
രണ്ടൂന്നാഴ്ച്ച മുന്പ് ഞാറാഴ്ച്ച പള്ളീല്‍ കുര്‍ബാനേടെടെയ്ക്ക് ഒരു അറിയിപ്പ്-
ചങ്ങനാശേരി അതിരൂപതേടെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാവപ്പെട്ടോര്‍ക്ക് വീടുവച്ചു നല്‍കുന്നു. സന്‍മനസുള്ളോര്‍ക്കെല്ലാം സംഭാവന നല്‍കാം. ഇതിനു പുറമെ എല്ലാരും വീടുകളിലുള്ള പഴയ പത്രക്കടലാസുകള്‍ പള്ളിയില്‍ എത്തിക്കണം. പത്രം വിറ്റു കിട്ടുന്ന പണം പദ്ധതിക്കായി ഉപയോഗിക്കും.
ഞങ്ങടെ എടവകേല്‍ രണ്ടു വീടുകള്‍ നിര്‍മിക്കുമെന്നും സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എത്രയും പെട്ടെന്ന് കൈമാറണമെന്നും ഇന്നലെ അച്ചന്‍ പറഞ്ഞു. പിന്നാലെ മറ്റൊരു അറിയിപ്പുവന്നു- തിരുവനന്തപുരം ലൂര്‍ദ്ദ് പള്ളിയുടെ ഉടമസ്ഥതയില്‍ ടെക്നോ പാര്‍ക്കിന് സമീപമുള്ള നൂറേക്കര്‍ സ്ഥലത്ത് വില്ലകള്‍ നിര്‍മ്മിക്കുന്നു. പദ്ധതി പ്രദേശവും അനുബന്ധ സൗകര്യങ്ങളും ഏറെ മികച്ചത്. ജോലി ആവശ്യത്തിനും മറ്റും തിരുവനന്തപുരത്ത് താമസിക്കേണ്ടിവരുന്ന വിശ്വാസികള്‍ക്ക് വില്ല വാങ്ങാം. താല്‍പര്യമുള്ളവര്‍ ലൂര്‍ദ്ദ് പള്ളീമായി ബന്ധപ്പെടണം.
അതിരൂപതയുടെ മറ്റ് സ്ഥാവര, ജംഗമ ആസ്തികളുടെ കണക്ക് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ടെക്നോ പാര്‍ക്കിനടുത്തുള്ള നൂറേക്കര്‍ സ്ഥലത്തിന്‍റെ മൂല്യം വെറുതേ ഒന്ന് ആലോചിച്ചു നോക്കിക്കേ. സെന്‍റിന്‍റെ വിലവച്ച് കണക്കുകൂട്ടാന്‍ പോയാല്‍ പൂജ്യം എണ്ണി വട്ടാകും. ലൂര്‍ദ്ദ് പള്ളിയുടെ സ്ഥലം എന്നു പറയുന്പോള്‍ ആത്യന്തികമായി അത് അതിരൂപതയുടെ സ്വത്താണ്. അഥവാ വില്ല പദ്ധതിയുടെ നടത്തിപ്പുചുമതല പൂര്‍ണമായും ഇടവകയ്ക്കാണെങ്കിലും വിശ്വാസികള്‍ക്ക് അഞ്ചു പൈസേടെ ഗുണമില്ല.
ആകെ മൊത്തം ടോട്ടല് നോക്കുന്പോള്‍ അതിരൂപതയുടെ, സഭയുടെ ഒരു ഭീമന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്. വിവിധ ഇടവകകളിലുള്ള പാവപ്പെട്ടവര്‍ക്ക് ഈ പറഞ്ഞ വില്ലകള്‍ വീതിച്ചു കൊടുത്താല്‍ പോരെ എന്നു ചോദിക്കുന്നത് ന്യായമാണെന്നു തോന്നുന്നില്ല. കാരണം വില്ലയെന്നല്ല, മാളിക കൊടുക്കാമെന്നു പറഞ്ഞാലും പിറന്ന മണ്ണുവിട്ടുപോകാന്‍ ഭൂരിഭാഗം പേരും തയാറാവില്ല. കണ്ണായ സ്ഥലത്തെ നൂറേക്കറില്‍ കുറച്ച് വിറ്റ് പാവങ്ങള്‍ക്ക് വീടു വച്ചുകൊടുക്കാനും പറയുന്നില്ല. പക്ഷെ, ഈ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ ലാഭത്തിന്‍റെ ചെറിയൊരു അശം മാറ്റിവച്ചാല്‍ എത്ര പാവങ്ങള്‍ക്ക് വീടുവച്ചു നല്‍കാം?
പക്ഷെ, അതിരൂപതേടെ മൊത്തത്തിലുള്ള ഒരു പോളിസി വച്ചു നോക്കിയാല്‍ ഈ ചോദ്യവും വിഢിത്തമാണ്. അതിരൂപതയ്ക്കു കീഴിലുള്ള ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ പ്രത്യേക വിഭാഗമുണ്ട്. പക്ഷെ, അവിടെ വിതരണം ചെയ്യാനുള്ള മരുന്നുകള്‍ വിശ്വാസികളില്‍നിന്ന് ശേഖരിക്കുകയാണ്. ഉപയോഗിച്ച് മിച്ചം വന്ന മരുന്നുകള്‍ ശേഖരിക്കാന്‍ എല്ലാ പള്ളികളിലും പാത്രങ്ങള്‍ വച്ചിരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്നതില്‍ കാലാവധി കഴിയാത്ത മരുന്നുകളാണ് പാവങ്ങള്‍ക്ക് നല്‍കുന്നതെന്ന് കരുതാം. ഇത് ആശുപത്രിയുടെ പ്രധാന ഫാര്‍മസിയിലേക്ക് പോകുന്നില്ലെന്നും. വിശ്വാസം അതല്ലേ എല്ലാം.
2 comments:
പിന്നാലെ മറ്റൊരു അറിയിപ്പുവന്നു- തിരുവനന്തപുരം ലൂര്‍ദ്ദ് പള്ളിയുടെ ഉടമസ്ഥതയില്‍ ടെക്നോ പാര്‍ക്കിന് സമീപമുള്ള നൂറേക്കര്‍ സ്ഥലത്ത് വില്ലകള്‍ നിര്‍മ്മിക്കുന്നു. പദ്ധതി പ്രദേശവും അനുബന്ധ സൗകര്യങ്ങളും ഏറെ മികച്ചത്. ജോലി ആവശ്യത്തിനും മറ്റും തിരുവനന്തപുരത്ത് താമസിക്കേണ്ടിവരുന്ന വിശ്വാസികള്‍ക്ക് വില്ല വാങ്ങാം. താല്‍പര്യമുള്ളവര്‍ ലൂര്‍ദ്ദ് പള്ളിയുമായി ബന്ധപ്പെടണം.
നമ്മുടെ അതിരൂപതയുടെ ഓരോ വികൃതികള്‍
Post a Comment