Saturday, June 30, 2007

റിമി ടോമിക്ക് ശബ്ദം നഷ്ടപ്പെട്ടു?

മലയാളികളുടെ പ്രത്യേകിച്ച് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ഗായികയും അവതാരകയുമായ റിമി ടോമിക്ക് എന്തുപറ്റി?
ഏതാനും നാളുകളായി ഈ പെണ്‍കുട്ടിയെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല. ടെലിവിഷന്‍ ചാനലുകളില്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത ചില പരിപാടികളിലൊഴികെ റിമിയുടെ സാന്നിധ്യം ഇപ്പോഴില്ല. സ്റ്റേജ് പരിപാടികളിലും ഈ പാലാക്കാരിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നു.

മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലുടെ മലയാളികളുടെ മനം കവരുകയും തുടര്‍ന്നങ്ങോട്ട് സിനിമയിലും ടെലിവിഷനിലും സ്റ്റേജ് പരിപാടികളിലും സജീവമാവുകയും ചെയ്ത റിമിക്ക് ഇന്ത്യയിലും പുറത്തും പതിനായിരക്കണക്കിന് ആരാധകരാണുള്ളത്. ടെലിവിഷനിലായാലും സ്റ്റേജിലായാലും ആസ്വാദകരെ കയ്യിലെടുക്കുന്ന മാനറിസങ്ങളുമായി കേരളത്തിന്‍റെ ഉഷാ ഉതുപ്പ് എന്ന അപരനാമം സ്വന്തമാക്കിയ ഈ പെണ്‍കുട്ടിക്ക് എന്തുപറ്റി?.

ദിലീപ്, നാദിര്‍ഷാ തുടങ്ങിയവര്‍ക്കൊപ്പം ദേ മാവേലി കൊന്പത്ത് എന്ന ഓണക്കാല മിമിക്രി കസറ്റിനുവേണ്ടി പാട്ടു പാടിയിരുന്ന കാലം മുതല്‍ റിമിയെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഗായികയും അവതാരകയുമെന്ന നിലയില്‍ വളരെ പെട്ടെന്നുള്ള അത്ഭുതപ്പെടുത്താതിരുന്നില്ല.മിമിക്രിക്കാരില്‍നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും കോട്ടയം ശൈലിയിലുള്ള സംഭാഷണ ശൈലിക്ക് സമീപകാലത്ത് ഏറ്റവുമധികം പ്രചാരം നല്‍കിയതിന് റിമിയോട് എനിക്കു ബഹുമാനം തോന്നി.

ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ റിമി അഭിനയിക്കാന്‍ പോകുന്നു എന്നുവരെ കേട്ടിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. റിമിയുടെ അസാന്നിധ്യത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും കേട്ടു. ഈയുള്ളവള്‍ സ്വന്തം നിലയില്‍ ചില അന്വേഷണങ്ങള്‍ നടത്തി.

അമിത ആയാസം മൂലം റിമിയുടെ ശബ്ദത്തിന് തകരാര്‍ സംഭവിച്ചിരിക്കുന്നു(മുന്‍പ് മിന്‍മിനിക്ക് സംഭവിച്ചതുപോലെ)എന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്രമത്തിലാണെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. പക്ഷെ ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൊന്നും വാര്‍ത്ത കണ്ടില്ല. വിവരം അറിഞ്ഞിട്ടും റിമിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ അവര്‍ വാര്‍ത്തയാക്കാത്തതാവാം.

ഇതൊക്കെ ശരിയെങ്കില്‍ ശബ്ദം വീണ്ടെടുത്ത് വീണ്ടും സജീവമാകാന്‍ റിമിക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

ഒടുവില്‍ ഇതാ ഞാനും

ബ്ലോഗിംഗിനെക്കുറിച്ച്, ബൂലോകത്തെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. ഒത്തിരി ബ്ലോഗുകള്‍
വായിക്കുകയും ചെയ്തു. ഒടുവില്‍ ഇവളും തീരുമാനിച്ചു ഒന്ന് അങ്ങട് തുടങ്ങാമെന്ന്.

എന്തു ബ്ലോഗണം, എങ്ങനെ ബ്ലോഗണം, എപ്പോള്‍ ബ്ലോഗണം എന്നൊന്നും അറിയില്ല.
എങ്കിലും നാടോടുന്പോള്‍ നടുവിലൂടെയല്ലെങ്കിലും ഒരു കോണില്‍കൂടിയെങ്കിലും ഓടേണ്ടേ?
അങ്ങനെ ഞാന്‍ എന്‍റെ ഓട്ടം ഇന്ന് തുടങ്ങുകയാണ്. നടുവില്‍ ഓടുന്നവര്‍ ഈ കോണിലേക്കുംകൂടി
ഒന്നു നോക്കിയേക്കണേ...

സ്നേഹപൂര്‍വം
അന്ന