Saturday, July 3, 2010

പ്രകടനം നിരോധിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

ഈ ഭൂമിമലയാളത്തില്‍ ഒരു ദിവസം എത്ര പ്രകടനങ്ങളും പെരുവഴിപ്പൊതുയോഗങ്ങളും നടക്കുന്നുണ്ട്‌? കൃത്യമായി ഉത്തരം പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? കോട്ടയം കലക്‌ടറേറ്റിനു മുന്നില്‍ മാത്രം നടന്നിട്ടുള്ള ഇത്തരം കയ്യാങ്കളികളു കാണുമ്പോള്‍ എന്നാ കാര്യത്തിനാണെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌?

അമേരിക്കയുടെ ഇറാഖ്‌ നയത്തിനെതിരെപോലും നമ്മുടെ നാട്ടില്‍ പ്രകടനങ്ങള്‍ നടക്കുന്നു. സദാം ഹുസൈനെ തൂക്കിക്കൊന്നതിന്റെ പേരില്‍ കേരളം സ്‌തംഭിപ്പിച്ചു. എന്തിനധികം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിന്റെ പേരില്‍ രണ്ടു ഹര്‍ത്താലുകളാണ്‌ ഭരണമുന്നണി ഇപ്പോള്‍ കേരളത്തിന്‌ സമ്മാനിക്കുന്നത്‌. ഒരു ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് മറ്റൊന്നുകൂടി വേണ്ട എന്നാണ് ത്രിപുരയിലെ ഇടതു സര്‍ക്കാരിന്‍റെ തീരുമാനം. ജനത്തിന് പരമാവധി ദുരിതം സമ്മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇവിടുത്തെ ഇടതു സര്‍ക്കാര്‍. കേരളത്തില്‍നിന്ന്‌ ഇവര്‍ മസിലുപിടിക്കുന്നതു കണ്ട്‌ ഭയന്ന്‌ കേന്ദ്രം ഉറപ്പായും വില കുറക്കുമെന്ന്‌ പ്രതീക്ഷിക്കാം.

എന്തിനും ഏതിനും പൊതുനിരത്തില്‍ പ്രകടനം. അതിനിടയില്‍ പൊതുമുതലുകള്‍ക്കും സ്വകാര്യ മുതലുകള്‍ക്കും നേരെ ആക്രമണം. ഏതെങ്കിലും ഒരു പാവപ്പെട്ടവന്‍ പ്രകടനത്തിനിടയിലൂടെ മറുവശത്തേക്ക്‌ മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ ഇടി പാഴ്‌സല്‍...

ചുരുക്കിപ്പറഞ്ഞാല്‍ മാറിമാറി ഭരിക്കുന്നവരുടെയും ഭാവിയിലെ ഭരണം സ്വപ്‌നം കാണുന്നവരുടെയും ഇതിനൊന്നും സാധ്യതിയില്ലെങ്കിലും കരുത്തുകാട്ടാന്‍ ആഗ്രഹിക്കുന്നവരുടെയും സ്വാര്‍ത്ഥതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള റിയാലിറ്റി ഷോയാണ്‌ പൊതുനിരത്തിലെ പ്രകടനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടന്ന ഇത്തരം റിയാലിറ്റി ഷോകളില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ എത്രയെണ്ണമുണ്ടായിരുന്നു എന്ന്‌ പരിശോധിച്ചാലറിയാം കാര്യങ്ങടെ കെടപ്പുവശം.

പൊതുനിരത്തിലെ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിധിയെക്കുറിച്ചു കേട്ടപ്പോള്‍ എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്നറിയില്ലാരുന്നു. സാധാരണ ജനത്തിന്‌ അഞ്ചു പൈസേടെ പ്രയോജനം ഇല്ലെന്നു മാത്രമല്ല, ജനങ്ങളെ നരകിപ്പിക്കുന്ന പൊതുനിരത്തിലെ എല്ലാ കയ്യാങ്കളികളും നിരോധിക്കേണ്ടതുതന്നെയാണ്‌.

ഇത്‌ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റമാണെന്നാണ്‌ ചെലരു വാദിക്കുന്നത്‌. ജനങ്ങള്‍തന്നെ ജനങ്ങളെ ഭരിക്കുന്ന എടപാടാണ്‌ ജനാധിപത്യമെന്നാണ്‌ പണ്ട്‌ പള്ളിക്കൂടത്തില്‍ ഞാന്‍ പഠിച്ചിട്ടുള്ളത്‌. ഇവിടെ ഇപ്പോള്‍ എന്താണ്‌ നടക്കുന്നത്‌? ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ജനങ്ങളുടെ മേക്കിട്ടു കേറുവല്ലേ. മാത്രമല്ല, തെരുവു കയ്യടക്കി പ്രകടനവും പ്രതിഷേധവും യോഗവും ധര്‍ണയുമൊക്കെ നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഭരിക്കുന്നവരും അവരുടെ സില്‍ബന്ദികളുമാണ്‌.

ജഡ്‌ജിമാര്‍ വിമര്‍ശനങ്ങള്‍ക്ക്‌ അതീതരല്ല. അവര്‍ക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുമുണ്ട്‌. പക്ഷെ, നല്ലകാര്യം ചെയ്യുമ്പോള്‍ അത്‌ അംഗീകരിക്കുന്നതിനു പകരം ജഡ്‌ജിമാരെ തെറിവിളിക്കുന്നതാണ്‌ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം.

അങ്ങനെയെങ്കില്‍ ക്ഷേത്രോത്സവങ്ങളോടും പള്ളിപ്പെരുന്നാളുകളോടും അനുബന്ധിച്ച്‌ പൊതുനിരത്തില്‍ നടക്കുന്ന പ്രദക്ഷിണങ്ങളും എഴുന്നള്ളിപ്പുകളും കുരിശിന്റെ വഴിയും പൊങ്കാലയും നബിദിനറാലിയുമൊക്കെ നിരോധിക്കേണ്ടിവരില്ലേ എന്നാണ്‌ ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. ഇത്തരം പരിപാടികളൊക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്‌ നടക്കുന്നത്‌. ഒരു പരിധിവരെ അതതു മേഖലകളിലെ ആളുകള്‍ ഇത്തരം പരിപാടികളുമായി പൊരുത്തപ്പെട്ടിട്ടുമുണ്ട്‌. മാത്രമല്ല, ഇതൊക്കെ ജാതിമത ഭേദമെന്യേ കച്ചവടക്കാര്‍ക്കും മറ്റും പ്രയോജനം ചെയ്യുന്നുമുണ്ട്‌. സാധാരണ ജനജീവിതത്തിന്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു എന്നു കണ്ടാല്‍ സംഘാടകരുമായി ചര്‍ച്ച ചെയ്‌ത്‌ ഇത്തരം പരിപാടികള്‍ക്കും പടിപടിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ എന്താണ്‌ തെറ്റ്‌?

തിരുന്നാളുകളോടനുബന്ധിച്ച്‌ മത്സരപൂര്‍വം ആഘോഷങ്ങള്‍ നടത്തുന്നതിന്‌ കേരള കത്തോലിക്കാ മെത്രാന്‍ സമിതി അടുത്തയിടെ നിരോധനം ഏര്‍പ്പെടുത്തിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌. ഈ നിരോധനം നടപ്പില്‍ വരുത്തിയാല്‍ തന്നെ പള്ളികളുമായി ബന്ധപ്പെട്ട്‌ പൊതുസ്ഥലങ്ങളിലുണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയാനിടയാകും.

രാഷ്‌ട്രീയ സാറന്മാര്‍ മതങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കേണ്ടതില്ല. ഇവിടുത്തെ സാധാരണക്കാര്‍ക്ക്‌ ഒരു ദിവസത്തേക്കെങ്കിലും ഗുണകരമാകുന്നതെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കു. ഇഷ്‌ടമില്ലാത്തവരെയും തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെയും തെറികൊണ്ട്‌ അഭിഷേകം ചെയ്യാനായിരുന്നെങ്കില്‍ ഇവര്‍ക്കുപകരം വല്ല ക്വട്ടേഷന്‍ ടീമുകളെ നിയമസഭയിലേക്ക്‌ അയച്ചാല്‍ പോരായിരുന്നോ?