലും അപ്പിലിന്‍മേല്‍ അപ്പീലുമായി കേസ്‌
മേല്‍ കോടതികളിലേക്ക്‌ പോകും. ഈ അമ്മക്ക്‌ എവിടംവരെ അവരോട്‌
മത്സരിക്കാനാകും?

നിയമയുദ്ധത്തനൊടുവില്‍ പ്രതികള്‍ കുറ്റവിമുക്തരാകുന്ന ദിവസത്തനായി,
ഉദയകുമാറിന്‍റെ വീടിനു മുന്നില്‍ പന്തലൊരുക്കി അവരെ രക്തഹാരമണിയിച്ച്
സ്വീകരിക്കുന്ന ദിവസത്തിനായി നമുക്ക്‌ കാത്തിരിക്കാം.

12 comments:

അന്ന ഫിലിപ്പ് said...

വിഷയങ്ങള്‍ക്ക്‌ ഗൌരവമില്ല എന്നതായിരുന്നു ഈ തുടക്കക്കാരിക്ക്‌ പലരില്‍നിന്നും ലഭിച്ച പ്രതികരണം. എനിക്ക്‌ ഗൌരവമായി തോന്നിയ ഒരു വിഷയം ഇതാ പോസ്റ്റാക്കിയിരിക്കുന്നു.

myexperimentsandme said...

തികച്ചും ഗൌരവമുള്ള വിഷയം. പതാലിയുടെ പോസ്റ്റില്‍ പറഞ്ഞതുപോലെ ചാനലുകാര്‍ക്ക് മലയാളം സിനിമ ഇന്റര്‍നെറ്റില്‍ കിട്ടുന്നതൊക്കെയാണ് വാര്‍ത്ത. ആ പാവം അമ്മയെപ്പറ്റി പറയാന്‍ ആരുണ്ട്. ഒരു നാലുദിവസം അടുപ്പിച്ച് എല്ലാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്തയായി വന്നാല്‍ ഈ കൂറുമാറിയവരൊക്കെ വിറയ്ക്കും. പക്ഷേ നമ്മള്‍ മലയാളികളെ അവര്‍ക്കൊക്കെ അറിയാം. ഇത്രയ്ക്കൊക്കെയേ ഉള്ളൂ നമ്മുടെ പ്രബുദ്ധത എന്ന് അവര്‍ക്കൊക്കെ നല്ലവണ്ണം അറിയാം. അതുതന്നെ കാര്യം. ബില്‍‌ക്ലിന്റണ്‍ ഡല്‍ഹിയില്‍ വന്നതിന് നാട്ടില്‍ ബന്ദ് നടത്തി നമ്മുടെ പ്രബുദ്ധതയില്‍ അഭിമാനിച്ചവരാണ് നമ്മള്‍. പക്ഷേ...

ഇതുപോലെ തന്നെ ഊമയായ മകളെ കൊന്നവന്മാരെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിന്നോ മറ്റോ വന്ന മകനെയും കൊന്നവന്മാരെപ്പറ്റി (തൃപ്പൂണിത്തുറയിലോ മറ്റോ) ഒരമ്മ വിലപിക്കുന്ന ഒരു വാര്‍ത്ത കൌമുദിയിലാണെന്ന് തോന്നുന്നു വായിച്ചിരുന്നു. നിയമസഭാസമതി വരെ കണ്ടെത്തിയത് പോലീസുകാരും കൂടി അക്കാര്യത്തില്‍ ഉത്തരവാദികളാണെന്നായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാവരും അക്കാര്യം മറന്നു.

വേണു venu said...

ഉദയകുമാറിന്‍റെ അമ്മയെ പോലെ എത്രയോ അമ്മമാര്‍‍.
കുറ്റവാളികള്‍‍ക്കു് രക്ഷപ്പെടാന്‍‍, അവരേ പിടിക്കേണ്ട നിയമങ്ങളില്‍ തന്നെ ധാരാളം പഴുതുകള്‍‍ പണിഞ്ഞു വച്ചിരിക്കുന്നു..

ശാലിനി said...

ഞാനും കണ്ടിരുന്നു ഉദയകുമാറിന്റെ അമ്മയെ. അതിന്റെ കൂടെതന്നെ ആ കുറ്റവാളികളുടെ ചിരിക്കുന്ന മുഖങ്ങളും കണ്ടു. ഒരു മാഷിനെ കുട്ടികളുടെമുന്‍പിലിട്ട് കൊലചെയ്തവരെ മാലയിട്ടു സ്വീകരിച്ച് റാലി നടത്തിയ കാഴ്ച കണ്ടപ്പോള്‍ തോന്നിയ വെറുപ്പും അമര്‍ഷവും സങ്കടവും ഒക്കെ ഇപ്പോഴും തോന്നി. ഇനിയും വേണ്ടിവന്നാല്‍ ഞങ്ങള്‍ ഇതുപോലെ ചെയ്യും എന്ന് അന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു, ഇവരേയും കോടതി വെറുതേ വിട്ടു കഴിയുമ്പോള്‍ ഇവരും അങ്ങനെപറയുമായിരിക്കും. കുറ്റവാളികള്‍ക്ക് വന്‍ കവറേജല്ലേ ചാനലുകള്‍ കൊടുക്കുന്നത്.

അന്നാ, വിഷയങ്ങളുടെ ഗൌരവം വായിക്കുന്ന ആളേ ആശ്രയിച്ചിരിക്കും, എനിക്ക് നല്ലതെന്ന് തോന്നുന്നത് വേറൊരാള്‍ക്ക് തോന്നണമെന്നില്ല, അതുകൊണ്ട് ധൈര്യമായി പോസ്റ്റുകളിടൂ.

നമ്മള്‍ ഒരേ നാട്ടുകാരാണ്, കോട്ടയം.

ഉറുമ്പ്‌ /ANT said...

I feel pitty being a malayaali......
ഞാന്‍ ഒരു മലയാളി എന്നു വിളിക്കപ്പെടുന്നതില്‍ ലജ്ജിക്കുന്നു.......
മറിയം റഷീദയും, ജമീലമാരും മാധ്യമങള്‍ കൈയ്യടക്കുന്ന ഈ പുത്തന്‍ ലോകത്ത് ഉദയകുമാറിന്റെ അമ്മക്ക് എന്തു പ്രാധാന്യം.......! പതാലിയുടെ പോസ്റ്റില്‍ പറഞ്ഞതുപോലെ ചാനലുകാര്‍ക്ക് മലയാളം സിനിമ ഇന്റര്‍നെറ്റില്‍ കിട്ടുന്നതൊക്കെയാണ് വാര്‍ത്ത. ഉദയകുമാറിന്റെ അമ്മക്ക് പ്രാധാന്യം കൊടുത്താല്‍ സര്‍ക്കുലേഷന്‍ കൂടുമോ....ഇല്ല തന്നെ........ലജ്ജ എന്ന വാക്കു തന്നെ മലയാളി മറന്നു പോയി......ഹാ കഷ്ടം.........രണ്ടു കോളം വാര്‍ത്തക്കുപോലും വകയില്ലാത്തവരായിപ്പോയി നമ്മുടെ മനസ്സാക്ഷി........മലയാള പത്രഞളില്‍ എഴുതുന്നവരും ഉണ്ടല്ലോ ബ്ലൊഗര്‍മാരായി..............അവരുടെ ശ്രദ്ദ ക്ഷണിക്കുന്നു.....................

Unknown said...

കഷ്ടം. :-(

Unknown said...

ഉദയകുമാറിന്റെ കേസിന്റെ വാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുമ്പോള്‍ സങ്കടവും നിരാശയും തോന്നുന്നു, കഷ്ടം അല്ലാതെ എന്തു പറയാന്‍ :(


എല്ലാം കഴിയുമ്പോള്‍ ജനത്തിന്റെ മുഖത്ത് പോലീസ് മന്ത്രിയുടെ ഒരു കാര്‍ക്കിച്ചു തുപ്പലും ‘ സാക്ഷികള്‍ കൂറു മാറീയത് ഗുരുതരമായി കാണുമെന്ന്, അന്വേഷിക്കുമെന്ന്‘, അടുത്ത പ്രഹസനം!

അന്ന ഫിലിപ്പ് said...

വക്കാരിമഷ്‌ടാ...
എന്തു പറയാനാ,ബില്‍ ക്ലിന്‍റണ്‍ വന്നതിനു ബന്തു നടത്തിയതു പോകട്ടെ. കൊതുകിനെതിരെ പട്ടാളത്തെ ഇറക്കിയത് അറിഞ്ഞില്ലേ. അതും കഴിഞ്ഞ് പകര്‍ച്ചപ്പനി ബാധിച്ചു ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് യു.ഡി.എഫിന്‍റെ വക സമ്മാനം-ഹര്‍ത്താല്‍.
ഇതാണ്, ഇതുതന്നെയാണ് പ്രബുദ്ധ കേരളം.


വേണു,ഉറുന്പ്,ദില്‍ബാസുരന്‍, saptavarnangal ... നന്ദി

ശാലിനി.. ഉപദേശത്തിനും പ്രോത്സാഹനത്തിനും പ്രത്യേകം നന്ദി.

കുട്ടന്‍സ്‌ | S.i.j.i.t.h said...

അന്നേച്ചി,

വിഷയം ഇഷ്ടമായി..
“പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നല്ലെ“ ചൊല്ല്..ഇവന്മാരൊക്കെ ഇവിടുന്ന് തന്നെ വാങ്ങിക്കൂട്ടിയെ പരലോകത്തോട്ടു പോവൂ...അതില്‍ യാതോരു സംശയവും വേണ്ട...

അന്ന ഫിലിപ്പ് said...

കുട്ടന്‍സേ...
ഇതാ കൊഴപ്പം. നിങ്ങള് ആണുങ്ങള്‍ പോലും പരലോകത്തിരിക്കുന്ന ആളെ എല്ലാം ഏല്‍പ്പിച്ച്
പ്രതികരിക്കാന്‍ മടികാട്ടുന്പോള്‍ ഞങ്ങള് പെണ്ണുങ്ങള് എന്തു ചെയ്യാന്‍......

കുട്ടന്‍സ്‌ | S.i.j.i.t.h said...

പേടിക്കേണ്ട അന്നേച്ചി.പ്രതികരിക്കാന്‍ വേണ്ട ഏര്‍പ്പാടുകളൊക്കെ ചെയ്തിട്ടുണ്ട്...പ്രതികരണം തുടങ്ങിക്കഴിഞ്ഞു..
കേസ് പുനരന്വേക്ഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്..
കിട്ടാനുള്ളത് വഴിയേ കിട്ടിക്കോളും...
ദൈവത്തിന്റെ പണി നമ്മള്‍ ഏറ്റെടുത്തിരിക്കുന്നു..
:)

കെ said...

ഇവിടെ ഒരു കുന്തവും നടക്കാന്‍ പോകുന്നില്ല. ഇവരൊക്കെ തമ്മിലുളള ഒരു ബന്ധമുണ്ടല്ലോ, ഒരു കോടിയേരിയുടെയും കണ്ണൂര്‍ മുഷ്കിന് പറിച്ചെറിയാനാവത്ത വിധം ദൃഢമാണ്. കേസെങ്ങനെ ഒതുക്കണമെന്നും കോടതിയില്‍ എങ്ങനെ അത് അവതരിപ്പിക്കണമെന്നുമൊക്കെ പൊലീസിന് നന്നായി അറിയാം. അവരത് ഭംഗിയാക്കുകയും ചെയ്യും.

ഇതുപോലെ കോളിളക്കം സൃഷ്ടിച്ച കേസുകളുടെ അവസാനഗതിയെന്തായി എന്ന വിഷയത്തില്‍ ഒര ന്വേഷണം നടത്തുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. ഒരുപക്ഷേ, ബ്ലോഗുകള്‍ കൂടുതല്‍ ജാഗ്രത്താവുമ്പോള്‍ നടക്കുമായിരിക്കും. അല്ലാതെ വക്കാരി പറയുമ്പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത് മറ്റൊരു കണ്ണീര്‍ക്കഥയുടെ ഹ്യൂമന്‍ ഇന്ററസ്റ്റ് മാത്രം.

ആകെയുളള മകനെ അറുകൊല ചെയ്തവരെ ശിക്ഷിക്കാന്‍ പാടുപെടുന്ന ആ അമ്മയുടെ കലങ്ങിയ കണ്ണുകളിലെ വേദന കാണാന്‍ ഒരച്യുതാനന്ദനും ഇല്ല. വലിയ പോസ്റ്ററുകളായി അവരുടെ ദൈന്യത കേരളം മുഴുവന്‍ ഒട്ടിച്ച് വോട്ടാക്കിയിരുന്നല്ലോ. ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ കളയാനുളള കറിവേപ്പില മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് പച്ചമനുഷ്യന്റെ ദൈന്യം.

അവരെ ഓര്‍ക്കാനും അവരെക്കുറിച്ചെഴുതാനും കുറച്ചു പേരെങ്കിലും ബാക്കിയുളളത് ഈ നാടിന്റെ സുകൃതം.