Wednesday, September 24, 2008

ഇവരുടെ തലയില്‍ ഇടിത്തീ വീണെങ്കില്‍!


ഇന്നത്തെ ദീപികേല്‍ കണ്ട ഒരു വാര്‍ത്തയാണ്. ഇതില്‍ പറഞ്ഞേക്കുന്നതെല്ലാം ശരിയാണെങ്കില്‍ ഈ എസ്.എഫ്.ഐക്കാരെ എന്താ ചെയ്യേണ്ടത്?


അന്‍ഷാദ് ഏതു പാര്‍ട്ടിക്കാരനും ഏതു മതത്തില്‍പെട്ടയാളുമായിക്കൊള്ളട്ടെ. അയാള്‍ എത്ര വലിയ കടുംകൈ ചെയ്തവനുമായിക്കൊള്ളട്ടെ. ഇങ്ങനെയാണോ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത്?


ഇടിത്തീ എന്നൊന്നുണ്ടെങ്കില്‍ അത് വേറെ ആരുടെ തലയിലാണ് വീഴേണ്ടത്?

വാര്‍ത്തേടെ ലിങ്ക് ഇവിടെ

Friday, September 12, 2008

കെ.പി. മോഹനന്‍ വെറുപ്പിക്കല്‍ രാജാവ്

മാന്യമഹാജനങ്ങളേ...
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഞാന്‍ ഇവിടെ ഒരു എടപാട് നടത്തുന്നൊണ്ടാരുന്നു.

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ ഏറ്റവുമധികം പരീക്ഷിക്കുന്ന അവതാരകരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേ.

അടിച്ചു പൂസായി ജീപ്പോടിച്ച ഒരു അച്ചായന്‍റെ കാരുണ്യമാണ് എന്നെ ഈ സര്‍വേയില്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് നേരത്തെ പറഞ്ഞല്ലോ. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നല്ലേ പറയാറ്. വീട്ടിലെപ്പോലെതന്നെ ബ്ലോഗിലുമായി കൊറേപ്പേര് കാണാന്‍ വന്നു എന്നതാണ് അപകടംകൊണ്ടുണ്ടായ നല്ലത്.

ചെറിയൊരു പട്ടികയുമായാണ് സര്‍വേ തൊടങ്ങിയത്. പിന്നെ ഇതിലേ വന്നവര്‍ നിര്‍ദേശിച്ചവരെയും പട്ടികേല്‍ ഉള്‍പ്പെടുത്തി. അങ്ങനെ മത്സരാര്‍ത്ഥികളുടെ എണ്ണം 14 ആയി. ഇന്ന്, അതായത് സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ സമയം രാത്രി 12ന് സര്‍വേ അവസാനിപ്പിച്ചു.

അനോനികള്‍ ഉള്‍പ്പെടെ 67 പേരാണ് കമന്‍റിട്ടത്. അതില്‍ വോട്ടു ചെയ്യാത്ത ചിലരുമുണ്ട്. അനോനികളുടെ വോട്ടുകള്‍ എണ്ണീട്ടില്ല. പിന്നെ ചിലര്‍ ഒരേ വ്യക്തിക്ക് രണ്ടും ഒരുകെട്ടും നൂറും ആയിരവുമൊക്കെ വോട്ടു ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ ഒരു വോട്ടായി മാത്രമേ എണ്ണീട്ടൊള്ളു. മൂന്നില്‍ താഴെ വോട്ടുകള്‍ മാത്രം കിട്ടിയവരെ ഒഴിവാക്കിയപ്പം അവസാന പട്ടികേല് ഒന്പതു പേര് അവശേഷിച്ചു.

പോസ്റ്റ് സന്ദര്‍ശിക്കുകേം അഭിപ്രായം കുറിക്കുകേം വോട്ടുചെയ്യുകേം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകേം ചെയ്ത എല്ലാവര്‍ക്കും നന്ദി.

അപ്പം ഇനി ഫലപ്രഖ്യാപനം.

സര്‍വേയുടെ തുടക്കം മുതല്‍ മുന്നിട്ടു നിന്നിരുന്നത് ഏഷ്യാനെറ്റിലെ കണ്‍വെട്ടം അവതാരകന്‍. കെ.പി. മോഹനനാണ്. ഏഷ്യാനെറ്റിലേതന്നെ ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരകയായ രഞ്ജിനി ഹരിദാസ് ഒരുവേളെ അദ്ദേഹത്തിന് വെല്ലുവിളിക്ക് സാധ്യത ഉയര്‍ത്തിയെങ്കിലും മോഹനന്‍ വള്ളപ്പാടുകളുടെ വ്യത്യാസത്തില്‍ ഫിനിഷിംഗ് ലൈന്‍ കടന്നു.


33 പേരുടെ പിന്തുണ നേടിയ കെ.പി. മോഹനന്‍തന്നെയാണ് ഈ സര്‍വേയില്‍ വെറുപ്പിക്കല്‍ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.


കെ.പി.മോഹനന്‍

(കടപ്പാട്-ഏഷ്യാനെറ്റ് ഗ്ലോബല്‍ ഡോട്കോം)

റിയാലിറ്റി ഷോകളിലേതു പോലെ കനപ്പെട്ട സമ്മാനങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. പക്ഷെ, ഈ സര്‍വേയുടെ വിവരങ്ങള്‍ പരമാവധി ആളുകളെ അറിയിച്ച് അദ്ദേഹത്തിന്‍റെ പ്രശസ്തിക്ക് മാറ്റുകൂട്ടാന്‍ ശ്രമിക്കുന്നതായിരിക്കും. അതിന് എല്ലാവരുടെയും സഹകരണം അപേക്ഷിക്കുന്നു.

19 പേരുടെ പിന്തുണയുമായി മുന്‍ മിസ് കേരള രഞ്ജിനി ഹരിദാസ് ഇവിടെ ഫസ്റ്റ് റണ്ണറപ്പായി. അമൃതാ ടെലവിഷനിലെ നാടകമേ ഉലകം എന്ന പരിപാടി അവതരിപ്പിക്കുന്ന സന്തോഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് ഏഴു വോട്ടു ലഭിച്ചു.

വോട്ടിംഗ് നില

1. കെ.പി. മോഹനന്‍

(കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌) -33

2. രഞ്‌ജിനി ഹരിദാസ്‌

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -19

3. സന്തോഷ്‌ കുമാര്‍

(നാടകമേ ഉലകം, അമൃത ടീവി) -7

4. ശരത്‌

( സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌,എല്ലാരും പാടണ്‌, കൈരളി) -6

5. സന്തോഷ് പാലി(കൈരളി) -6

6. കെ.എസ്. പ്രസാദ്

(കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) -5

7. ശരത്

( ന്യൂസ് റീഡര്‍ കൈരളി) -3

8. എം.ജി. ശ്രീകുമാര്‍

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -3

9. സിന്ധു സൂര്യകുമാര്‍

(കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) -3

Thursday, September 11, 2008

അഭിപ്രായ സര്‍വേക്ക് കൊട്ടിക്കലാശം

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരെ വട്ടാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേക്ക് തിരുവോണ ദിവസമായ നാളെ കൊട്ടിക്കലാശം.

ഈ മാസം നാലിന് സര്‍വേ തുടങ്ങിയപ്പം മുതല്‍ വ്യക്തമായ ലീഡോടെ മുന്നിട്ടു നിന്നിരുന്ന ഏഷ്യാനെറ്റിലെ കണ്‍വെട്ടം അവതാരകന്‍ കെ.പി. മോഹവന്‍തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 32 വോട്ടു നേടിയ മോഹനനു പിന്നില്‍ 19 വോട്ടുമായി ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്ന രഞ്ജിനി ഹരിദാസാണ്. സന്തോഷ് കുമാര്‍(നാടമേ ഉലകം, അമൃതാ ടീവി)-7, ശരത്(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്),സന്തോഷ് പാലി(കൈരളി)-6
എന്നിവരാണ് മൂന്നാം സ്ഥാനത്ത്.

ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് ഓണനാളില്‍ ഒരു വോട്ടു ചെയ്യണമെന്നുണ്ടെങ്കല്‍ ദേ ഇതിലേ വന്നുപോകാം
അനോനികളുടെ വോട്ടുകള്‍ എണ്ണിയിട്ടില്ല. ഇനിയും എണ്ണുന്നതല്ല.

Saturday, September 6, 2008

കെ.പി. മോഹനനും രഞ്ജിനി ഹരിദാസും തമ്മില്‍ അങ്കം മുറുകുന്നു

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്താനുള്ള
വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഏഷ്യൈനെറ്റ് ന്യൂസിലെ കണ്‍വെട്ടത്തിന്‍റെ അവതരാകന്‍ കെ.പി. മോഹനും സ്റ്റാര്‍ സിംഗര്‍ അവതാരക രഞ്ജിനി ഹരിദാസും തമ്മിലുള്ള മത്സരം മുറുകി.

ആദ്യ ഘട്ട വോട്ടെടുപ്പില്‍ മോഹനന്‍ വള്ളപ്പാടുകള്‍ക്ക് മുന്നിലായിരുന്നെങ്കില്‍ ഇന്ന് കൂടുതല്‍ വോട്ടു നേടി രഞ്ജിനി ശക്തമായ മുന്നേറ്റം നടത്തി. എങ്കിലും ഇപ്പോഴും മോഹനന്‍ തന്നെയാണ് മുന്നില്‍ .

ആദ്യം ആറു പേര്‍ മാത്രമാണ് പട്ടികയില്‍ ഉണ്ടായിരുന്നതെങ്കിലും വായനക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ വെറുപ്പിക്കലിന്‍റെ ആശാന്‍മാരായി മാറാന്‍ മത്സരിക്കുന്നവരുടെ എണ്ണം 13 ആയി.

എം.ജി. ശ്രീകുമാര്‍(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ് ന്യൂസ്), സിന്ധു സൂര്യകുമാര്‍(കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) ശ്രീകണ്ഠന്‍ നായര്‍(നമ്മള്‍തമ്മില്‍, ഏഷ്യാനെറ്റ്)ശരത്( ന്യൂസ് റീഡര്‍ കൈരളി), കെ.എസ്. പ്രസാദ്(കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) എന്നിവരാണ് ഏറ്റവുമൊടുവില്‍ പട്ടികയില്‍ ഇടം നേടിയത്.

ദേ ഇതിലേക്കൂടി ഒന്നു കേറിയാ വോട്ട് ചെയ്തേച്ചു പോകാം.

Friday, September 5, 2008

വെറുപ്പിക്കല്‍ രാജാവ്-കെ.പി. മോഹനന്‍ മുന്നില്‍

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേയുടെ ആദ്യ റൗണ്ടില്‍ ഏഷ്യാനെറ്റില്‍ കണ്‍വെട്ടം അവതരിപ്പിക്കുന്ന കെ.പി. മോഹനന്‍ വള്ളപ്പാടിന് മുന്നില്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരക ര‍ഞ്ജിനി ഹരിദാസാണ് രണ്ടാമത്.
ദേ ഇതിലേക്കൂടി ഒന്നു കേറിയാ വോട്ട് ചെയ്യാം.

Thursday, September 4, 2008

ചാനലുകളിലെ വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി- റിയാലിറ്റി സര്‍വേ

ഇതിലേ ഒന്നു കേറീട്ട്‌ കൊറേക്കാലമായി. വരാമ്പറ്റുന്ന അവസ്ഥേലല്ലാരുന്നു. ചെറിയൊരു ആക്‌സിഡന്‍റ്, എന്നുവെച്ചാല്‍ കെട്ടിയോന്‍റെ കൂടെ പച്ചക്കറി വാങ്ങാന്‍ കാറിക്കേറിപ്പോയ ഞാന്‍ ഒരാഴ്‌ച്ച കഴിഞ്ഞ്‌ സ്‌ട്രെക്‌ചറീക്കെടെന്നാ തിരിച്ചെത്തിയെ.

കടേടെ മുന്നില്‌ കാര്‍ നിര്‍ത്തിയപ്പം ഡോര്‍ തുറന്ന് ‌പുറത്തിറങ്ങി നിന്നതും പിന്നീന്ന്‌ പാഞ്ഞുവന്ന ജീപ്പിടിച്ച്‌ വീണതും ഒന്നിച്ച്‌. ജീവന്‍ മിച്ചം കിട്ടിയെങ്കിലും ശരീരം പരിക്കുകളാല്‍ സമ്പന്നം. ഒരു കാല്‌ ഒടിഞ്ഞു. ജീപ്പോടിച്ചിരുന്ന അച്ചായന്‍ അല്‍പ്പം വീശീരുന്നു. പാവത്തിന്‌ ബ്രേക്കും ആക്‌സിലേറ്ററും മാറിയപ്പോയതാ.

ഏതായാലും ഒരാഴ്‌ച്ച ആശൂത്രിലും പിന്നെ കൊറെ ആഴ്‌ച്ചകള്‍ വീട്ടിലും നീണ്ടു നിവര്‍ന്ന്‌ അങ്ങനെ കെടന്നു. അതിനെടേല്‌ എങ്ങനെ ബ്ലോഗും?. ആകെ ശരണം ടീവീം ആനുകാലികങ്ങളും കൊറെ പുസ്‌തകങ്ങളും.

ഒള്ളതു പറഞ്ഞാ മലയാളം ടെലിവിഷന്‍ ചാനലുകളുടെ തനിനിറം ശെരിക്കും മനസിലാക്കിയത്‌ ഈ കാലയളവിലാണ്‌. ദിവസത്തില്‍ പകുതീമുക്കാല്‍ സമയോം ടീവിക്കു മുന്നില്‍ കുത്തിയിരിക്കുന്നോരെ സമ്മതിക്കാതെ വയ്യ.

ഒരുവശത്ത്‌ റിയാലിറ്റി ഷോകളുടെ ബഹളം. മറുഭാഗത്ത്‌ ജനപ്രിയമെന്ന്‌ ചാനലുകാര്‍തന്നെ വീമ്പിളക്കുന്ന പരമ്പരകളുടെ കയ്യാങ്കളി. തോമാശ്ലീഹായും അന്തോണീസു പുണ്യാളനും വേളാങ്കണ്ണി മാതാവും അല്‍ഫോന്‍സാമ്മേം കുട്ടിച്ചാത്തനും ശ്രീകൃഷ്‌ണനും ഗുരുവായൂരപ്പനും ഗുരുവായൂര്‍ കേശവനുമൊക്കെ ഈ സീരിയലുകളില്ലാരുന്നേല്‍ ചുറ്റിപ്പോയേനെ. ഭൂരിഭാഗം ചാനലുകളിലും സൂപ്പര്‍ ഹിറ്റെന്നു പറഞ്ഞ്‌ കാണിക്കുന്ന സിനിമകള്‍ എത്രാം തവണയാണ്‌ ആവര്‍ത്തിക്കുന്നതെന്ന്‌ അവര്‍ക്കുപോലും അറിയില്ല.

വാര്‍ത്തകളുടെ കാര്യം പറയാതിരിക്കുകയാ ഭേദം. പല വാര്‍ത്ത വായനക്കാരേം സി.ബി.ഐയില്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവര്‌ എപ്പ വിളിച്ചാലും ചോദ്യത്തിന്‌ മറുപടി പറായനിരിക്കുന്ന കൊറെ നിലയ വിദ്വാന്‍മാരുമൊണ്ട്‌. ഇതിനൊക്കെപ്പൊറമെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു ലോഡ്‌ പരിപാടികള്‍ വേറെയും.

ഇതൊക്കെ കണ്ടപ്പം എനിക്കൊരു പൂതി. ഒരു റിയാലിറ്റി സര്‍വേ നടത്തിയാലോന്ന്‌. എന്നുവെച്ചാല്‍ മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താന്‍ ഒരു അഭിപ്രായ സര്‍വെ.

ആരുടേം സംഗതി നോക്കുന്നില്ല. എസ്‌.എം.എസ്‌ വോട്ടിംഗും ഇല്ല. കോടിക്കണക്കിനു രൂപേടെ സമ്മാനോം കൊടുക്കാനില്ല. എന്നാലും മൊത്തത്തിലുള്ള അഭിപ്രായം വെച്ചിട്ട്‌ പ്രേക്ഷകരെ ഏറ്റവുമധികം വെറുപ്പിക്കുന്നത്‌ ആരാന്ന്‌ അറിയാവല്ലോ. ഹും! ജീപ്പിന്‍റടീപ്പോയിട്ടും പഠിച്ചില്ല; ഇവളെയൊക്കെ ലോറിയാരുന്നു ഇടിക്കേണ്ടത്‌ എന്നൊന്നും പ്രാകിയേക്കല്ലേ.

ഇത്രേം ദിവസം ടീവി കണ്ടതില്‍നിന്നും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവരെന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ള ഏതാനും പേരുടെ പട്ടികയാണ്‌ ഇവിടെ ചേര്‍ക്കുന്നത്‌. പലര്‍ക്കും അഭിപ്രായ വ്യത്യാസമൊണ്ടാകും. എന്‍റെ കണ്ണിപ്പെടാത്തോര്‌ ഉള്‍പ്പെടെ വേറെ ചെലരെക്കൂടി പട്ടികയില്‍ ചേര്‍ക്കണമെന്നു പറയുന്നോരുമുണ്ടുകും. അങ്ങനെയുണ്ടെങ്കില്‍ അത്‌ കമന്‍റില്‍ ഇട്ടാല്‍ അവര്‍ക്കും പ്രമോഷന്‍ കൊടുക്കാം.

ഓരോ കമന്‍റും ഒരു വോട്ടായി പരിഗണിക്കും. ഏറ്റവുമധികം വോട്ടു നേടുന്നയാളെ വെറുപ്പിക്കല്‍ രാജാവ് അഥവാ രാജ്ഞിയായി തെരഞ്ഞെടുക്കും. ഒരു വോട്ടര്‍ക്ക് ഈ പട്ടികയിലുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടു ചെയ്യാം. പക്ഷെ ഒരാള്‍ക്കു വേണ്ടി ഒരു വോട്ടു മാത്രം.


വെറുപ്പിക്കല്‍ രാജാവ്/ രാജ്ഞി
(പേര്‌, പരിപാടി,ചാനല്‍, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍)

1. കെ.പി. മോഹനന്‍
(കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌) -33

2. രഞ്‌ജിനി ഹരിദാസ്‌

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -19

3. സന്തോഷ്‌ കുമാര്‍ (നാടകമേ ഉലകം, അമൃത ടീവി) -7


4. ശരത്‌ ( സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌,
എല്ലാരും പാടണ്‌, കൈരളി) -6

5. സന്തോഷ് പാലി(കൈരളി) -6

6. കെ.എസ്. പ്രസാദ് (കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) -5

7. ശരത്( ന്യൂസ് റീഡര്‍ കൈരളി) -3

8. എം.ജി. ശ്രീകുമാര്‍
(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -3

9. സിന്ധു സൂര്യകുമാര്‍ (കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) -3

10. ഉഷ ഉതുപ്പ്‌ (സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -2


11. ഭാസുരേന്ദ്രബാബു
( വാര്‍ത്താവിചാരം, കൈരളി പീപ്പിള്‍) -2

12. ശ്രീകണ്ഠന്‍ നായര്‍
(നമ്മള്‍ തമ്മില്‍, ഏഷ്യാനെറ്റ്) -2
13. ഔസേപ്പച്ചന്‍ -2

14. രാജേഷ് (സ്റ്റാര്‍ ഉത്സവ്, ഏഷ്യാനെറ്റ് പ്ലസ്) -1




(സെപ്റ്റംബര്‍ 12ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള വോട്ടിംഗ് നില)
..........................................