Wednesday, October 14, 2009

പെരുന്തോട്ടം മെത്രാന്‍റെ മഹത്തായ മാതൃക!

പള്ളിക്കാര്യം ഇവിടെ ബ്ലോഗില്‍ പറയുന്നതും ചര്‍ച്ച ചെയ്യുന്നതുമൊന്നും അത്ര സുഖവൊള്ള സംഗതിയല്ലെന്നറിയാം. എന്നാലും ഒരു വൈദികശ്രേഷ്‌ഠനെക്കുറിച്ച്‌ നല്ലതു പറയുന്നതില്‍ തെറ്റില്ലല്ലോ. ഭൂലോകത്ത്‌ സഭേടെ പോരാളികളായി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നോര്‌ ഇതുവായിച്ച്‌ എന്നെ വാനോളം പുകഴ്‌ത്തിയേക്കാം. പുകഴ്‌ത്തല്‍ എനിക്കിഷ്‌ടവല്ല, എന്നാലും പറയണമെന്നു തോന്നുന്നത്‌ പറയാതിരിക്കാമ്പറ്റുവോ?

അപ്പം കാര്യം പറയാം.
കഴിഞ്ഞ ഞായറാഴ്‌ച്ച കുര്‍ബാനക്കിടെ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ വക ഇടയലേഖനം വായിക്കുന്നത്‌ കേള്‍ക്കാനിടയായി. കത്തോലിക്കര്‍ പ്രത്യേകിച്ച്‌ തന്റെ അജപാലനപരിധിയില്‍വരുന്നവര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട ലാളിത്യത്തെക്കുറിച്ചാണ്‌ അദ്ദേഹം അതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌.
വിവാഹത്തിനും മാമ്മോദീസക്കും തിരുപ്പട്ടസ്വീകരണത്തിനുമൊക്കെ ലക്ഷങ്ങള്‍ ചെലവിട്ട്‌ ആര്‍ഭാട മാമാങ്കങ്ങള്‍ നടത്തുന്നതും മദ്യമൊഴുക്കുന്നതുമൊക്കെ അവസാനിപ്പിക്കണം, ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക്‌, ഏറ്റവും വലിയ കുരിശ്‌, ഗ്രോട്ടോ തുടങ്ങി മത്സമനോഭാവത്തോടെ പലതും കെട്ടിപ്പടുക്കുന്നത്‌ നിരുത്സാഹപ്പെടുത്തണം. വിശ്വാസികള്‍ മദ്യപാനവും മദ്യവില്‍പ്പനയും ഒഴിവാക്കണം, സമ്പന്നര്‍ ആര്‍ഭാടങ്ങള്‍ നടത്തുമ്പോള്‍ നിര്‍ധനരായ അനേകംപേര്‍ നമുക്കിടയിലുണ്ടെന്ന്‌ ഓര്‍ക്കുക.? അങ്ങനെ പോകുന്നു പെരുന്തോട്ടം പിതാവിന്റെ ഉപദേശങ്ങള്‍.

അച്ചായന്‍മാര്‍ പണമെറിഞ്ഞു മത്സരിക്കുകേം കാശില്ലാത്തവന്‍ കള്ളക്കടം മേടിച്ച്‌ കല്യാണോം മാമ്മോദീസേമൊക്കെ വന്‍ സംഭവമാക്കി മാറ്റുകേം പിതാവിന്റെ അജപാലന മേഖല കേരളത്തില്‍ ഏറ്റവുമധികം മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങളിലൊന്നായി പുരോഗമിക്കുകേം ചെയ്‌ത സാഹചര്യത്തില്‍ ഇടയലേഖനം പ്രസക്തമാണെന്ന്‌ ആര്‍ക്കും തോന്നും.

പക്ഷെ, കൊക്കെത്ര കൊളം കണ്ടതാ? ചങ്ങനാശേരിലെ വിശ്വാസികള്‌ ഇതുപോലെ എത്ര ഇടയലേഖനം കേട്ടതാണ്‌? എന്നിട്ട്‌ ഇവിടെ എന്തെങ്കിലും നടന്നോ?.ആര്‍ഭാടങ്ങള്‍ക്ക്‌ വല്ലകൊറവുമൊണ്ടോ, ഏതവനെങ്കിലും കള്ളുകുടി നിര്‍ത്തിയോ? കള്ളുകച്ചോടക്കാരു കൊടുക്കുന്ന സംഭവാന പള്ളി മേടിക്കാതിരിക്കുന്നുണ്ടോ? എവിടെ? എന്നാലും പിതാവിന്റെ ലേഖനം ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചാല്‍ അത്രേമായില്ലേ?

അതിപ്രബുദ്ധമായ ഇടയലേഖനംകൊണ്ട്‌ പിതാവ്‌ കാര്യങ്ങള്‍ അവസാനിപ്പിച്ചില്ല. എളിമയും വിനയവും ചെലവു ചുരുക്കലും അദ്ദേഹം മുന്‍പെന്നപോലെ ഇപ്പോഴും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി വിശ്വാസികള്‍ക്ക്‌ മാതൃകയേകുന്നു.വിലയേറിയ അംബാസഡറും മാരുതിം ഇന്‍ഡിക്കേമൊക്കെ കിട്ടാഞ്ഞിട്ടല്ല, കുഞ്ഞാടുകള്‍ക്ക്‌ മാതൃക കാട്ടാന്‍ വേണ്ടി മാത്രം ഈ വലിയ ഇടയന്‍ പാവങ്ങളുടെ വാഹനമായ ലാന്‍സറിലാണ്‌ സഞ്ചരിക്കുന്നത്‌. എന്റെ അറിവ്‌ ശരിയാണെങ്കില്‍ ആ വണ്ടിക്ക്‌ വെറും ഒമ്പതു ലക്ഷം രൂപയേ വില വരൂ. കാളവണ്ടിയില്‍ സഞ്ചരിക്കാനുള്ള സാധ്യത അന്വേഷിച്ചാരുന്നു. കാളവണ്ടി കിട്ടാനില്ലാത്തതുകൊണ്ടാണ്‌ എളിമയില്‍ അതിന്റെ ചുറ്റുവട്ടത്തുതന്നെയുള്ള ലാന്‍സര്‍ അദ്ദേഹം തെരഞ്ഞെടുത്തത്‌.

മറ്റു പിതാക്കന്‍മാരുടെ കാര്യം പറയാനുമില്ല. അവരെല്ലാം ഇതുപോലെ വളരെ തരംതാഴ്‌ന്ന വിലകുറഞ്ഞ വണ്ടികളിലാണ്‌ യാത്ര. ഇനി പല പിതാക്കന്മാര്‍ക്ക്‌ വേണ്ടപ്പെട്ട ഒരാളുടെ വീട്ടിലെ കല്യാണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പൊതു പരിപാടിയോ നടക്കുന്നു എന്നിരിക്കട്ടെ. ഒരേ അരമനയില്‍ താമസിക്കുന്ന രണ്ടു പിതാക്കന്മാര്‍ക്ക്‌ വേണമെങ്കില്‍ ഒരു കാറില്‍ പോകാം. പക്ഷെ, ഒരേ സമയം എളിമയുടെയും വിനയത്തിന്റെയും രണ്ടു മാതൃകകളെ കണ്ട്‌ കുറെ കുഞ്ഞാടുകളെങ്കിലും മനസ്സുമാറ്റിയാലോ? അതുകൊണ്ട്‌ അവര്‍ ലാന്‍സര്‍പോലെ വിലകുറഞ്ഞ രണ്ടു വണ്ടികളിലേ പോകൂ.

ഇനി തിരുപ്പട്ടത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ കാര്യം. പെരുന്തോട്ടം പിതാവിന്റെ സ്ഥാനാരോഹണം നടന്നപ്പോള്‍ വേണമെങ്കില്‍ ആയിരക്കണക്കിന്‌ കമാനങ്ങള്‍ ചേര്‍ച്ചുചേര്‍ത്തുവെച്ച്‌ ചങ്ങനാശേരി പട്ടണം മുഴുവന്‍ ഒരു കമാന ഗുഹയാക്കി മാറ്റമായിരുന്നു. പക്ഷെ, ആരെങ്കിലും അങ്ങനെ ചെയ്‌തോ? ഇല്ലേയില്ല. നഗരത്തിന്റെ എല്ലാ ഭാഗത്തും ഒരുപാട്‌ അകലത്തില്‍ ഏതാണ്‌ പത്തുമീറ്ററോളം ദൂരത്തിലാണ് കമാനങ്ങള്‍വെച്ചത്‌. അവിടെ പണക്കാരുടെ ആര്‍ഭാടപ്രകടനത്തിന്‌ അവസരമേയുണ്ടായിരുന്നില്ല. നഗരത്തിലും പുറത്തുമുള്ള ദരിദ്രരായ ബിസിനസുകാരും മറ്റുമാണ്‌ പിതാവിന്‌ ആശംസയോതി കമാനം വെച്ചത്‌.ആഘോഷങ്ങളുടെ ചെലവുചുരുക്കലിനെക്കുറിച്ച് പറയുകേം വേണ്ട. അങ്ങനെ പിതാവിന്റെ മാതൃകയെക്കുറിച്ച്‌ വിവരിച്ചാല്‍ ഈ കുറിമാനം നീണ്ടുപോകും.


ഏളിയ ജീവിതം നയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കെട്ടിച്ചു വിടുന്നതിനു മുന്പ് അപ്പനോ കല്യാണത്തിനുശേഷം കെട്ടിയവനോ പാവങ്ങളുടെ വാഹനമായ ലാന്‍സറോ ഫോര്‍ഡോ ബി.എം.ഡബ്ല്യൂവോ ഒരെണ്ണം എനിക്ക് വാങ്ങിത്തരാന്‍ തോന്നീട്ടില്ല. അതോണ്ട് അംബാനീം വിജയ് മല്യേമൊക്കെ ഉപയോഗിക്കുന്ന ഹോണ്ട ആക്ടിവ മാത്രമാണ് എനിക്കുള്ളത്. പിതാവിന്റെ പാത പിന്തുടരാന്‍, അവിടുത്തെ വാക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ എനിക്ക് കൊതിയാകുന്നു. എന്തു ചെയ്യാം നിവൃത്തിയില്ലല്ലോ!


8 comments:

അന്ന ഫിലിപ്പ് said...

വിലയേറിയ അംബാസഡറും മാരുതിം ഇന്‍ഡിക്കേമൊക്കെ കിട്ടാഞ്ഞിട്ടല്ല, കുഞ്ഞാടുകള്‍ക്ക്‌ മാതൃക കാട്ടാന്‍ വേണ്ടി മാത്രം ഈ വലിയ ഇടയന്‍ പാവങ്ങളുടെ വാഹനമായ ലാന്‍സറിലാണ്‌ സഞ്ചരിക്കുന്നത്‌. എന്റെ അറിവ്‌ ശരിയാണെങ്കില്‍ ആ വണ്ടിക്ക്‌ വെറും ഒമ്പതു ലക്ഷം രൂപയേ വില വരൂ. കാളവണ്ടിയില്‍ സഞ്ചരിക്കാനുള്ള സാധ്യത അന്വേഷിച്ചാരുന്നു. കാളവണ്ടി കിട്ടാനില്ലാത്തതുകൊണ്ടാണ്‌ എളിമയില്‍ അതിന്റെ ചുറ്റുവട്ടത്തുതന്നെയുള്ള ലാന്‍സര്‍ അദ്ദേഹം തെരഞ്ഞെടുത്തത്‌.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പുരോഹിത വർഗം എന്നും ഇങ്ങനെ തന്നെ....ചില്ലുമേടകളിലിരുന്നു പാവപ്പെട്ടവനു മരണാനന്തരം സ്വർഗരാജ്യം വാഗ്ദാനം ചെയ്യുന്നവരിൽ നിന്നും ഇതിൽ കൂടുതലെന്തെങ്കിലും പ്രതീക്ഷിച്ചാൽ അതാണു തെറ്റ്..

നന്ദി..ആശംസകൾ..

(ഓ.ടോ: പാലായിൽ ആണു അല്ലേ?)

ഹാരിസ് said...

കര്‍ത്താവേ, ഇവള്‍ ചെയ്യുന്നതെന്തെന്ന്....

ലിയോ ജോണ്‍ നെരേപറമ്പന്‍ said...

പ്രിയ അന്നേ,
സ്വതസിദ്ധമായ രീതിയിലുള്ള എഴുത്തിനെ ആദ്യം പ്രസംസിക്കുന്നു...വെണ്ടെന്നു പറഞ്ഞിട്ടും... !!!!

പിന്നെ ഇന്നത്തെ പല അച്ചന്‍മാരുടേയും പിതാക്കന്‍മാരുടെയും ഇടയലേഖനങ്ങളും ഇടയശബ്ധങ്ങളും വെറും അധരവ്യായാമം മാത്രമെന്നു കരുതേണ്ടിയിരിക്കുന്നു...!!!

എണ്റ്റെ ഒരനുഭവം ഇവിടെ വിവരിക്കാം... ഞാന്‍ ഇരിഞ്ഞാലകുട രൂപതയിലെ കല്ലെറ്റുകര ഇദവകയിലെ ഒരു അന്തേവാസിയാണ്‌. കഴിഞ്ഞ വര്‍ഷം ഏകദേശം മധ്യത്തില്‍ തന്നെ ഞങ്ങലുദെ പള്ളി പൊളിചു പണിയണം എന്ന ഒരാശയം ഉടലെടുത്തു. ഉടലെടുത്തതു ഇരിഞ്ഞാലക്കുട രൂപതയിലെ ആയകാലം മുതല്‍ പള്ളികള്‍ പൊളിക്കുവാനും പണിയുവാനും പേരുകേട്ട പഞ്ഞിക്കാരനച്ചന്‍ വന്നതുകൊണ്ടാണൊ... എനിക്കറിയില്ല.... !!! അതിനെ തുടര്‍ന്നു പുറം രാജ്‌ യത്തു ജോലി ചെയ്യുന്ന ഞാന്‍ രൂപതാ കാര്യാലയത്തിലേക്കും ഇ-മെയില്‍ അറിയാവുന്ന സുഹൃത്തുക്കള്‍ക്കും ഇടവകക്കാര്‍ക്കും അയച്ച കത്തിണ്റ്റെ അതേ ഉള്ളടക്കം ചുവടെ ചേര്‍ക്കുന്നു... ഇതൊരു ബ്ളോഗ്‌ ആക്കി പോസ്റ്റ്‌ ചെയ്തതു ഇന്നാണു്‌...

http://extrvagance.blogspot.com/

- സാഗര്‍ : Sagar - said...

അന്നാമ്മ തകര്‍ത്ത് വാരുവാണല്ലോ...

അന്ന ഫിലിപ്പ് said...

സുനിൽ കൃഷ്ണന്‍,
പുരോഹിത വര്‍ഗം മൊത്തത്തീ ശരിയല്ലെന്ന് ഞാന്പറയുന്നില്ല. പക്ഷെ ഇങ്ങനെ ഉപദേശിക്കുകേം അതിനെതിരായി പ്രവര്‍ത്തിക്കുകേം ചെയ്യുന്നോര് സഭയെ മൊത്തത്തില്‍ അവഹേളിക്കുകയാണ്.

(ഓ.ടോ: പാലായോ ശാനാശേരിയോ ഏതുമാകട്ടെ അടിസ്ഥാനപരമായി ഒരു കോട്ടയംകാരിയാന്നേ)
ഹാരിസ് ,
സത്യത്തില്‍ ഈ ചെയ്യുന്നതിനൊക്കെ എന്താ എനിക്കു വെച്ചേക്കുന്നതെന്ന് എനിക്കറിയാമ്മേല.

ലിയോ ജോണ്‍ നെരേപരമ്പന്‍
പോസ്റ്റു വായിച്ചു. ഇത് കേവലം ഒരു ഇടവകയിലെ പ്രശ്നമല്ലേ എന്നു വിചാരിച്ച് തള്ളിക്കളയുന്നവരുണ്ടാകാം. പക്ഷെ, കേരളത്തിലങ്ങോളമിങ്ങോളം നമ്മടെ പള്ളികളില്‍(മറ്റുള്ളവരുടെ കാര്യം നമ്മളെന്തിനു പറയണം, സ്വന്തം കുടുംബത്തിലെ പ്രശ്നം കഴിഞ്ഞിട്ടല്ലേ പുറത്തേത്) നടക്കുന്നത് ഇതുതന്നെയാണ്.
വികാരിയച്ചന്‍റെ ഭരണപരിഷ്കാരങ്ങളുടെ പട്ടികയില്‍ അല്‍പ്പം കനമുള്ളവ കൂട്ടിച്ചേര്‍ക്കാനും പ്രൗഢിയും അഹങ്കാരവും കാണിക്കാനും പണം വെട്ടിക്കാനും വേണ്ടിമാത്രമാണ് ഇത്തരം പരിപാടികള്‍.
അതിന് ഏലായിടാന്‍ എല്ലായിടത്തും കുറെപ്പേരുണ്ടാകും.
ഒരുനേരത്തെ ആഹാരത്തിനു വക കണ്ടെത്താന്‍ പെടാപ്പാടുപെടുന്ന എത്രയോപേര്‍ സീറോമലബാര്‍ സഭേല്‍തന്നെയുണ്ട്. അതിനു പുറത്തുള്ളവരുടെ എണ്ണംകൂടിയെടുത്താല്‍ ഇവിടെങ്ങും നിക്കത്തില്ല.
ദേവാലയത്തിന് വിശ്വാസികളെ സുരക്ഷിതമായി ഉള്‍ക്കൊള്ളാനുള്ള സൗകര്യം വേണം. അതിനപ്പുറമുള്ള ആര്‍ഭാടങ്ങളൊക്കെ എതിര്‍ക്കാന്‍ വിശ്വാസികള്‍തന്നെ ആര്‍ജവം കാട്ടണം.അതെങ്ങനെ നടക്കും?. ലിയോയുടെ ഈ കുറിപ്പ് വായിച്ചാന്‍ വീട്ടിലുള്ളവര്‍തന്നെ പറയും അച്ചമ്മാരെക്കുറിച്ച് ഇങ്ങനൊന്നും പറയാന്പാടില്ല, അവരു പ്രാകിയാല്‍ കുടുംബം മുടിഞ്ഞുപോകുമെന്ന്.

സാഗര്‍,
തകര്‍ക്കാനും വാരാനുമൊന്നും ആക്കവില്ല. കാണുന്നതും കേക്കുന്നതും പറയുന്നു അത്രമാത്രം. പിന്നെ ഇത്തരം വിമര്‍ശനങ്ങള്‍ ഏറിവരുന്പോള്‍ കത്തോലിക്കാ സഭയും സീറോമലബാര്‍ വിഭാഗോം മൊത്തത്തില്‍ ശരിയല്ലെന്ന് പൊതുജനത്തിന് തോന്നിയേക്കാം. പക്ഷെ, വസ്തുത അതല്ല. ഇന്ത്യയില്‍തന്നെ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്ന വിശ്വാസ സമൂഹമാണ് ഒരു സമൂഹമാണ് കത്തോലിക്കര്‍. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് തെറ്റുകളും വീഴ്ച്ചകളും ആദ്യം ചൂണ്ടിക്കാട്ടേണ്ടത് വിശ്വാസികള്‍തന്നെയാണ്. വിദ്യാഭ്യാസവും ആതുര സേവനവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഏറെ സംഭാവന നല്‍കിയ ഈ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ അവ ചെറുതാണെങ്കില്‍പോലും പൊതു സമൂഹത്തിനും ഉള്‍ക്കൊള്ളാനാവില്ല. വീഴ്ച്ചകള്‍ തുറന്നു കാട്ടുന്പോള്‍ അതില്‍ അസഹിഷ്ണുക്കളാകുന്ന ന്യൂനപക്ഷം സഭയിലും നമ്മുടെ ബൂലോകത്തുമൊക്കെയുണ്ട്. അത് അറിവില്ലായ്മ എന്നല്ലാതെ എന്നതാ പറയുക.

ലിയോ ജോണ്‍ നെരേപറമ്പന്‍ said...

പ്രിയ അന്നേ,
ഞാന്‍ കുറിച്ചിട്ടിരുന്നതു കേവലം ഒരു ഇടവകയുടെ പ്രശ്നം തന്നെ... പക്ഷെ ഞാനിതു ഒരു വര്‍ഷം മുന്‍പു ഇരിഞ്ഞാലക്കുട ബിഷപ്പ്‌ ഹൌസിലേക്ക്‌ അയച്ച കത്തിണ്റ്റെ ഒരു കോപ്പി മാത്രമാണു്‌. ഞാനിതു ഒരു ആഗോള പ്രശ്നമാക്കി ഭൂലോകത്ത്‌ പോസ്റ്റാന്‍ ഉദ്ദേശ്ശിച്ചതുമല്ല. അന്നയുടെ പോസ്റ്റ്‌ വായിച്ചപോള്‍ അതിനൊരു കമണ്റ്റ്‌ ഇടണമെന്നു കരുതി നോക്കിയപ്പോള്‍ ഇത്രയും വലിയ ഒരു കമണ്റ്റ്‌ ഇടാന്‍ ഭൂലോകം സമ്മതിക്കുന്നില്ല... അതുകൊണ്ട്‌ അതൊരു പോസ്റ്റാക്കിയെന്നു മാത്രം.... എന്തായാലും ആ കത്തു രൂപതാകര്യാലയത്തില്‍ എത്തിയ സമയത്തു അതൊരു ഇംപാക്റ്റ്‌ ഉണ്ടാക്കിയിരുന്നു എന്നുള്ളതു സത്യം.... അത്രയേ അവരില്‍ നിന്നു്‌ ഞാനും പ്രതീക്ഷിക്കുന്നുള്ളൂ... ഇതിനു പിന്നില്‍ ആരാണെന്നും ആരാണു ഈ കത്തു ബിഷപ്പ്‌ ഹൌസിലേക്‌ പോസ്റ്റിയതു എന്നതിനെ പറ്റിയൊക്കെ ചര്‍ച്ച നടന്നിരുന്നത്രെ...!!! കൂടാതെ വീണ്ടും പൊതുയോഗം വിളിക്കാനും ചര്‍ച്ചചെയ്യാനും തീരുമാനിച്ചതും അതിണ്റ്റെ വെളിച്ചത്തില്‍ ആയിരുന്നൂ എന്നും ഒരു സംസാരം ഉണ്ടു... അതാണു സത്യമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.... പിന്നെ ഞാന്‍ എല്ലാ അച്ചന്‍മാരെയും അധിക്ഷേപിച്ചു എന്നോ തോന്നലും പഞ്ഞിക്കാരനച്ചനെതന്നെയും അടച്ചാക്ഷേപിച്ചു എന്ന തോന്നലും എനിക്കില്ല... അവര്‍ ചെയ്തതിലെ അല്ലെങ്കില്‍ ചെയ്യുന്നതിലെ, എനിക്കു ദഹിക്കാത്ത കാര്യങ്ങള്‍ തുറന്നു പറയുന്നൂ എന്നു മാത്രം... പൊതുജനത്തിണ്റ്റെ അഭിപ്രായവും എണ്റ്റേതിനോടു ചേരും എന്നൊരു വിശ്വാസവും... ഞാന്‍ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും സത്യമല്ലാതില്ല. രണ്ടു രണ്ടര വര്‍ഷം മുന്‍പു ഗ്രോട്ടോ നിര്‍മ്മിക്കാന്‍ പണപ്പിരിവു നടത്തിയതും ഇതേ പഞ്ഞിക്കാരന്‍ അച്ചന്‍ തന്നെയാണു. അതിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ദാ ഇപ്പൊ പള്ളി പണിയണം...!!! കാണാന്‍ അത്ര പോരാ എന്നൊരു തോന്നല്‍. എന്തായാലും മെത്രാനച്ചന്‍ മൂന്നു തവണ വന്നിട്ടും (വിശ്വാസികള്‍ക്ക്‌ ഡൊണേഷന്‍ തുക നേരിട്ട്‌ പിതാവിനു കൊടുത്തു നേരിട്ടു തട്ടും തടവുമില്ലാതെ അനുഗ്രഹം വാങ്ങാനുള്ള അവസരം) മൂന്നിലൊന്നു തുക പോലും സംഭരിക്കാന്‍ ആവുന്നില്ലെന്നതു ചരിത്രത്തിലേക്കും.... !!!!

അന്ന ഫിലിപ്പ് said...

ആ ഇടവകേല് മെത്രാന്‍ നേരിട്ട് എത്തീട്ടും കാശു കിട്ടാത്തത് അത്ഭുതമാണ്. എന്നാല്‍ മറ്റു പലേടത്തും അതല്ല സ്ഥിതി. കാശുകാരു കൊറേപ്പേര് സ്വന്തം പ്രൗഢികാണിക്കാനുള്ള അരങ്ങാക്കിയിരിക്കുകയാണ് പള്ളിയെ.അറുത്ത കൈക്ക് ഉപ്പുതേക്കാത്തോരും ഒരുനേരത്തെ ഭക്ഷണത്തിന് ഗതിയില്ലാത്തവന്‍ സഹായം തേടിയാല്‍ വല്ല പണിയുമെടുത്ത് ജീവിക്കെടേ എന്നു പറയുന്നോരുമൊക്കെ പള്ളിപുതുക്കാനും കൊടിമരവും ഗ്രോട്ടോയും ശില്‍പ്പങ്ങളുമൊക്കെ പണിതുകൊടുക്കാനും മത്സരിക്കുന്ന കാഴ്ച്ചയാണ് പലേടത്തും(പള്ളിയായാലും കൊടിമരമായാലും അടിയിലോ സമീപത്തെവിടേലുമോ കാശു വീശിയ അച്ചായന്‍റെ അല്ലെങ്കില്‍ അച്ചായമ്മാരുടെ പേര് മാര്‍ബിളിലോ ചെന്പുതകിടിലോ കൊത്തിവെച്ചിരിക്കണമെന്നുമാത്രം)
അമേരിക്കേന്നും ഗള്‍ഫീന്നുമൊക്കെ കെട്ടു കണക്കിന് പണവുമായി നാട്ടിലെത്തുന്പോള്‍ ആരും മൈന്‍ഡു ചെയ്യുന്നില്ലെന്ന് തോന്നിയാല്‍ എന്തു ചെയ്യും?. പണം മുടക്കി ശ്രദ്ധ പിടിച്ചുപറ്റുക, അത്രതന്നെ. അതിനുള്ള വഴികളാണ് ഇതൊക്കെ. ചില പള്ളികളില്‍ ഇത്തരക്കാരുടെ മത്സരം മൂലം ഇനി വിശുദ്ധരുടെയും ബൈബിള്‍ രംഗങ്ങളുടെയുമൊക്കെ പ്രതിമകള്‍ വെയ്ക്കാന്‍ ഇടയില്ലാതായിരിക്കുകയാണ്.
ഇത്തരം പൊങ്ങച്ചങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത വികാരിമാരും മറ്റു വൈദികരും പിന്തിരിപ്പമ്മാരായി എണ്ണപ്പെടും.