Thursday, June 24, 2010

പെരുന്തോട്ടം പിതാവേ...മധുരക്കള്ള് കൊഴപ്പവില്ല, അല്ലേ?

അച്ചമ്മാരെ തെറിവിളിക്കാന്‍ വേണ്ടി മാത്രമാണോ ഇവളെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് എന്ന് സത്യക്രിസ്ത്യാനികള്‍ക്കു തോന്നുവാരിക്കും. നേരവില്ലാത്തോണ്ടാ. അല്ലേല്‍ എന്നും വന്ന് ഓരോന്നൊക്കെ കുത്തിക്കുറിച്ചേച്ചു പോയേനേ. നമ്മളു വിചാരിച്ചാല്‍ അച്ചന്‍മാരെ അറിയാമ്മേലാഞ്ഞിട്ടല്ല. എന്നാലും ചെലപ്പം ചൊറിഞ്ഞു കേറും.
തലേക്കെട്ടിലെ ചോദ്യം നമ്മടെ ചങ്ങനാശേരി പിതാവ് ജോസഫ് പെരുന്തോട്ടത്തോടാണ്. അടുത്തയിടയ്ക്കും ഒരു ഞായറാഴ്ച്ച പിതാവിന്‍റെ മദ്യത്തിനെതിരായ ഇടയലേഖനം കേട്ട് എനിക്കു കലി കേറിയതാണ്. നാട്ടിലൊള്ള കള്ളുമൊതാലാളിമാരെ മുഴുവനും കയ്യീന്ന് പള്ളീം കുരിശടീമൊക്കെ പണിയാന്‍ കാശുമേടിക്കും. അവരെക്കോണ്ട് ജോറായി പെരുന്നാളും കഴിപ്പിക്കും. എന്നിട്ട് മദ്യം വിഷമാണ്. മദ്യവിപത്തിനെതിരെ അണിനിരക്കൂ എന്നൊക്കെ ഇടയലേഖനം വച്ചുകാച്ചും.
എന്തിനേറെ പറയുന്നു? ജനുവരി 31ന് മദ്യവിരുദ്ധ ഞായര്‍ ആചരണത്തോടനുബന്ധിച്ച് പെരുന്തോട്ടം പിതാവ് പുറത്തിറക്കിയ ഇടയലേഖനത്തെക്കുറിച്ച് കെ.സി.ബി.സി ജാഗ്രതാ സമിതീടെ ബ്ലോഗില്‍ വന്ന പോസ്റ്റ് ദേ താഴെ.
"
ജനുവരി 31 മദ്യവിരുദ്ധ ഞായര്‍; മദ്യം ഉപേക്ഷിക്കണമെന്ന്‌ സര്‍ക്കുലര്‍
ജനുവരി 31 മദ്യവിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കും. ആരോഗ്യവും സമ്പത്തും സമാധാനവും നശിപ്പിക്കുകയും രോഗങ്ങള്‍ക്ക്‌ അടിമപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ത്ത്‌ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്ന മഹാവിപത്തായ മദ്യത്തെ ഉപേക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സര്‍ക്കുലറില്‍ ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനും ധാര്‍മികതയ്ക്കും നിരക്കാത്തതും ബൈബിളും മതഗ്രന്ഥങ്ങളും നിഷിദ്ധമെന്നു പഠിപ്പിക്കുന്നതുമായ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യവിരുദ്ധ ഞായറോടനുബന്ധിച്ച്‌ പള്ളികളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്‌ ആര്‍ച്ച്ബിഷപ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ മദ്യവിമുക്ത സമൂഹമായി അതിരൂപതയെ നവീകരിക്കാന്‍ കഴിയണമെന്ന്‌ ആശിക്കുന്നു. മദ്യപാനശീലമുള്ളവര്‍ അതുപേക്ഷിച്ച്‌ ഈ പണം നല്ല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ആഘോഷ ചടങ്ങുകളില്‍നിന്നും മദ്യത്തെ അകറ്റിനിര്‍ത്തണം. മദ്യവിമുക്ത സമൂഹത്തിനായുള്ള ധര്‍മസമരത്തില്‍ എല്ലാവരും അണിചേരണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു."
പക്ഷെ, പിതാവ് പ്രിന്‍ററും പബ്ലിഷറുമായിട്ടുള്ള അതിരൂപതാ പ്രസിദ്ധീകരണമായ സത്യദര്‍ശനമാലയുടെ ജൂണ്‍ ലക്കം കണ്ടാല്‍ നമ്മള് 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന പാട്ടുപാടും. അതില്‍ പ്രഫ. തോമസ് കണയംപ്ലാവന്‍ എഴുതിയിരിക്കുന്ന 'മദ്യനിരോധനമോ മദ്യവര്‍ജനമോ വേണ്ടത് ' എന്ന ലേഖനം വായിച്ചാല്‍ മദ്യത്തിന്‍റെ കാര്യത്തില്‍ സീറോ മലബാര്‍ സഭേടെ, പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതേടെ നെലപാട് എന്നാന്ന് ന്യായമായും സംശയം തോന്നും. ശരിക്കും പറഞ്ഞാല്‍ ഈ സത്യദര്‍ശനമാലേന്നു പറയുന്ന സാധനം ഞാന്‍ വായിക്കാറില്ല. പക്ഷെ, വേറെ പണിയൊന്നുമില്ലാതിരുന്നപ്പം ഇതു വായിച്ച അപ്പന്‍ വട്ടു പിടിച്ചപോലെ പൊച്ചിരിച്ചപ്പഴാണ് സാറിന്‍റെ സാരോപദേശം വായിച്ചത്.
സന്പൂര്‍ണ മദ്യനിരോധനം വിജയകരമായി നടപ്പാക്കാനാവില്ലെന്നാണ് സാറു വിശദീകരിക്കുന്നത്. അതിന്‍റെ കാരണങ്ങള്‍ വായിച്ചപ്പോള്‍ ശരിക്കും പെരുന്തോട്ടം പിതാവിനെ ഓര്‍ത്തോത്ത് ഞാനും ചിരിച്ചുപോയി. കാരണം പിതാവു പറഞ്ഞതെല്ലാം ഈ പുത്രന്‍, അല്ല ഈ കുഞ്ഞാട് പൊളിച്ചടുക്കിയേക്കുവാണ് ഈ ലേഖനത്തില്‍. അത് ഇങ്ങനെ
''തങ്ങളുടെ ഉത്സവാവസരങ്ങളിലോ സന്തോഷാവസരങ്ങളിലോ അല്‍പ്പം വീഞ്ഞോ മദ്യമോ ഉപയോഗിക്കുന്നതു തെറ്റല്ലെന്ന് പഴയനിയമത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. പുതിയ നിയമത്തില്‍ കാനായിലെ കല്യാണവിരുന്നില്‍വെച്ച് ദൈവപുത്രന്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ സംഭവം നാം വായിക്കുന്നു. അഷ്ടാംഗഹൃദയത്തിന്‍റെ കര്‍ത്താവായ വാഗ്ഭടന്‍ ആരോഗ്യത്തിന് ഹാനികരമാകാത്ത മദ്യത്തിന്‍റെ ഉപയോഗത്തെപ്പറ്റി പറയുന്നു.സോമപാനത്തെയും സുരപാനത്തെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ വേദങ്ങളില്‍ കാണാം''
അവിടംകൊണ്ട് തീര്‍ന്നില്ല സാറിന്‍റെ വെളിപ്പെടുത്തല്‍
''മഹാവിശുദ്ധനും പഞ്ചക്ഷതധാരിയുമായിരുന്ന പാദ്രേപിയോയ്ക്ക് ആശ്രമത്തില്‍നിന്ന് ബിയര്‍ കൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം അത് ഉപയോഗിച്ചിരുന്നുവോ എന്ന കാര്യം വ്യക്തമല്ല. പുണ്യചരിതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്രോക്കോയിലെ മെത്രാപ്പോലീത്തയായിരിക്കുന്പോള്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിന് അവര്‍ക്ക് വീഞ്ഞുസമ്മാനിക്കാറുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടെക്കുന്പോള്‍ നിയന്ത്രിതമായ തോതില്‍ വല്ലപ്പോഴും അല്‍പ്പം വീഞ്ഞോ ബിയറോ മധുരക്കള്ളോ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. എത്രയായാലും ആല്‍ക്കഹോള്‍ കണ്ടന്‍റ് കൂടുതലുള്ള വിസ്കി, ബ്രാണ്ടി, തുടങ്ങിയ രൂഷമായ മദ്യങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പറ്റിയതല്ല.
മദ്യവിപത്തില്‍നിന്ന് സമൂഹത്തെ വ്യക്തികളെ രക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം. അതിനെന്താണ് മാര്‍ഗം? സന്പൂര്‍ണ മദ്യനിരോധനമാണോ? ഇത് എവിടെയെല്ലാം പരീക്ഷിച്ചോ അവിടെയെല്ലാം(ഉദാഹരണത്തിന് യൂറോപ്പിലും തമിഴ്നാട്ടിലും) പരാജയപ്പെടുകയാണുണ്ടായത്. വ്യാജവാറ്റും വിഷമദ്യവും വര്‍ധിക്കാനും ഇത് കാരണമായിത്തിരും. ഇക്കാരണത്താല്‍ മദ്യപാനത്തെപ്പറ്റിയുള്ള സമഗ്രബോധവത്കരണണത്തിലൂടെ മദ്യവര്‍ജ്ജനത്തിന് ജനങ്ങളെ തയ്യാറാക്കുകയാണ് കൂടുതല്‍ പ്രായോഗികവും സ്വീകാര്യവും''
സര്‍ക്കാര്‍ സന്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയാല്‍ ദിവ്യബലിയര്‍പ്പണത്തിനുള്ള വീഞ്ഞിന്‍റെ ലഭ്യതതന്നെ പ്രയാസകരമായിത്തീരാമെന്നും സാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ഇതൊന്നും അറിയാതെയാണോ പെരുന്തോട്ടം മെത്രാന്‍ ഇടയലേഖനങ്ങള്‍ പടച്ചുവിടുന്നത് എന്നാണ് അപ്പന്‍റെ ചോദ്യം. പക്ഷെ, എനിക്ക് രണ്ടു ചോദ്യങ്ങളുണ്ട്.

1.സത്യദര്‍ശനമാല അച്ചടിച്ചത് കേരള കൗമുദിയുടെ പ്രസിലാണോ?
2. പിതാവേ.. മധുരക്കള്ള് കൊഴപ്പവില്ല അല്ലേ?